ആസ്പിന്‍വാള്‍ കമ്പനിയുടെ 1.29 ഏക്കര്‍ ഏറ്റെടുക്കാന്‍ കളക്റ്ററുടെ ഉത്തരവ്

ആസ്പിന്‍വാള്‍ കമ്പനിയുടെ 1.29 ഏക്കര്‍ ഏറ്റെടുക്കാന്‍ കളക്റ്ററുടെ ഉത്തരവ്

കൊച്ചി: ആസ്പിന്‍വാള്‍ കമ്പനി പാട്ടക്കുടിശ്ശിക വരുത്തിയ ഫോര്‍ട്ടുകൊച്ചിയിലെ 1.29 ഏക്കര്‍ സ്ഥലം സര്‍ക്കാരിലേക്ക് തിരിച്ചെടുക്കാന്‍ ജില്ലാ കളക്റ്റര്‍ കെ മുഹമ്മദ് വൈ സഫിറുല്ല ഉത്തരവിട്ടു. 1995 മുതല്‍ 2007 വരെയുള്ള കാലയളവില്‍ 165 ലക്ഷം രൂപയാണ് കുടിശ്ശികയായി കമ്പനി അടയ്ക്കാനുള്ളത്. 2007 മുതല്‍ സ്ഥലം അനധികൃതമായി കൈവശം വച്ചതിനുള്ള ബാധ്യതയും കമ്പനി നിറവേറ്റാനുണ്ട്. കൊച്ചി താലൂക്കില്‍ ഫോര്‍ട്ടുകൊച്ചി വില്ലേജിലെ സര്‍വെ നമ്പര്‍ എട്ടില്‍ 1174, 1175 പാര്‍ട്ടുകളില്‍ ഉള്‍പ്പെടുന്ന സ്ഥലവും അതിലെ കെട്ടിടവും നിലവിലുള്ള നിയമങ്ങള്‍ക്ക് വിധേയമായി ഏറ്റെടുക്കാന്‍ സബ് കളക്റ്റര്‍ ഡോ. അദീല അബ്ദുള്ളയ്ക്കാണ് ചുമതല നല്‍കിയിരിക്കുന്നത്.

2007 വരെയുള്ള പാട്ടക്കുടിശ്ശിക പലിശ സഹിതം ഈടാക്കണമെന്നും 2007 മുതല്‍ സ്ഥലം അനധികൃതമായി കൈവശം വച്ചതിന് പാട്ടത്തുകയ്ക്ക് സമാനമായ നിരക്കില്‍ പലിശ സഹിതം നഷ്ടപരിഹാരം ഈടാക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഹൈക്കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട കേസിലെ അന്തിമ വിധിയ്ക്ക് വിധേയമായാണ് ഉത്തരവ് നടപ്പാക്കേണ്ടത്. ബ്രിട്ടീഷ് ഭരണകാലത്ത് 1853ലാണ് ഈ സ്ഥലം 99 വര്‍ഷം കാലാവധിയില്‍ ആസ്പിന്‍വാള്‍ കമ്പനിയ്ക്ക് പാട്ടത്തിന് നല്‍കിയത്. തുടര്‍ന്ന് 1963 ഓഗസ്റ്റ് 17ന് ഫോര്‍ട്ടുകൊച്ചി ആര്‍ഡിഒയുടെ ഉത്തരവ് പ്രകാരം 2003 ഏപ്രില്‍ 30ന് കാലാവധി അവസാനിക്കുന്ന തരത്തില്‍ അമ്പത് വര്‍ഷത്തേക്ക് പാട്ടം പുതുക്കി നല്‍കി. വാണിജ്യാവശ്യത്തിനായി അനുവദിച്ച സ്ഥലത്തിന് പ്രതിവര്‍ഷം 2902 രൂപ 50 പൈസയായിരുന്നു പാട്ടത്തുക. 1995ലും 2004ലും നടത്തിയ നിയമഭേദഗതികളിലൂടെ സര്‍ക്കാര്‍ പാട്ടനിരക്ക് പുതുക്കി നിശ്ചയിച്ചിരുന്നു. 1995 മുതലുള്ള കുടിശ്ശിക അടയ്ക്കുന്നതില്‍ ഇളവും അനുവദിച്ചു. സ്ഥലത്തിന്റെ വിലയ്ക്ക് ആനുപാതികമായി പാട്ടനിരക്ക് നിശ്ചിത ശതമാനമാക്കി പുതുക്കി നിശ്ചയിച്ചു കൊണ്ടുള്ള നിയമഭേദഗതിയ്ക്കെതിരെ ആസ്പിന്‍വാള്‍ കമ്പനി 2006ല്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 40 ലക്ഷം രൂപ അടച്ച കമ്പനി, സര്‍ക്കാരിന്റെ മുന്‍ ഉത്തരവില്‍ ഇളവ് ആവശ്യപ്പെട്ടെങ്കിലും നിരസിക്കപ്പെട്ടു. തുടര്‍ന്ന് 1995 മുതല്‍ 2007 വരെയുള്ള പാട്ടക്കുടിശ്ശികയായി 1,65,64,057 രൂപ അടയ്ക്കാനാവശ്യപ്പെട്ട് കൊച്ചി തഹസില്‍ദാര്‍ നോട്ടീസ് നല്‍കി. ഇതിനെതിരെ കമ്പനി വീണ്ടും കോടതിയെ സമീപിച്ചു. ആവശ്യം സര്‍ക്കാരിന് മുന്നില്‍ ഉന്നയിക്കാനായിരുന്നു കോടതിയുടെ നിര്‍ദേശം. ഹിയറിങ് നടത്തിയ ശേഷം കമ്പനിയുടെ ആവശ്യം സര്‍ക്കാര്‍ വീണ്ടും തള്ളി.

ഇതിനിടെ കമ്പനിയുടെ പ്രവര്‍ത്തനം ഫോര്‍ട്ടുകൊച്ചിയില്‍ നിന്നും 2007ല്‍ ഇടപ്പള്ളിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. പാട്ടത്തിന് നല്‍കിയിരിക്കുന്ന ഭൂമി ഡിഎല്‍എഫ് ആസ്പിന്‍വാള്‍ ഹോട്ടല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ദുരുപയോഗം ചെയ്യുന്നതായും അന്വേഷണത്തില്‍ വ്യക്തമായി. പാട്ടഭൂമിയോട് തൊട്ടു ചേര്‍ന്ന് ആസ്പിന്‍വാള്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള മറ്റൊരു വസ്തു ഡിഎല്‍എഫ് കമ്പനി വാങ്ങിയിരുന്നു. ഈ വസ്തുതകള്‍ ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്ന് ഫോര്‍ട്ടുകൊച്ചി വില്ലേജിലെ 1.29 ഏക്കര്‍ സ്ഥലും അതിലുള്ള കെട്ടിടവും സര്‍ക്കാരിന്റെ കൈവശത്തിലെടുക്കുന്നതിന് നിയമപരമായി തടസമില്ലെന്ന് അഡീഷണല്‍ അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശവും സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. ആസ്പിന്‍വാള്‍ കമ്പനി നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ് 2007 വരെയുള്ള പാട്ടക്കുടിശ്ശിക സംബന്ധിച്ചുള്ളതാണെന്നും നിയമോപദേശത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Comments

comments

Categories: Branding