റോഡപകടങ്ങള്‍ കുറയ്ക്കാന്‍ മൊബീല്‍ ആപ്ലിക്കേഷനുമായി രാജസ്ഥാന്‍ സര്‍ക്കാര്‍

റോഡപകടങ്ങള്‍ കുറയ്ക്കാന്‍ മൊബീല്‍ ആപ്ലിക്കേഷനുമായി രാജസ്ഥാന്‍ സര്‍ക്കാര്‍

 

ജയ്പ്പൂര്‍: റോഡപകടങ്ങള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തെ നേരിടാന്‍ മൊബീല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുകയാണ് രാജസ്ഥാന്‍ സര്‍ക്കാര്‍. ‘ഹംസഫര്‍’ എന്ന പേരിട്ടിരിക്കുന്ന ആപ്ലിക്കേഷന്‍ വഴി 2020 ആകുന്നതോടെ അപകടങ്ങള്‍ പകുതിയാക്കി കുറയ്ക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ചിറ്റോര്‍ഗഡ് കളക്റ്റര്‍ ഇന്ദ്രജിത്ത് സിംഗും ഒരു യുവ ഉദ്യോഗസ്ഥനും ചേര്‍ന്നാണ് റോഡ് സുരക്ഷയ്ക്കുള്ള ആപ്ലിക്കേഷന്‍ വികസിപ്പിച്ചതെന്നും ഈ മാസം 13 മുതല്‍ സംസ്ഥാനത്ത് ആപ്ലിക്കേഷന്‍ ഉപയോഗിച്ച് തുടങ്ങുമെന്നും രാജസ്ഥാന്‍ ഗതാഗത മന്ത്രി യൂനസ് ഖാന്‍ അറിയിച്ചു.

മൊബീല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ടാക്‌സി വിളിച്ച് യാത്ര സമയം ലാഭിക്കാന്‍ സാധിക്കുമെങ്കില്‍ എന്തുകൊണ്ട് ആപ്ലിക്കേഷന്‍ ഉപയോഗിച്ച് റോഡപകടങ്ങളോട് പ്രതികരിക്കുന്ന സമയം കുറക്കാന്‍ സാധിക്കില്ല എന്നാണ് ഇന്ദ്രജിത്ത് സിംഗ് ചോദിക്കുന്നത്. ആശുപത്രികള്‍, പൊലീസ് സ്റ്റേഷനുകള്‍, ആംബുലന്‍സ് സേവനം, അത്യാഹിത സേവനങ്ങള്‍ എന്നിവയുടെ വിവരങ്ങളും ലൊക്കേഷന്‍ മാപ്പും ഉള്‍പ്പെടുത്തിയിട്ടുള്ള ആപ്ലിക്കേഷന്‍ ഉപയോഗിച്ച് റോഡപകടങ്ങളെക്കുറിച്ച ഉടനടി ഉറിവ് നല്‍കാനും അപകടത്തില്‍പ്പെട്ടവര്‍ക്ക് വൈദ്യസഹായം ലഭ്യമാക്കുന്നതിനും സാധിക്കും.

ഇംഗ്ലീഷിലും ഹിന്ദിയിലും ആപ്ലിക്കേഷനില്‍ വിവരങ്ങള്‍ ലഭ്യമാണ്. റോഡപകടങ്ങള്‍ കുറയ്ക്കുന്നത് സംബന്ധിച്ച് ലോകാരോഗ്യ സംഘടനയുടെ ബ്രസീലിയ പ്രഖ്യാപനത്തിന്റെ ലക്ഷ്യം കൈവരിക്കുന്നതില്‍ രാജ്യത്തെ സഹായിച്ചുകൊണ്ട് ദേശീയ തലത്തില്‍ ആപ്പ് അവതരിപ്പിക്കാനും പദ്ധതിയുണ്ട്.

കഴിഞ്ഞ ആഴ്ച്ച കൂടിയ സംസ്ഥാന മന്ത്രിസഭായോഗം 2020 ആകുന്നതോടെ റോഡപകടങ്ങള്‍ 50 ശതമാനം കുറയ്ക്കണമെന്ന പദ്ധതിക്കും റോഡ് സുരക്ഷാ നയത്തിനും അംഗീകാരം നല്‍കിയിരുന്നു. നാഷണല്‍ ക്രൈം റെക്കോഡ് ബ്യൂറോയുടെ കണക്കനുസരിച്ച് 2014 ല്‍ രാജ്യത്ത് 141,526 പേര്‍ റോഡപകടങ്ങളില്‍ മരിക്കുകയും 477,731 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. രാജസ്ഥാനില്‍ മാത്രം കഴിഞ്ഞ വര്‍ഷം റോഡപകടങ്ങളില്‍ 8,733 പേര്‍ മരിക്കുകയും 22,255 പേര്‍ പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് കണക്ക്.

Comments

comments

Categories: Tech