ആമസോണ്‍ ലോഞ്ച്പാഡ് ഇന്ത്യയിലേക്ക്

ആമസോണ്‍ ലോഞ്ച്പാഡ് ഇന്ത്യയിലേക്ക്

ന്യുഡെല്‍ഹി: സ്റ്റാര്‍ട്ടപ്പുകളുടെ ഇന്നൊവേറ്റീവ് ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള യുഎസ് ഇ-കൊമേഴ്‌സ് ഭീമന്‍ ആമസോണ്‍ ഡോട്ട് കോമിന്റെ ആഗോള പരിപാടിയായ ‘ആമസോണ്‍ സ്റ്റാര്‍ട്ടപ്പ് ലോഞ്ച്പാഡ് ഇന്ത്യയിലെത്തുന്നു. സ്റ്റാര്‍ട്ടപ്പുകളെ അവരുടെ ഉല്‍പ്പന്നങ്ങള്‍ ആമസോണ്‍ മുഖേന ആഗോള ഉപഭോക്താക്കള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കാനും വിപണനം നടത്തുന്നതിനും സൗകര്യമൊരുക്കുന്ന പരിപാടി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവരുടെ ബിസിനസ് വികസിപ്പിക്കുന്നതിന് സഹായിക്കുമെന്നാണ് കരുതുന്നത്.

പദ്ധതിക്കായി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രൊമോഷന്റെ(ഡിഐപിപി) സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പദ്ധതിയുമായും നാസ്‌കോമുമായും ആമസോണ്‍ സഹകരിക്കുന്നുണ്ട്. ആമസോണ്‍ എപ്പോഴും ഇന്നൊവേഷനെ പ്രോല്‍സാഹിപ്പിക്കാറുണ്ടെന്നും ലോഞ്ച്പാഡ് പരിപാടി ഇന്ത്യയില്‍ അവതരിപ്പിച്ചുകൊണ്ട് സര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പദ്ധതിയെ പിന്തുണയ്ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ആമസോണ്‍ ഇന്ത്യ തലവനും വൈസ് പ്രസിഡന്റുമായ അമിത് അഗര്‍വാള്‍ പറഞ്ഞു. ആമസോണ്‍ ലോഞ്ച്പാഡ് മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയെ പിന്തുണച്ചുകൊണ്ട് രാജ്യത്തിന്റെ സമ്പദ്ഘടനയില്‍ നല്ല മാറ്റങ്ങളുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചെറുതും വലുതുമായ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ദേശീയ, അന്താരാഷ്ട്ര ഉപഭോക്തൃ വിപണികള്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള മികച്ച അവസരമാണ് ലോഞ്ച്പാഡ് പ്രോഗ്രാം ഒരുക്കുന്നതെന്ന് ആമസോണ്‍ ഗ്ലോബല്‍ ഇന്നൊവേഷന്‍ ഡയറക്റ്റര്‍ ജാസണ്‍ ഫെല്‍ഡ്മാന്‍ അഭിപ്രായപ്പെട്ടു. അനുയോജ്യമായ സമയത്താണ് ലോഞ്ച്പാഡ് പരിപാടി ഇന്ത്യയിലേക്ക് വരുന്നതെന്ന് നാസ്‌കോം പ്രസിഡന്റ് ഡോ ആര്‍ ചന്ദ്രശേഖര്‍ അഭിപ്രായപ്പെട്ടു. ആമസോണിന്റെ സഹായത്തോടെ രാജ്യത്തെ ഹാര്‍ഡ്‌വെയര്‍, ഐഒടി ആവാസവ്യവസ്ഥയ്ക്ക് വളരെയേറെ പുരോഗതി കൈവരിക്കാന്‍ കഴിയുന്നുവെന്നും പദ്ധതിയില്‍ പങ്കാളികളാകാന്‍ കഴിഞ്ഞതില്‍ സന്താഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതിയുമായി ബന്ധപ്പെട്ട് നാസ്‌കോമിന്റെ 10,000 സ്റ്റാര്‍ട്ടപ്പ്‌സ്, ഇന്ത്യന്‍ ഏയ്ഞ്ചല്‍ നെറ്റ്‌വര്‍ക്ക്, നിതി ആയോഗ്, മഹാരാഷ്ട്ര തെലങ്കാന സര്‍ക്കാരുകള്‍ എന്നിവരുമായി ആമസോണ്‍ സഹകരിക്കുന്നുണ്ട്. താല്‍പര്യമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഓണ്‍ലൈനില്‍ ലഭ്യമായ ആപ്ലിക്കേഷന്‍ ഫോം പൂരിപ്പിച്ച് നല്‍കികൊണ്ട് പരിപാടിയില്‍ പങ്കാളികളാകാവുന്നതാണ്.

Comments

comments

Categories: Slider, Top Stories