വരുമാനം കൂടിയെങ്കിലും നഷ്ടകണക്കുകളുമായി പെപ്പര്‍ഫ്രൈ

വരുമാനം കൂടിയെങ്കിലും നഷ്ടകണക്കുകളുമായി പെപ്പര്‍ഫ്രൈ

മുംബൈ: വരുമാന നിരക്കില്‍ 292 ശതമാനം വര്‍ധനവ് കൈവരിച്ചിരിക്കുകയാണ് ഓണ്‍ലൈന്‍ ഫര്‍ണിച്ചര്‍ പോര്‍ട്ടലായ പെപ്പര്‍ഫ്രൈ. എന്നാല്‍ അതുകൊണ്ടു വലിയ മെച്ചമൊന്നുമില്ല. വരുമാനം കൂടിയെങ്കിലും നഷ്ടത്തില്‍ കുറവൊന്നുമില്ല. 796 ശതമാനമാണ് കമ്പനിയുടെ നഷ്ടത്തിലെ വര്‍ധന.

98.3 കോടി രൂപയായിരുന്നു ഇക്കാലയളവിലെ കമ്പനിയുടെ വരുമാനം. ഓരോ ഫര്‍ണിച്ചറിന്റെയും വില്‍പ്പന നടക്കുമ്പോള്‍ കച്ചവടക്കാരനില്‍ നിന്നും ലഭിക്കുന്ന കമ്മീഷനാണ് കമ്പനിയുടെ അടിസ്ഥാന വരുമാനം. ഓരോ ഓര്‍ഡറിനും 35 ശതമാനമാണ് ശരാശരി കമ്മീഷന്‍.

എന്നാല്‍ കമ്പനി ലാഭകരമായ വഴിയിലേക്ക് നീങ്ങുകയാണെന്ന് ചീഫ് ഫിനാന്‍ഷ്യല്‍ ഓപീസര്‍ നീലേഷ് ടലാത്തി പറഞ്ഞു. ഈ വര്‍ഷം 253.21 കോടിയാണ് കമ്പനിയുടെ ആകെ ചെലവ്. ഒരു വര്‍ഷം മുമ്പ് ഇത് 113.54 കോടിയായിരുന്നു. പരസ്യങ്ങള്‍ക്കും പ്രചരണ പരിപാടികള്‍ക്കുമായി ചെവലഴിക്കുന്ന തുക 128 ശതമാനം ഉയര്‍ന്ന് 2016 സാമ്പത്തിക വര്‍ഷം 155 കോടിയായി. അതുപോലെ കമ്പനിയുടെ എംപ്ലോയി ബെനഫിറ്റ് ചെലവ് 2015 നെ അപേക്ഷിച്ച് 60 ശതമാനം വര്‍ധിച്ചിട്ടുണ്ട്. 2016 സാമ്പത്തിക വര്‍ഷം പെപ്പര്‍ഫ്രൈ കാറ്റഗറി മാനേജ്‌മെന്റ്, ടെക്‌നോളജി ടീം എന്നിവയെ കൂടുതല്‍ ശക്തിപ്പെടുത്തിയിരുന്നു.

വിതരണ പ്രവര്‍ത്തനങ്ങള്‍ക്കായി കമ്പനി പ്രതിമാസം നാലു കോടി രൂപ ചെലവഴിക്കുന്നുണ്ടെന്ന് പെപ്പര്‍ഫ്രൈ സ്ഥാപകനന്‍ ആശിഷ് ഷാ വെളിപ്പെടുത്തിയിരുന്നു. 1000 ലധികം കച്ചവടക്കാരുമായി സഹകരണമുള്ള കമ്പനി 17 വിതരണ കേന്ദ്രങ്ങള്‍ വഴി 500 ഓളം നഗരങ്ങളില്‍ ഉല്‍പ്പന്ന വിതരണം നടത്തുന്നുണ്ട്. കഴിഞ്ഞ സെപ്റ്റംബറില്‍ കീര്‍ത്തി നഗറില്‍ ആരംഭിച്ച പെപ്പര്‍ഫ്രൈയുടെ പത്താമത്തെ സ്റ്റുഡിയോ ന്യുഡെല്‍ഹിയിലെ തന്നെ ഏറ്റവും വലിയ ഫര്‍ണിച്ചര്‍ ഹബ്ബാണ്. 160 ദശലക്ഷം ഡോളര്‍ നിക്ഷേപമാണ് ഇതുവരെ പെപ്പര്‍ഫ്രൈ സമാഹരിച്ചിട്ടുള്ളത്. 2015 ജൂലൈയില്‍ ഗോള്‍ഡ്മാന്‍ സാച്ചസ്, സോഡിയസ് ടെക്‌നോളജി എന്നിവരില്‍ നിന്ന് 100 ദശലക്ഷം ഡോളര്‍ നിക്ഷേപം കമ്പനി നേടിയിരുന്നു. അര്‍ബന്‍ ലാഡര്‍, ഫാബ് ഫര്‍ണീഷ് തുടങ്ങിയവരാണ് പെപ്പര്‍ഫ്രൈയുടെ വിപണിയിലെ പ്രധാന എതിരാളികള്‍.

Comments

comments

Categories: Branding