കോപ്പ സുഡാമേരിക്കാന ചാമ്പ്യന്‍ഷിപ്പ്: ആദര സൂചകമായി ചാപ്‌കോയെന്‍സിന് കിരീടം

കോപ്പ സുഡാമേരിക്കാന ചാമ്പ്യന്‍ഷിപ്പ്:  ആദര സൂചകമായി ചാപ്‌കോയെന്‍സിന് കിരീടം

 

ബൊഗോട്ട: തെക്കേ അമേരിക്കയിലെ രണ്ടാം നിര ടൂര്‍ണമെന്റായ കോപ്പ സുഡാമേരിക്കാന ചാമ്പ്യന്‍ഷിപ്പ് കീരീടം ബ്രസീലിയന്‍ ക്ലബ് ചാപ്‌കോയെന്‍സിന്. ഫൈനല്‍ മത്സരം നടന്നില്ലെങ്കിലും, ചെപ്‌കോയിന്‍സ് ടീം സഞ്ചരിച്ച വിമാനം നവംബര്‍ 28ന് തകര്‍ന്ന് വീണ് അവരുടെ പത്തൊന്‍പത് കളിക്കാര്‍ മരണപ്പെട്ട സാഹചര്യത്തില്‍ ആദരസൂചകമായി കിരീടം ബ്രസീലിയന്‍ ടീമിന് നല്‍കുകയായിരുന്നു.

കോപ്പ സുഡാമേരിക്കാനയുടെ ഫൈനല്‍ മത്സരത്തില്‍ ബൂട്ടണിയേണ്ടിയിരുന്ന കളിക്കാരുടെ വിയോഗത്തില്‍ ദു:ഖമറിയിച്ച എതിര്‍ ടീമായ അത്‌ലറ്റിക്കോ നാസിയോണല്‍ ക്ലബ്, ചാമ്പ്യന്‍ഷിപ്പ് കിരീടം ചാപ്‌കോയെന്‍സിന് നല്‍കണമെന്ന് ഔദ്യോഗികമായി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് തെക്കേ അമേരിക്കന്‍ ഫുട്‌ബോള്‍ ഫെഡറേഷനാണ് ബ്രസീലിയന്‍ ടീമിനെ കിരീട ജേതാക്കളായി പ്രഖ്യാപിച്ചത്.

കോപ്പ സുഡാമേരിക്കാനയുടെ ഫൈനല്‍ മത്സരത്തില്‍ അത്‌ലറ്റിക്കോ നാസിയോണലിനെ നേരിടുന്നതിനായി ബ്രസീലില്‍ നിന്നും കൊളംബിയയിലേക്ക് പോകും വഴി മെഡലീന് സമീപമായിരുന്നു ചാപ്‌കോയെന്‍സ് ടീം സഞ്ചരിച്ച വിമാനം തകര്‍ന്ന് വീണത്. ബൊളീവിയയില്‍ നിന്നും പുറപ്പെട്ട ലാമിയ എയര്‍ലൈന്‍സിന്റെ ആര്‍ജെ 85 എന്ന വിമാനമായിരുന്നു പ്രാദേശിക സമയം അര്‍ധ രാത്രിയോടെ തകര്‍ന്ന് വീണത്.

കോപ്പ സുഡാമേരിക്കാനയുടെ ഫൈനല്‍ മത്സരത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയായിരുന്നു അപകടം. രണ്ട് വര്‍ഷം മുമ്പ് ഒന്നാം ഡിവിഷനിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച ചാപ്‌കോയെന്‍സ് കോപ്പ സുഡാമേരിക്കാന ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടിയത് ആദ്യമായിട്ടായിരുന്നു. വിമാനാപകടത്തില്‍ ആകെ 76 യാത്രക്കാരാണ് മരണപ്പെട്ടത്.

Comments

comments

Categories: Sports