2016: ട്വിറ്ററില്‍ ഏറെ ചലനമുണ്ടാക്കിയത് നോട്ട് അസാധുവാക്കല്‍

2016:  ട്വിറ്ററില്‍ ഏറെ ചലനമുണ്ടാക്കിയത് നോട്ട് അസാധുവാക്കല്‍

 

ന്യൂഡെല്‍ഹി: 2016 അവസാനിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ, ഈ വര്‍ഷത്തെ ഇന്ത്യയിലെ ട്വീറ്റുകള്‍ സംബന്ധിച്ച സുപ്രധാന കണക്കുകള്‍ ട്വിറ്റര്‍ പുറത്തുവിട്ടു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 500, 1000 രൂപയുടെനോട്ടുകള്‍ അസാധുവാക്കിയ നവംബര്‍ എട്ട് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ട്വിറ്ററിനെ സംബന്ധിച്ചിടത്തോളം 2016ലെ സുപ്രധാന ദിനമായിരുന്നു. നോട്ട് അധാസുവാക്കികൊണ്ടുള്ള മോദിയുടെ അപ്രതീക്ഷിത പ്രഖ്യാപനം കഴിഞ്ഞ് 24 മണിക്കൂറിനകം 6,50,000 ട്വീറ്റുകളാണ് ഇതുസംബന്ധിച്ച് ഉണ്ടായത്. തുടര്‍ന്ന് ഒരാഴ്ച്ചയ്ക്കുള്ളില്‍ മില്യണിലധികം ട്വീറ്റുകള്‍ നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തിയതായും കമ്പനി വ്യക്തമാക്കുന്നു.

ബോളിവൂഡ് താരം അനുഷ്‌ക ശര്‍മയെ പിന്തുണച്ചുകൊണ്ടുള്ള ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെ ട്വീറ്റാണ് ഈ വര്‍ഷത്തെ ഗോള്‍ഡന്‍ ട്വീറ്റ്. റിയോ ഒളിംപിക്‌സ് സമയത്ത് വനിതാ അത്‌ലറ്റുകളായ സാക്ഷി മാലിക്, പി വി സിന്ധു, ദിപ കര്‍മാക്കര്‍ എന്നിവര്‍ ട്വിറ്റര്‍ പ്ലാറ്റ്‌ഫോം വഴി ദശലക്ഷണക്കണക്കിനാളുകളുടെ ഹൃദയം കീഴടക്കിയതായും ട്വിറ്റര്‍ അറിയിച്ചു. ഹാഷ് ടാഗ് റിയോ 2016 ഈ വര്‍ഷത്തെ മികച്ച ഹാഷ് ടാഗ് ട്രെന്‍ഡായിരുന്നെന്നും ട്വിറ്റര്‍ പറയുന്നു.

2016ലെ മികച്ച പത്ത് ഹാഷ് ടാഗുകളില്‍ ഏഴെണ്ണം റിയോ 2016 ഒളിംപിക്‌സ്, ഡബ്ല്യുടി20 ക്രിക്കറ്റ് എന്നിവയുമായി ബന്ധപ്പെട്ടവയായിരുന്നു. ഇന്ത്യയില്‍ ട്വിറ്റര്‍ വഴി നടന്നിട്ടുള്ള ആശയവിനിമയങ്ങളില്‍ കായിക രംഗമാണ് മുന്‍ നിരയിലുള്ളതെന്നും ട്വിറ്റര്‍ വ്യക്തമാക്കി. ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച ഹാഷ് ടാഗ് മേക്ക് ഇന്‍ ഇന്ത്യ ഈ വര്‍ഷത്തെ പ്രധാന ഹാഷ് ടാഗുകളില്‍ ഇടം പിടിച്ചിട്ടുണ്ട്.

ട്വിറ്ററില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള ഇന്ത്യക്കാരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഒന്നാം സ്ഥാനത്തുള്ളത്. ഡിസംബര്‍ അഞ്ച് വരെയുള്ള റിപ്പോര്‍ട്ടനുസരിച്ച് 25.2 മില്യണ്‍ പേരാണ് ട്വിറ്ററില്‍ മോദിയെ ഫോളോ ചെയ്യുന്നത്. തൊട്ടുപിന്നില്‍ ബോളിവൂഡ് സൂപ്പര്‍ സ്റ്റാര്‍ അമിതാഭ് ബച്ചനാണ്, 23.8 മില്യണ്‍ ഫോളോവേഴ്‌സാണ് അദ്ദേഹത്തിനുള്ളത്. ഷാരുഖ് ഖാന്‍ (22.4 മില്യണ്‍), പ്രിയങ്ക ചോപ്ര (15.7 മില്യണ്‍) എന്നിവരാണ് പിന്നീടുള്ള സ്ഥാനങ്ങളിലുള്ളത്.

Comments

comments

Categories: Slider, Top Stories