മൂന്ന് മാസത്തിനുള്ളില്‍ ഭവന വില്‍പ്പന നേട്ടത്തിലെത്തുമെന്ന് കമ്പനികള്‍

മൂന്ന് മാസത്തിനുള്ളില്‍ ഭവന വില്‍പ്പന നേട്ടത്തിലെത്തുമെന്ന് കമ്പനികള്‍

 
ബെംഗളൂരു: നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് ഭവന വില്‍പ്പനയില്‍ നേരിടുന്ന തിരിച്ചടി താല്‍ക്കാലികമാണെന്ന് രാജ്യത്തെ മുന്‍നിര റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ഭവന വില്‍പ്പന പൂര്‍വാധികം നേട്ടത്തിലെത്തുമെന്നതാണ് നോട്ട് അസാധുവാക്കല്‍ തീരുമാനം കൊണ്ട് വിപണിയിലുണ്ടാകുന്ന നേട്ടമെന്നും ഇവര്‍ വ്യക്തമാക്കി.
കഴിഞ്ഞ മാസം എട്ടിനാണ് ഉയര്‍ന്ന മൂല്യമുള്ള കറന്‍സി നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുള്ള പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത്. തീരുമാനം പ്രഖ്യാപിച്ചത് മുതല്‍ റിയല്‍ എസ്റ്റേറ്റ് വിപണിയിലടക്കം കനത്ത തിരിച്ചടിയാണ് നേരിടുന്നത്. നോട്ട് അസാധുവാക്കല്‍ തീരുമാനം ഭവന വായ്പാ നിരക്ക് കുറയുന്നതിന് സഹായകമാണെന്നും കമ്പനികള്‍ ചൂണ്ടിക്കാണിച്ചു. ഈ നിരക്ക് കുറയുന്നതോടെ വില്‍പ്പനയില്‍ കാര്യമായ വര്‍ധനയുണ്ടാകാന്‍ സഹായകമാകുമെന്നും ഇവര്‍ അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രിയുടെ തീരുമാനം സര്‍ക്കാരിന്റെ ഏറ്റവും മികച്ച നടപടിയാണെന്ന് ക്രെഡായ് ബെംഗളൂരു പ്രസിഡന്റും ശോഭ ലിമിറ്റഡ് വൈസ് പ്രസിഡന്റുമായ ജെസി ശര്‍മ വ്യക്തമാക്കി. ഈ പാദത്തിലൊഴികെ നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ റിയല്‍റ്റി വിപണിയില്‍ മികച്ച വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കറന്‍സി ബാന്‍ ഭവന വായ്പാ നിരക്ക് കുറയ്ക്കുകയും ഇതിലൂടെ ഭവനങ്ങള്‍ എല്ലാവര്‍ക്കും സ്വന്തമാക്കാന്‍ സാധിക്കുന്നതരത്തിലേക്ക് എത്തുകയും ചെയ്യുമെന്നും അദ്ദേഹം വിലയിരുത്തി.
പ്രഖ്യാപനത്തോടെ വലിയ റിയല്‍റ്റി കമ്പനികള്‍ക്ക് വിപണിയില്‍ നേട്ടം തുടരാന്‍ സാധിക്കുകയും ചെറുകിട കമ്പനികള്‍ക്ക് കൂടുതല്‍ നേട്ടത്തിനുള്ള അവസരമൊരുക്കുകയും മേന്മയുള്ള പദ്ധതികള്‍ അവതരിപ്പിക്കാനും സാധിക്കുമെന്നാണ് പ്രസ്റ്റീജ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്റ്ററും ചെയര്‍മാനുമായ ഇര്‍ഫാന്‍ റസാഖ് വ്യക്തമാക്കുന്നത്. സര്‍ക്കാരിന്റെ ഈ അപ്രതീക്ഷിത നീക്കം ഈ മേഖലയെ കൂടുതല്‍ ക്രോഡീകരിക്കുകയും നേരിട്ടുള്ള വിദേശ നിക്ഷേപം, ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ എന്നിവരെ ഇന്ത്യന്‍ റിയല്‍റ്റി വിപണിയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുകയും ചെയ്യുമെന്നും റസാഖ് കൂട്ടിച്ചേര്‍ത്തു.
പലിശ നിരക്കുകള്‍ നിര്‍ണായകമായ റിയല്‍റ്റി വിപണി വില്‍പ്പന നേട്ടത്തിലൂടെ വളര്‍ച്ച കൈവരിക്കുകയും റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റികളിലൂടെ പുതിയ അന്തരീക്ഷമൊരുങ്ങുകയും ചെയ്യുമെന്ന് പുറവങ്കര പ്രൊജക്ടസ് മാനേജിംഗ് ഡയറക്റ്റര്‍ ആശിഷ് പുറവങ്കര വ്യക്തമാക്കി. റെഗുലേറ്ററി നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഏകീകൃത വില റിയല്‍റ്റി വിപണിയിലുണ്ടാവുകയും ഇതിലൂടെ ഉപഭോക്തൃ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും സുതാര്യത ഉറപ്പാക്കുകയും ചെയ്യാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
യാഥാര്‍ത്ഥ്യത്തേക്കാള്‍ സെന്റിമെന്റ്‌സുകള്‍ക്ക് പ്രധാന്യം നല്‍കുന്ന റിയല്‍റ്റി വിപണിയില്‍ നോട്ട് അസാധുവാക്കല്‍ തീരുമാനം ഇടപാടുകള്‍ക്ക് തിരിച്ചടിയായിട്ടുണ്ടെങ്കിലും വരും ദിനങ്ങളില്‍ ഇത് നേട്ടത്തിലെത്തും. വായ്പാ നിരക്കുകള്‍ കുറയുന്നതോടെ അഫോര്‍ഡബിള്‍ ഹൗസിംഗ് വിഭാഗത്തിന് വലിയ നേട്ടമുണ്ടാക്കാന്‍ സാധിക്കും. ഡാംഡെന്‍ ഗ്രൂപ്പ് എംഡി ഡാംല മാത്യു വ്യക്തമാക്കി.
നോട്ട് അസാധുവാക്കല്‍ തീരുമാനത്തിന് ശേഷം റിയല്‍ എസ്‌റ്റേറ്റ് റെഗുലേറ്ററി നിയമവുമായി ബന്ധപ്പെട്ടും വിപണിയില്‍ ആശങ്ക തുടരുകയാണ്. ഹോളിഡേ മോഡിലുള്ള റിയല്‍റ്റി വിപണി തിരിച്ചെത്താന്‍ ആറ് മാസത്തോളമെടുക്കുമെന്നാണ് റിയല്‍റ്റി മേഖലയിലെ ചില വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. പ്രോപ്പര്‍ട്ടി രജിസ്‌ട്രേഷനുകള്‍ കുറഞ്ഞിട്ടുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങളും വ്യക്തമാക്കുന്നുണ്ട്.

Comments

comments

Categories: Business & Economy