ട്രംപിന്റെ തായ് കോളും ചൈനയുടെ ആശങ്കകളും

ട്രംപിന്റെ തായ് കോളും  ചൈനയുടെ ആശങ്കകളും

അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തായ്‌വാന്‍ പ്രസിഡന്റുമായി നേരിട്ട് ഫോണില്‍ സംസാരിച്ചതിനെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകാതെ നോക്കാന്‍ ശ്രമിക്കുകയാണ് ചൈന. നാല് പതിറ്റാണ്ടോളം നീണ്ടുനിന്ന നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയതിന് ചൈന അമേരിക്കയെ തങ്ങളുടെ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.

തായ്‌വാന്‍ പ്രസിഡന്റ് സായ് ഇങ്-വെന്നുമായി ട്രംപ് ടെലിഫോണില്‍ സംസാരിച്ചത് തായ്‌വാന്‍ ഒപ്പിച്ച പണിയായിരുന്നുവെന്ന് കരുതുന്നതായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറയുന്നു. ഇതിന്റെ പേരില്‍ അമേരിക്കയുമായുള്ള ബന്ധത്തില്‍ ഉലച്ചില്‍ തട്ടാന്‍ ആഗ്രഹിക്കുന്നില്ലെന്നും വാങ് യി വ്യക്തമാക്കി.
ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്നതിനും വിദേശനയ സംഘത്തെ പൂര്‍ണ്ണമായി നിയമിക്കുന്നതിനും മുമ്പുള്ള പ്രശ്‌നത്തെ സമചിത്തതയോടെ സമീപിക്കാനാണ് അളന്നുമുറിച്ച പ്രതികരണത്തിലൂടെ ചൈന ശ്രമിക്കുന്നത്.
ട്രംപ് സംഘത്തിന്റെ പ്രസ്താവനകളും തുടര്‍ന്ന് ട്രംപിന്റെ ട്വിറ്റര്‍ പ്രതികരണങ്ങളില്‍ നിന്നും ഒറ്റ ചൈന നയത്തില്‍ നിന്ന് അമേരിക്ക പിന്നോക്കം പോകുകയാണോയെന്ന് വരാനിരിക്കുന്ന ദിവസങ്ങളാണ് വ്യക്തമാക്കേണ്ടത്.
വിവാദമായ ഫോണ്‍വിളി കൃത്യമായി ആസൂത്രണം ചെയ്തതാണെന്നാണ് ഇതുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ പറയുന്നത്. തായ്‌വാനുമായുള്ള ‘പുതിയ’ ബന്ധം സംബന്ധിച്ച് ട്രംപിന്റെ ഉപദേശകര്‍ അദ്ദേഹം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകുന്നതിന് മുമ്പ് തന്നെ തയാറെടുപ്പ് തുടങ്ങിയിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ചൈനയുമായി ട്രംപ് ഒരു ‘ടഫ് ഓപ്പണിംഗ് ലൈന്‍’ തുടങ്ങണമെന്നാണ് ട്രംപിന്റെ തീവ്ര നിലപാടുകാരായ ഉപദേശകര്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായാണ് തായ്‌വാന്‍ പ്രസിഡന്റ് ട്രംപിനെ അനുമോദിക്കാന്‍ വിളിച്ചുവെന്ന നാടകം അരങ്ങേറുന്നതും. ട്രംപിന്റെ ഉപദേശകര്‍ ഇതിന് വ്യാപക പ്രചാരവും നല്‍കി. തായ്‌വാന്‍ പ്രസിഡന്റ് വിളിച്ചു, ട്രംപ് ഫോണെടുത്തു, അഭിനന്ദനം ഏറ്റുവാങ്ങി എന്ന് നിയുക്ത വൈസ് പ്രസിഡന്റ് മൈക് പെന്‍സ് സമര്‍ത്ഥമായി പറഞ്ഞുഫലിപ്പിക്കുകയും ചെയ്തു.

സ്‌ഫോടനാത്മകമായ സാഹചര്യമാണെങ്കിലും പ്രസിഡന്റായി ചുമതലയേല്‍ക്കുന്നതിന് മുമ്പേ ട്രംപിന്റെ തായ്‌വാന്‍ നയം സംബന്ധിച്ച് വിശദീകരണം തേടുന്നത് ഉചിതമല്ലെന്നാണ് ചൈന ഫോറിന്‍ അഫയേഴ്‌സ് സര്‍വ്വകലാശാലയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ഡയറക്റ്റര്‍ വാങ് ഫാന്‍ വിലയിരുത്തുന്നത്. ട്രംപ് ഇപ്പോഴും കാര്യങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ചൈനയുടെ പക്വതയാര്‍ന്ന പ്രതികരണം ചൈന-അമേരിക്ക ബന്ധത്തിന്റെ ചരിത്രം ചികയുന്നതിന് അദ്ദേഹത്തിന് സമയം നല്‍കുമെന്നും വാങ് ഫാന്‍ പ്രതീക്ഷയും പ്രകടിപ്പിച്ചു.
1979 ലാണ് അമേരിക്ക തായ്‌വാനുമായുള്ള നയതന്ത്രബന്ധങ്ങള്‍ വിച്ഛേദിച്ച് ബെയ്ജിംഗിലെ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ അംഗീകരിക്കുന്നത്. എന്നാല്‍ പലപ്പോഴും ചൈനയെ ദേഷ്യം പിടിപ്പിച്ചുകൊണ്ട് അമേരിക്ക തായ്‌വാനെന്ന ജനാധിപത്യ ദ്വീപ് രാജ്യവുമായി അടുത്ത ബന്ധം പുലര്‍ത്തുകയും സൈനിക കാര്യങ്ങളില്‍ പിന്തുണ നല്‍കുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ വര്‍ഷം പ്രസിഡന്റ് ബരാക് ഒബാമ തായ്‌വാന് 1.8 ബില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചത് ചൈനയുടെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
എന്നാല്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് ട്രംപിനെ അഭിനന്ദിക്കാനാണ് തായ്‌വാന്‍ പ്രസിഡന്റ് വിളിച്ചതെന്നാണ് ട്രംപ് ക്യാംപ് വ്യക്തമാക്കുന്നത്. ടെലിഫോണ്‍ സംഭാഷണം പത്ത് മിനിറ്റോളം നീണ്ടുനിന്നതായി തായ്‌വാന്‍ പ്രസിഡന്റിന്റെ ഓഫീസും അറിയിച്ചിരുന്നു.
പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതില്‍ അഭിനന്ദനമറിയിക്കാന്‍ തായ്‌വാന്‍ പ്രസിഡന്റ് തന്നെ വിളിക്കുകയായിരുന്നുവെന്ന് ട്രംപ് പിന്നീട് ട്വിറ്ററില്‍ കുറിക്കുകയും ചെയ്തു. തായ്‌വാന് അമേരിക്ക ബില്യണ്‍ ഡോളറുകളുടെ യുദ്ധസാമഗ്രികള്‍ വില്‍ക്കുമ്പോള്‍ത്തന്നെ ആ രാജ്യത്തു നിന്ന് അഭിനന്ദനമറിയിച്ചുള്ള ഫോണ്‍കോള്‍ താന്‍ ചെവിക്കൊള്ളരുതെന്ന് പറയുന്നതിലെ വൈരുദ്ധ്യം ട്രംപ് ഉയര്‍ത്തിക്കാണിച്ചത് ശ്രദ്ധേയമായി.
എന്നാല്‍ ട്രംപ് ക്യാംപിന്റെ അറിവോടെ ആസൂത്രണം ചെയ്തതായിരുന്നു തായ്‌വാന്‍ പ്രസിഡന്റിന്റെ ഫോണ്‍കോള്‍ എന്നാണ് ജോര്‍ജ് ഡബ്ല്യു ബുഷിന്റെ കാലത്ത് ദേശീയ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്ന സ്റ്റീഫന്‍ യേറ്റ്‌സ് കരുതുന്നത്. ഫോണ്‍കോളിന് പിന്നില്‍ താനാണെന്ന തരത്തില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ യേറ്റ്‌സ് തള്ളി. തായ്‌വാന്‍ പ്രസിഡന്റ് ട്രംപിനെ വിളിച്ചതിന്‍മേല്‍ ‘ചിക്കന്‍ ലിറ്റില്‍’ പ്രതികരണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തായ്‌വാനുമായി നേരിട്ട് സംഭാഷണത്തിലേര്‍പ്പെടുന്നത് ആ രാജ്യവുമായും ചൈനയുമായുള്ള അമേരിക്കയുടെ ബന്ധം വീണ്ടും സമതുലിതമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് കരുതാമെന്നും യേറ്റ്‌സ് പറയുന്നു. അമേരിക്ക എന്ത് ചിന്തിക്കണമെന്നും എങ്ങനെ സംസാരിക്കണമെന്നും ആരോടെല്ലാം പെരുമാറണമെന്നും ചൈന തീരുമാനിച്ചിരിക്കുകയാണെന്ന് യേറ്റ്‌സ് തുറന്നടിച്ചു.
ചൈനയ്ക്കും അമേരിക്കയ്ക്കും എപ്പോഴും വളരെ സെന്‍സിറ്റീവായ വിഷയമാണ് തായ്‌വാന്‍. തായ്‌വാന് ഇരുരാജ്യങ്ങളുമായി മികച്ച വ്യാപാര പങ്കാളിത്തമാണുള്ളത്. കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് 627 ബില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് നടന്നത്.
ചൈനീസ് ആഭ്യന്തര യുദ്ധത്തിന് ശേഷം 1949 ല്‍ ചിയാങ് കൈ-ഷെക്കിന്റെ നേതൃത്വത്തില്‍ തായ്‌വാനില്‍ റിപ്പബ്ലിക് ഓഫ് ചൈന സര്‍ക്കാര്‍ രൂപീകരിച്ചതു മുതല്‍ ദ്വീപ് രാജ്യം പ്രത്യേക ഭരണത്തിന്‍ കീഴിലാണ്. ദശാബ്ദങ്ങള്‍ക്കിപ്പുറം തായ്‌വാനുമായുള്ള ബന്ധം മെച്ചപ്പെട്ടെങ്കിലും ചൈന എപ്പോഴും കരുതിത്തന്നെയാണ്. തങ്ങളുടെ അപ്രമാദിതത്തിന് തായ്‌വാന്‍ വെല്ലുവിളി ഉയര്‍ത്തുന്ന പക്ഷം ‘തക്കതായ’ നടപടി സ്വീകരിക്കാന്‍ പാകത്തില്‍ തായ്‌വാന്‍ കടലിടുക്കില്‍ 1,200 ഓളം മിസൈലുകള്‍ വിന്യസിക്കാന്‍ വരെ ചൈന തയാറായി. ഈ വര്‍ഷം ജനുവരിയില്‍ സായ് ഇങ് വെന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ചൈനയും തായ്‌വാനും തമ്മിലുള്ള അസ്വാരസ്യം വര്‍ധിച്ചിരുന്നു. ചൈനയില്‍ നിന്ന് സ്വാതന്ത്ര്യം വേണമെന്ന് വാദിക്കുന്ന ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടിയുടെ നേതാവ് കൂടിയാണ് സായ് ഇങ് വെന്‍. ഒറ്റ ചൈനാ നയത്തെ സായ് ഇങ് വെന്‍ വ്യക്തിപരമായി എതിര്‍ക്കുകയും ചെയ്യുന്നു.
തായ്‌വാന്‍-അമേരിക്ക ബന്ധം തായ്‌വാന്‍ കടലിടുക്കിനപ്പുറത്തെ ബന്ധം (ചൈന) പോലെ തന്നെ പ്രധാനമാണെന്നാണ് വിവാദ ടെലിഫോണ്‍ കോളിന് ശേഷം തായ്‌വാന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വക്താവ് അലക്‌സ് ഹുവാങ് പ്രതികരിച്ചത്. പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയെയും (ചൈന) റിപ്പബ്ലിക് ഓഫ് ചൈനയെയും (തായ്‌വാന്‍) തമ്മില്‍ വേര്‍തിരിക്കുന്നതാണ് ശരാശരി 180 കിലോമീറ്റര്‍ വീതിയേറിയ തായ്‌വാന്‍ അഥവാ ഫോര്‍മോസ കടലിടുക്ക്. ദേശീയ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായും മേഖലയിലെ സമാധാനത്തിനും വേണ്ടിയുള്ളതായിരുന്നു ആ ഫോണ്‍കോളെന്നും ഇത് സര്‍ക്കാര്‍ നിശ്ചയിച്ച ലക്ഷ്യങ്ങളുടെ ഭാഗം തന്നെയാണെന്നും അലക്‌സ് ഹുവാങ് തറപ്പിച്ചുപറഞ്ഞു.

എന്നാല്‍ ചൈന ഇപ്പോഴും ‘ശുഭാപ്തിവിശ്വാസം’ കൈവിട്ടിട്ടില്ല. യുഎസ് സര്‍ക്കാരിന്റെ ഒറ്റ ചൈന നയം മാറ്റമില്ലാതെ തുടരുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറയുന്നു. ഇതിനിടെ ഒറ്റ ചൈന നയം തുടരുമെന്ന് ഒബാമ ഭരണകൂടത്തിലെ യുഎസ് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് നെഡ് പ്രൈസ് പ്രതികരിച്ചു.
ട്രംപിന് തായ്‌വാന്‍ വിളി വരുന്നതിന് മുന്നേ ബെയ്ജിംഗില്‍ പ്രസിഡന്റ് ഷി ജിന്‍പിങ് മുന്‍ യുഎസ് വിദേശകാര്യ സെക്രട്ടറി ഹെന്റി കിസ്സിഞ്ചറുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. റിച്ചാര്‍ഡ് നിക്‌സണ്‍ പ്രസിഡന്റായിരിക്കെ കിസിഞ്ചറാണ് ചൈന-തായ്‌വാന്‍ ബന്ധം പുനസ്ഥാപിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചത്. തായ്‌വാന്‍, ഹോങ്കോങ്, ടിബറ്റ്, സിന്‍ജിയാങ് എന്നിവിടങ്ങളിലെ വിഘടനവാദത്തെ ശക്തമായി നേരിടാനാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഷി ജിന്‍പിങ് തയാറെടുക്കുന്നത്.
അതേസമയം, ഡൊണാള്‍ഡ് ട്രംപിന്റെ ബിസിനസ് താല്‍പര്യങ്ങളും ഈ വേളയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. തായ്‌വാനിലെ തോയുവാന്‍ നഗരത്തില്‍ ആഡംബര ഹോട്ടലുകളും റിസോര്‍ട്ടുകളും നിര്‍മ്മിക്കുന്നതിന് ട്രംപ് പദ്ധതിയിടുന്നതായി നവംബര്‍ 16 ന് തായ്‌വാന്‍ പത്രം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.

Comments

comments

Categories: FK Special