പണരഹിത സമൂഹം: ചില വിദേശ പാഠങ്ങള്‍

പണരഹിത സമൂഹം: ചില വിദേശ പാഠങ്ങള്‍

പി ഡി ശങ്കരനാരായണന്‍ 

പണരഹിത സമൂഹം എന്നാല്‍ ധനരഹിത സമൂഹം അല്ല; കറന്‍സി നോട്ടുകള്‍ ഉപയോഗിക്കാത്ത സമൂഹം എന്നാണര്‍ത്ഥം. ആദ്യം വലിയ നോട്ടുകളുടെയും പിന്നീട് ചെറിയ നോട്ടുകളുടെയും ഇല്ലായ്മ അല്ലെങ്കില്‍ കുറവ് നമ്മുടെ ജീവിതത്തില്‍ വലിയ താളപ്പിഴകള്‍ വരുത്തുന്നുവെന്ന വ്യാപക പരാതിക്കിടയില്‍, കഴിവതും കറന്‍സി നോട്ടുകള്‍ ഉപയോഗിക്കാത്ത ചില രാജ്യങ്ങളുമുണ്ടെന്ന് നാം അറിഞ്ഞിരിക്കണം. ഈ രാജ്യങ്ങള്‍ പണരഹിത സമൂഹങ്ങളായി അതിവേഗം മാറിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് തഴെക്കാണുന്ന കണക്കുകള്‍ നമുക്ക് തരുന്നത്.
ബല്‍ജിയം, ഫ്രാന്‍സ്, കാനഡ, ബ്രിട്ടന്‍, സ്വീഡന്‍, ഓസ്‌ട്രേലിയ, നെതര്‍ലന്‍ഡ്‌സ് തുടങ്ങിയ രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ ബഹുദൂരം മുന്നോട്ട് പോയിരിക്കുന്നു. (ചാര്‍ട്ട് കാണുക).
graph
പ്രധാനമായും 7 മാര്‍ഗങ്ങളിലൂടെയാണ് ഈ രാജ്യങ്ങള്‍ നേട്ടം കൊയ്തത്:
1. ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് മുഖേനയുള്ള പണമിടപാട് ഈ രാജ്യങ്ങളില്‍ ഏകദേശം എണ്‍പത് ശതമാനത്തോളം വരും. നെതര്‍ലാന്‍ഡ്‌സില്‍ 98 ശതമാനം പേര്‍ക്കും സ്വീഡനില്‍ 96 ശതമാനം പേര്‍ക്കും ഡെബിറ്റ് കാര്‍ഡ് ഉണ്ട്.

2. ചെറിയ തുകയുടെ നാണയങ്ങളും നോട്ടുകളും പിന്‍വലിക്കുന്ന രീതി പരീക്ഷിച്ചത് പ്രധാനമായും കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളാണ്. ചെറിയ തുകയ്ക്കുള്ള നാണയങ്ങളും നോട്ടുകളും ഇല്ലാതായപ്പോള്‍, ചെറിയ ചെറിയ ചെലവുകള്‍ ഡിജിറ്റലായി നടത്താന്‍ ജനം ശീലിച്ചു. ഈ ജനത അങ്ങനെ പിന്നീട് എല്ലാ ചെലവുകളും ഡിജിറ്റലായി ചെയ്യാന്‍ തുടങ്ങി.

3. കറന്‍സി നിയമവിരുദ്ധമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാതിരിക്കാന്‍ ചില രാജ്യങ്ങള്‍ ഹൈടെക് കറന്‍സി ഏര്‍പ്പെടുത്തി. പ്ലാസ്റ്റിക്കില്‍ നിര്‍മ്മിക്കുന്ന ഇത്തരം നോട്ടുകളില്‍ ചില പ്രത്യേകതരം അര്‍ധസുതാര്യ കാന്തിക നാടകള്‍ അടക്കം ചെയ്തിരിക്കുന്നു. (ഇതിനെ പിന്‍പറ്റിയാവണം, നമ്മുടെ പുതിയ 2000 രൂപ നോട്ടുകളെക്കുറിച്ച് ഒരുപാട് വാട്‌സാപ്പ് കിംവദന്തികള്‍ ഇറങ്ങിയത്!)

4. കാനഡയില്‍ ഡിജിറ്റല്‍ നാണയം – മിന്റ്ചിപ് – ഏര്‍പ്പെടുത്തി. ഇത് ഡിജിറ്റല്‍ ഉപകരണങ്ങളിലൂടെ മാത്രം കൈമാറാവുന്ന ഒരുതരം സാങ്കല്‍പ്പിക കറന്‍സിയാണ് – കുപ്രസിദ്ധമായ ബിറ്റ്‌കോയിന്‍ രൂപത്തില്‍. പക്ഷേ, ഗവണ്‍മെന്റ് മുദ്രാലയം ഇറക്കിയതാണെന്ന് മാത്രം. പത്ത് ഡോളറില്‍ താഴെയുള്ള ഇടപാടുകള്‍ക്ക് ഇവ ഉപയോഗിക്കുന്നത് സര്‍വസാധാരണമായി.

5. മിക്കവാറും രാജ്യങ്ങളില്‍ കാര്‍ഡ് ടെക്‌നോളജിക്ക് അതിന്റെ ബൗദ്ധികസ്വത്തവകാശം കൈമുതലുള്ള കമ്പനിക്ക് ഓരോ ബാങ്കും റോയല്‍റ്റിയും ഉപയോഗക്കൂലിയും നല്‍കേണ്ടതുണ്ട്. ഇതാണ് ചില കടയുടമകള്‍ ‘കാര്‍ഡാണെങ്കില്‍ എക്‌സ്ട്രാ ചാര്‍ജുണ്ട്’ എന്ന് പറയുന്നത്. കാനഡ, അവിടത്തെ ‘ഇന്ററാക്’ എന്ന പേമെന്റ് സംവിധാനം പൂര്‍ണ്ണമായും സൗജന്യമാക്കി. ഇതുമൂലം കടക്കാര്‍ക്കും കാര്‍ഡുകള്‍ കൂടുതല്‍ സ്വീകാര്യമായി.

6. സംയോജിത പേമെന്റ് ഇന്റര്‍ഫേസുകള്‍ ഈ രംഗത്തെ ഏറ്റവും ഒടുവിലത്തെ കണ്ടുപിടുത്തമാണ്. ഇതില്‍ ഓരോരുത്തര്‍ക്കും ഇ-മെയില്‍ ഐഡി പോലെ ഒരു സവിശേഷ (Unique) ഐ ഡി ഉണ്ടാക്കി അതിലൂടെ പണം ബാങ്ക് എക്കൗണ്ടിലേക്ക് കൈപ്പറ്റാവുന്നതാണ്.

7. ഈ രാജ്യങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ ഡിജിറ്റല്‍ രൂപത്തിലെ പണമിടപാടുകളോട് വലിയ ആഭിമുഖ്യം ജനിപ്പിക്കാന്‍ അവിടങ്ങളിലെ സര്‍ക്കാരുകള്‍ക്കായിട്ടുണ്ട്. ഈ രാജ്യങ്ങളിലെല്ലാം ഇന്ന് എടിഎം സെന്ററുകള്‍ വിദേശസഞ്ചാരികള്‍, പ്രത്യേകിച്ച് അവികസിത/വികസ്വര രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍, മാത്രമാണ് ഉപയോഗിക്കുന്നത്.
ഇതുപോലുള്ള ഗുണപരമായ വളര്‍ച്ച നേടാന്‍ ഇന്ന് ഭാരതവും സാങ്കേതികമായി തയാറെടുത്തുകഴിഞ്ഞു. ഇനി വേണ്ടത് ജനങ്ങളുടെ തയാറെടുപ്പാണ്. ശാസ്ത്രം വളര്‍ന്നിരിക്കുന്നുവെന്ന അറിവും അത് ഉപയോഗിക്കണമെന്ന ചിന്തയും കഴിവു കുറവുണ്ടെന്ന് നാം മുന്‍വിധി കല്‍പ്പിച്ചിരിക്കുന്നവരെ ഒപ്പം നടത്തണമെന്ന അഭിവാഞ്ഛയും മൂര്‍ത്തമായ ഇച്ഛാശക്തിയുമാവണം നമ്മെ വഴികാണിക്കേണ്ടത്.

(സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ അസിസ്റ്റന്റ് ജനറല്‍ മാനേജരാണ് ലേഖകന്‍)

Comments

comments

Categories: FK Special, Trending