ആയുര്‍വേദ വ്യവസായ രംഗത്തെ നിയന്ത്രിക്കാനൊരുങ്ങി കേന്ദ്രം

ആയുര്‍വേദ വ്യവസായ രംഗത്തെ നിയന്ത്രിക്കാനൊരുങ്ങി കേന്ദ്രം

 

കൊല്‍ക്കത്ത: ആയുര്‍വേദ വ്യവസായ മേഖലയ്ക്ക് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പദ്ധതി തയാറാക്കുകയാണെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയത്തിലെ ഉപദേഷ്ടാവ് ഡി സി കട്ടോക്. ഏഴാമത് ലോക ആയുര്‍വേദ കോണ്‍ഗ്രസിന്റെ ഭാഗമായി സംഘടിപ്പിച്ച ആരോഗ്യ എക്‌സ്‌പോയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവില്‍ ആയുര്‍വേദ വ്യവസായ രംഗത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും സംസ്ഥാനങ്ങളിലെ നിയന്ത്രണ സംവിധാനങ്ങളുടെ കൈകളിലാണ്. നിയന്ത്രണം, ഗുണനിലവാരം തുടങ്ങി നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ചട്ടക്കൂടുകള്‍ ആവിഷ്‌കരിക്കും. ആദ്യമായാണ് ലൈസന്‍സ് എടുക്കുന്നതെങ്കില്‍ അത് കേന്ദ്രത്തിന്റെ പരിധിക്ക് വിടും. സെന്‍ട്രല്‍ ടെക്‌നിക്കല്‍ കമ്മിറ്റി പരിശോധന നടത്തിയ ശേഷം ലൈസന്‍സ് അനുവദിക്കും-കട്ടോക് പറഞ്ഞു.

പരസ്യങ്ങളിലൂടെ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന വിധം പ്രഖ്യാപനങ്ങള്‍ നടത്തുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ആയുര്‍വേദ മേഖലയില്‍ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് കൂടുതല്‍ ക്ലസ്റ്ററുകള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്. ക്ലസ്റ്റര്‍ സ്ഥാപിക്കല്‍ നേരത്തെ ആരംഭിച്ചതാണ്. ഇപ്പോള്‍ ഏകദേശം ആറ് ക്ലസ്റ്ററുകള്‍ പ്രവര്‍ത്തിക്കുന്നു. പുതിയ ക്ലസ്റ്ററുകള്‍ക്കുള്ള നിര്‍ദേശം മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. പദ്ധതിക്കാവശ്യമായ ചെലവിന്റെ 60 ശതമാനം സര്‍ക്കാര്‍ വഹിക്കും. ബാക്കിയുള്ള ചെലവ് കമ്പനി വഹിച്ചാല്‍ മതി. ആയുര്‍വേദ ചികിത്സയുടെ സാങ്കേതിക ഭാഷ ഏകീകരിക്കുന്നതിനുള്ള നടപടികളും മന്ത്രാലയം ആരംഭിച്ചുകഴിഞ്ഞതായും അദ്ദേഹം അറിയിച്ചു. ആയുര്‍വേദത്തെ സംബന്ധിച്ച നിരവധി പുസ്തകങ്ങള്‍ ലഭ്യമാണ്. ആയുര്‍വേദ ചികിത്സാ രംഗത്ത് നിരവധി വ്യവസ്ഥകള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇവയ്‌ക്കെല്ലാം ഒരു ഏകീകൃത സ്വഭാവമില്ല. ഇവയെ എല്ലാം ഒന്നിച്ച് ഒരു കുടക്കീഴില്‍ കൊണ്ടുവന്നാല്‍ ആഗോളതലത്തില്‍ ആയുര്‍വേദത്തെക്കുറിച്ച് കൂടുതല്‍ അവബോധം സൃഷ്ടിക്കുന്നതിന് സഹായിക്കും-കട്ടോക് കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര തലത്തില്‍ ആയുര്‍വേദം പ്രചരിപ്പിക്കുക ലക്ഷ്യമിട്ട് ലോകാരോഗ്യ സംഘടനയുമായി ആയുഷ് മന്ത്രാലയം കരാര്‍ ഒപ്പിട്ടിരുന്നു.

Comments

comments

Categories: Business & Economy