കള്ളപ്പണവും ബാങ്കിലെത്തും: അസാധുവാക്കിയ മുഴുവന്‍ നോട്ടുകളും തിരിച്ചെത്താന്‍ സാധ്യത- റവന്യൂ സെക്രട്ടറി

കള്ളപ്പണവും ബാങ്കിലെത്തും:  അസാധുവാക്കിയ മുഴുവന്‍ നോട്ടുകളും തിരിച്ചെത്താന്‍ സാധ്യത- റവന്യൂ സെക്രട്ടറി

 

ന്യൂഡെല്‍ഹി: നവംബര്‍ എട്ടിലെ പ്രഖ്യാപനത്തിലൂടെ പ്രധാനമന്ത്രി അസാധുവാക്കിയ മുഴുവന്‍ നോട്ടുകളും തിരികെ ബാങ്കിലെത്തുമെന്ന് കരുതുന്നതായി കേന്ദ്ര റവന്യൂ സെക്രട്ടറി ഹഷ്മുഖ് അധിയ. 500 രൂപ, 1000 രൂപ നോട്ടുകള്‍ അസാധുവാക്കുന്നതിലൂടെ നോട്ടുകളായി സൂക്ഷിച്ച മൂന്ന് ലക്ഷം കോടിയിലധികം കള്ളപ്പണം ബാങ്കുകളില്‍ മാറ്റിയെടുക്കാനാവാത്ത അവസ്ഥ വരുമെന്നും അത് നശിപ്പിക്കപ്പെടുമെന്നുമുള്ള സര്‍ക്കാര്‍ വാദം പരാജയപ്പെടുന്നുവെന്ന സൂചനയാണ് റവന്യു സെക്രട്ടറിയുടെ വാക്കുകള്‍ നല്‍കുന്നത്.

ഇക്കഴിഞ്ഞ മാര്‍ച്ച് 31 വരെ 14,17,000 കോടി രൂപയുടെ നോട്ടുകളാണ് അസാധുവാക്കപ്പെട്ട വിഭാഗത്തില്‍ റിസര്‍വ് ബാങ്ക് വിതരണം ചെയ്തിട്ടുളളത്. നോട്ട് അസാധുവാക്കിയതിനു ശേഷം നവംബറില്‍ തന്നെ 10 ലക്ഷം കോടി രൂപയിലധികം ബാങ്കുകളില്‍ തിരിച്ചെത്തിയതായാണ് റിപ്പോര്‍ട്ട്. ഇനിയും നോട്ടുകള്‍ മാറ്റിയെടുക്കുന്നതിന് മൂന്നാഴ്ചയോളം ഉണ്ടെന്നിരിക്കെ ബാക്കി നോട്ടുകള്‍ കൂടി തിരിച്ചെത്തുമെന്ന സാധ്യതയാണ് ഹഷ്മുഖ് അധിയ പങ്കുവെയ്ക്കുന്നത്.

അധിയയുടെ വാദം പുറത്തുവന്നതോടെ പാര്‍ലമെന്റില്‍ സര്‍ക്കാരിനെതിരായ പ്രതിഷേധം പ്രതിപക്ഷം ശക്തമാക്കി. കെട്ടുകളിലായി സൂക്ഷിച്ചിരിക്കുന്നു എന്ന് സര്‍ക്കാര്‍ ആരോപിച്ച കള്ളപ്പണം എവിടെപ്പോയെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷം ചോദിച്ചു. എല്ലാ നോട്ടുകളും തിരികെ ബാങ്കിലെത്തുമെങ്കില്‍ കള്ളപ്പണത്തിന്റെ പേര് പറഞ്ഞ് ജനങ്ങളെ ദ്രോഹിച്ചതെന്തിനാണെന്ന് പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ചോദിച്ചു.

എന്നാല്‍ ബാങ്കില്‍ പണം നിക്ഷേപിച്ചതുകൊണ്ടു മാത്രം അത് വെളുപ്പിച്ചെന്ന് അര്‍ത്ഥമില്ലെന്നും, പരിധിയില്‍ കൂടുതല്‍ തുക നിക്ഷേപിച്ചവരെ കണ്ടെത്തി അന്വേഷണത്തിനു ശേഷം നികുതി ചുമത്തുമ്പോള്‍ മാത്രമെ പണം വെളുപ്പിച്ചെന്ന് പറയാന്‍ സാധിക്കൂവെന്നുമാണ് അധിയ വിശദീകരിച്ചു. കള്ളപ്പണക്കാരെ വെറുതെ വിടില്ലെന്നും 50,000 രൂപാ വീതം 500 പേരുടെ എക്കൗണ്ടുകളിലായി നിക്ഷേപിച്ച് രക്ഷപെടാന്‍ ശ്രമിച്ചവരെ പിടികൂടുമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തേ ബാങ്ക് ഉദ്യോഗസ്ഥരുടെ കൂടി സഹായത്തോടെ പലയിടങ്ങളിലും അനധികൃതമായി പഴയ നോട്ടുകള്‍ മാറ്റി നല്‍കുന്നതായുള്ള റിപ്പോര്‍ട്ടുകളും വന്നിരുന്നു.

Comments

comments

Categories: Slider, Top Stories