സിഇഒ: ഒരു വര്‍ഷത്തിനിടെ രണ്ടാം തെരഞ്ഞെടുപ്പിനൊരുങ്ങി കെപിഎംജി ഇന്ത്യ

സിഇഒ:  ഒരു വര്‍ഷത്തിനിടെ രണ്ടാം തെരഞ്ഞെടുപ്പിനൊരുങ്ങി കെപിഎംജി ഇന്ത്യ

 

മുംബൈ: പ്രൊഫഷണല്‍ സര്‍വീസ് കമ്പനിയായ കെപിഎംജി ഒരു വര്‍ഷത്തിനിടെ അതിന്റെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറെ കണ്ടെത്തുന്നതിനായുള്ള രണ്ടാം തെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കുന്നു. സിഇഒ ആയിരുന്ന റിച്ചാര്‍ഡ് രേഖി പുറത്തുപോയ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡെപ്യൂട്ടി സിഇഒ ആന്‍ഡ് ആക്റ്റിംഗ് ഇന്‍ ചാര്‍ജ് അഖില്‍ ബന്‍സാല്‍, ടാക്‌സ് പ്രാക്റ്റീസ് വിഭാഗം മേധാവി ഗിരീഷ് വന്‍വരി, ഓഡിറ്റ് സര്‍വീസ് വിദഗ്ധന്‍ ജമീല്‍ ഖത്രി എന്നീ മൂന്ന് സീനിയര്‍ പാര്‍ട്ണര്‍മാരാണ് പുതിയ സിഇഒ സ്ഥാനത്തേക്ക് മത്സരരംഗത്തുള്ളത്.

ഈ വര്‍ഷം ജനുവരിയിലാണ് നാല് വര്‍ഷത്തേക്ക് സിഇഒ ആയി രേഖിയെ എതിരില്ലാതെ വീണ്ടും തെരഞ്ഞെടുത്തത്. എന്നാല്‍ കെപിഎംജിയില്‍നിന്ന് കൂട്ടത്തോടെയുള്ള കൊഴിഞ്ഞുപോക്കും പാര്‍ട്ണര്‍മാര്‍ എതിരാകാന്‍ ആരംഭിച്ചതും കമ്പനിയുടെ നേതൃത്വത്തില്‍നിന്നുള്ള റിച്ചാര്‍ഡ് രേഖിയുടെ പുറത്താകലിന് വഴിവെച്ചു. രേഖി താന്‍ വിരമിക്കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു.

സിഇഒ സ്ഥാനത്തേക്ക് ഇപ്പോള്‍ മത്സരിക്കുന്ന മൂന്ന് പേരും മികച്ച പശ്ചാത്തലമുള്ളവരാണ്. രേഖിയുടെയും അദ്ദേഹത്തിന്റെ മുന്‍ഗാമി റസ്സല്‍ പെരേരയുടെയും കാലത്ത് ഡെപ്യൂട്ടി സിഇഒ ആയിരുന്നു ബന്‍സാല്‍. വന്‍വരിയാകട്ടെ, ദിനേശ് കനബറിയും കൂട്ടരും വിട്ടുപോയശേഷം ആടിയുലഞ്ഞ കെപിഎംജിയുടെ ടാക്‌സ് പ്രാക്റ്റീസ് വിഭാഗത്തെ മികച്ച നിലയിലേക്ക് നയിച്ച വ്യക്തിയാണ്. കെപിഎംജിയുടെ ആഗോള ശൃംഖലയില്‍ത്തന്നെ ശ്രദ്ധിക്കപ്പെടുന്നയാളാണ് ഖത്രി. മുമ്പത്തേതിനേക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ് പുതിയ തെരഞ്ഞെടുപ്പ്. ഇത്തവണ ഓപ്പണ്‍ വോട്ടിംഗ് ഉണ്ടാവില്ല എന്നതാണ് സവിശേഷത. 75 ശതമാനം വോട്ട് ലഭിക്കുന്ന സ്ഥാനാര്‍ത്ഥിയായിരിക്കും പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍. ഓഡിറ്റ് റൊട്ടേഷന്‍, ജിഎസ്ടി അനുബന്ധ സേവനങ്ങള്‍ എന്നിവ വര്‍ധിച്ച സമയത്ത് കെപിഎംജിയിലെ നേതൃതലത്തില്‍ സംഭവിച്ച അനിശ്ചിതാവസ്ഥ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

 

Comments

comments

Categories: Branding