ട്രെയ്ന്‍ ടിക്കറ്റ് ഇളവ്: മുതിര്‍ന്ന പൗരന്മാര്‍ ആധാര്‍ കാര്‍ഡ് സമര്‍പ്പിക്കണം

ട്രെയ്ന്‍  ടിക്കറ്റ് ഇളവ്: മുതിര്‍ന്ന പൗരന്മാര്‍ ആധാര്‍ കാര്‍ഡ് സമര്‍പ്പിക്കണം

ന്യൂഡെല്‍ഹി: ട്രെയ്ന്‍ ടിക്കറ്റില്‍ ഇളവു ലഭിക്കുന്നതിന് 2017 ഏപ്രില്‍ ഒന്നു മുതല്‍ മുതിര്‍ന്ന പൗരന്മാര്‍ ആധാര്‍ കാര്‍ഡ് സമര്‍പ്പിക്കേണ്ടിവരും. കൗണ്ടറിലൂടെ നേരിട്ടും ഇ-ടിക്കറ്റ് സംവിധാനം വഴിയുമുള്ള റിസര്‍വേഷനെ ആധാര്‍ കാര്‍ഡുമായി നേരിട്ട് ബന്ധിപ്പിക്കാന്‍ റെയ്ല്‍ മന്ത്രാലയം തീരുമാനിച്ചു.

മുതിര്‍ന്ന പൗരന്മാര്‍ക്കു വേണ്ടി ആധാര്‍ അടിസ്ഥാനമാക്കിയുള്ള ടിക്കറ്റിംഗ് സംവിധാനം രണ്ട് ഘട്ടങ്ങളായാണ് മന്ത്രാലയം നടപ്പിലാക്കുന്നത്. അതു പ്രകാരം ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെ കണ്‍സഷണല്‍ ടിക്കറ്റ് ലഭിക്കുന്നതിന് മുതിര്‍ന്ന പൗരന്മാര്‍ക്ക് ആധാര്‍ സ്വമേധയാ സമര്‍പ്പിക്കാം. എന്നാല്‍, ഏപ്രില്‍ ഒന്നു മുതല്‍ ആധാര്‍ നിര്‍ബന്ധമാകും. മുതിര്‍ന്ന പൗരന്മാരുടെ ടിക്കറ്റ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നത് സ്വാഗതാര്‍ഹമാണ്. ഈ വിഭാഗത്തില്‍പ്പെട്ടവരുടെ റിസര്‍വേഷന്‍ നടപടിക്രമങ്ങള്‍ എളുപ്പത്തിലാക്കുന്നതിന് ഇതു സഹായിക്കും. ഇന്ത്യന്‍ റെയ്ല്‍വെയുടെ ആധാര്‍ അധിഷ്ഠിത സംവിധാനത്തില്‍ ഏറ്റവും പ്രധാനപ്പെട്ട നടപടിയാണിത്. ആള്‍മാറാട്ടവും വഞ്ചനാപരമായ ബുക്കിംഗും അവസാനിപ്പിക്കാന്‍ ഇതിലൂടെ കഴിയും-ഐആര്‍സിടിസി ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ എ കെ മനോച പറഞ്ഞു. ഏപില്‍ ഒന്നു മുതല്‍ യാത്ര ചെയ്യുന്ന മുതിര്‍ന്ന പൗരന്മാരുടെ തിരിച്ചറിയല്‍ രേഖയില്‍ ആധാര്‍ കാര്‍ഡും ഉള്‍പ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, മുഴുവന്‍ തുകയും കൊടുത്താണ് ടിക്കറ്റ് വാങ്ങുന്നതെങ്കില്‍ പുതിയ നിബന്ധനയുടെ ആദ്യഘട്ടത്തില്‍ പരിശോധന നിര്‍ബന്ധമാക്കില്ല. എന്നാല്‍, റിസര്‍വ് ചെയ്യാത്ത ടിക്കറ്റിന്‍മേലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ഇളവുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളില്‍ മാറ്റമൊന്നുമുണ്ടാവില്ല. സീനിയര്‍ സിറ്റിസണിന്റെ റെയ്ല്‍വെ ടിക്കറ്റ് ബുക്കിംഗില്‍ സുതാര്യത ഉറപ്പു വരുത്തുന്നതിന് നടപടി തുണയ്ക്കും. പരിശോധന എളുപ്പത്തിലും വേഗത്തിലുമാക്കും. നിയമാനുസൃതമായ ടിക്കറ്റ് ഉപയോഗിച്ചുള്ള യാത്രകളാണ് ലക്ഷ്യം. ഇതിലൂടെ റെയ്ല്‍വെയുടെ വരുമാന നഷ്ടം കുറയ്ക്കാനാവും-അദ്ദേഹം വിശദമാക്കി.
ടിക്കറ്റുമായി ബന്ധിപ്പിക്കുന്നതിനു മുന്നോടിയായി, മുതിര്‍ന്ന പൗരന്മാരോട് ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ഡിസംബര്‍ ഒന്നു മുതല്‍ ഐആര്‍സിടിസി വെബ്‌സൈറ്റില്‍ ആവശ്യപ്പെടുന്നുണ്ട്.

Comments

comments

Categories: Slider, Top Stories