സിപ്ലയുടെ ഇന്‍സുലിന് ഇന്ത്യയില്‍ പരീക്ഷണത്തിന് അനുമതിയില്ല

സിപ്ലയുടെ ഇന്‍സുലിന് ഇന്ത്യയില്‍  പരീക്ഷണത്തിന് അനുമതിയില്ല

മുംബൈ: പ്രമുഖ മരുന്നു നിര്‍മാണ കമ്പനിയായ സിപ്ല വികസിപ്പിച്ച ഇന്‍ഹെയ്‌ലബിള്‍ രൂപത്തിലെ ഇന്‍സുലിന്‍ ഇന്ത്യയിലെ രോഗികളില്‍ പരീക്ഷിക്കുന്നതിന് അനുമതി നിഷേധിച്ചു. പരീക്ഷണ മരുന്നിന്മേല്‍ കമ്പനി നല്‍കിയിട്ടുള്ള പ്രാഥമിക വിവരങ്ങള്‍ സുരക്ഷയും കാര്യക്ഷമതയും (മൂന്നാം ഘട്ടം പഠനം) സംബന്ധിച്ച് മതിയായ ഉറപ്പുകള്‍ നല്‍കുന്നില്ലെന്ന് ഇതുമായി ബന്ധപ്പെട്ട സമിതി ചൂണ്ടിക്കാട്ടി.

മരുന്നും ഉപകരണവും ഉള്‍പ്പെടുന്ന എക്‌സ്യുബ്ര എന്നു പേരിട്ട ഇന്‍ഹെയ്‌ലര്‍ രൂപത്തിലുള്ള ഇന്‍സുലിന്‍ ഉപയോഗപ്രദമെന്ന അനുമതി ലഭിക്കുന്നതിനു വേണ്ടി വിദഗ്ധ സമിതിക്ക് മുന്‍പാകെ കമ്പനി അപേക്ഷ സമര്‍പ്പിച്ചിരുന്നു. വില്‍പ്പനയില്‍ ഇടിവ് നേരിട്ടതിനെത്തുടര്‍ന്ന് 2007ല്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചതാണ് എക്‌സ്യുബ്ര. പ്രൊഡക്റ്റ് രൂപകല്‍പ്പനയില്‍ പിഴവ് സംഭവിച്ചതാണ് കാരണം. എന്‍ഡോക്രിനോളജിയിലും മെറ്റബോളിസത്തിലും വൈദഗ്ധ്യമുള്ള പാനലാണ് സിപ്ലയുടെ അപേക്ഷ പരിഗണിച്ചത്. ഇന്‍സുലിന്‍ ഉപയോഗപ്രദമെന്ന് കാണിക്കുന്ന പഠനം സിപ്ല അവതരിപ്പിച്ചിരുന്നു. എന്നാല്‍, പഠനത്തില്‍ വിവരിച്ചിരിക്കുന്ന കാര്യങ്ങള്‍ ശാസ്ത്രീയമായി നീതികരിക്കാന്‍ പറ്റാത്തതും സ്വീകാര്യതയില്ലാത്തതുമാണ്-വിദഗ്ധ സമിതി ചൂണ്ടിക്കാട്ടി.
അതേസമയം, വിഷയത്തില്‍ പ്രതികരിക്കാന്‍ സിപ്ല അധികൃതര്‍ തയാറായില്ല. ഒരു വര്‍ഷം മുന്‍പ് സിപ്ലയുടെ അപേക്ഷ ഇതേ കമ്മിറ്റി തന്നെ പരിഗണിച്ചിരുന്നു. മൂന്നാം ഘട്ട പഠനത്തിനു മുന്‍പ് സുരക്ഷയും കാര്യക്ഷമതയും സംബന്ധിച്ച കാര്യങ്ങളില്‍ ഉറപ്പുവരുത്തണമെന്ന് അന്ന് സമിതി സിപ്ലയോട് നിര്‍ദേശിക്കുകയുണ്ടായി. കൂടാതെ മൃഗങ്ങളില്‍ നടത്തിയ പരീക്ഷണം, സുരക്ഷ, വിഷശാസ്ത്രം (ടോക്‌സികോളോജിക്കല്‍) എന്നിവ സംബന്ധിച്ച വിവരങ്ങള്‍ കൈമാറണമെന്നും സമിതി നിര്‍ദേശിച്ചു. ഇന്‍സുലിന്‍ എടുക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണത്തിന്റെ സ്ഥിരതയും ഗുണനഘടകവും ബോധിപ്പിക്കേണ്ടതും ആവശ്യമാണെന്നും സമിതി വ്യക്തമാക്കിയിരുന്നു.

Comments

comments

Categories: Branding