തൊഴിലുറപ്പ് പദ്ധതിക്ക് കേന്ദ്രം 4,000 കോടി കൂടി അനുവദിക്കും

തൊഴിലുറപ്പ് പദ്ധതിക്ക് കേന്ദ്രം 4,000 കോടി കൂടി അനുവദിക്കും

ന്യൂഡെല്‍ഹി : മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ 4,000 കോടി രൂപ കൂടി അനുവദിക്കും. ഇതോടെ ഈ സാമ്പത്തിക വര്‍ഷം പദ്ധതിക്ക് അനുവദിക്കുന്ന ആകെ തുക 47,000 കോടി രൂപയാകും. ഒരു വര്‍ഷം നൂറ് തൊഴില്‍ദിനങ്ങള്‍ നിര്‍ബന്ധമായും നല്‍കുന്ന പദ്ധതിക്ക് ഇതാദ്യമായാണ് ഒരു സാമ്പത്തിക വര്‍ഷം ഇത്രയധികം തുക അനുവദിക്കുന്നത്.

ഈ വര്‍ഷത്തെ ബജറ്റില്‍ തൊഴിലുറപ്പ് പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ 38,500 കോടി രൂപ അനുവദിച്ചിരുന്നു. തുടര്‍ന്ന് ആദ്യ സപ്ലിമെന്ററി ബജറ്റിലൂടെ 5,000 കോടി രൂപ വേറെയും വകയിരുത്തുകയുണ്ടായി. ഇതു കൂടാതെയാണ് നവംബര്‍ മുതല്‍ 2017 മാര്‍ച്ച് വരെയുള്ള കൂലി നല്‍കുന്നതിന് ഗ്രാമവികസന മന്ത്രാലയം പതിനായിരം കോടി രൂപയുടെ അധിക ധനസഹായം ആവശ്യപ്പെട്ടിട്ടുള്ളത്.

അധികമായി അനുവദിച്ച തുക മണ്‍സൂണ്‍ മാസങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പര്യാപ്തമായിരുന്നു. എന്നാല്‍ നവംബര്‍ മുതല്‍ പദ്ധതിക്കു കീഴില്‍ തൊഴിലിനായുള്ള ആവശ്യകത വര്‍ധിച്ചതോടെയാണ് അധിക വിഹിതം വേണമെന്ന ആവശ്യമുന്നയിച്ച് മന്ത്രാലയം രംഗത്തെത്തിയത്. തൊഴിലാളികള്‍ക്ക് കൂലി കുടിശ്ശികയില്ലാതെ പുതിയ സാമ്പത്തിക വര്‍ഷം തുടങ്ങണമെന്നാണ് ആഗ്രഹമെന്ന് മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

രാജ്യം തുടര്‍ച്ചയായ രണ്ട് വരള്‍ച്ചയെ അഭിമുഖീകരിച്ചിരിക്കുന്ന സാഹചര്യത്തിലും തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് യഥാസമയം കൂലി നല്‍കാത്തതില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഈ ഉത്തരവാദിത്തം സംസ്ഥാനങ്ങള്‍ക്ക് കൈമാറാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കുകയുണ്ടായി. ഇതേത്തുടര്‍ന്ന് കുടിശ്ശികയായ കൂലി കൊടുത്തുതീര്‍ക്കുന്നതിന് ഈ വര്‍ഷത്തെ ബജറ്റ് വിഹിതത്തില്‍നിന്ന് 12,000 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചിരുന്നു.

നവംബര്‍ വരെ ഈ സാമ്പത്തിക വര്‍ഷം 151 കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാന്‍ ഗ്രാമവികസന മന്ത്രാലയത്തിന് കഴിഞ്ഞു. സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോഴേക്കും 75 ശതമാനത്തോളം തൊഴിലാളികള്‍ക്ക് യഥാസമയം കൂലി നല്‍കാനാണ് മന്ത്രാലയം ലക്ഷ്യംവെക്കുന്നത്. നാഷണല്‍ ഇലക്ടോണിക് ഫണ്ട് മാനേജ്‌മെന്റ് സിസ്റ്റം അനുസരിച്ച് കൂലി വിതരണം ചെയ്യുന്ന സംസ്ഥാനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.

തൊഴിലുറപ്പു പദ്ധതിക്കു കീഴിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഐഎസ്ആര്‍ഒയുടെ ജിയോ-ടാഗിംഗ് സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിലൂടെ തൊഴിലുറപ്പ് പദ്ധതിയില്‍ കൂടുതല്‍ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കാമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

Comments

comments

Categories: Business & Economy