നോട്ട് പ്രതിസന്ധി: ഇന്ത്യയിലെ ഇന്ധന ആവശ്യകതയില്‍ ഇടിവുണ്ടാക്കും

നോട്ട് പ്രതിസന്ധി: ഇന്ത്യയിലെ ഇന്ധന ആവശ്യകതയില്‍ ഇടിവുണ്ടാക്കും

ന്യൂഡെല്‍ഹി: നോട്ട് നിരോധനത്തെ തുടര്‍ന്ന് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയിലുണ്ടായ മാന്ദ്യം ഇന്ധന ആവശ്യകതയില്‍ ഇടിവുണ്ടാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ക്രൂഡ് ഓയില്‍ വിപണിയുടെ തളര്‍ച്ചയ്ക്ക് പണപ്രതിസന്ധി കാരണമായേക്കുമെന്നാണ് വിലയിരുത്തല്‍.

ഇന്ത്യയിലെ ഇന്ധന ആവശ്യകതയില്‍ പകുതിയിലധികം സംഭാവന നല്‍കുന്ന ഡീസലിന്റെയും പാചകവാതകത്തിന്റെയും ഉപയോഗം കുറയാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡീസല്‍ ഉപയോഗത്തില്‍ ഈ മാസം 12 ശതമാനം കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാചകവാതകത്തിന്റെ ആവശ്യകതയില്‍ ഏഴ് ശതമാനത്തിന്റെ ഇടിവുണ്ടാകുമെന്നും ഐവി ഗ്ലോബല്‍ എനര്‍ജി ഡയറക്റ്റര്‍ തുഷാര്‍ തരുണ്‍ ബെന്‍സാല്‍ പറയുന്നു. 2017ന്റെ ആദ്യ പാദത്തില്‍ ഡീസല്‍ ഉപയോഗത്തില്‍ 2 ശതമാനം വളര്‍ച്ച മാത്രമെ പ്രതീക്ഷിക്കുന്നുള്ളുവെന്നും ബന്‍സാല്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ രണ്ടാം പാദത്തോടെ വളര്‍ച്ചാ നിരക്ക് സാധരണഗതിയിലാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറയുന്നു.

എന്നാല്‍ ഇതേ പ്രവണത അടുത്ത വര്‍ഷം തുടര്‍ന്നേക്കാമെന്നാണ് ഐവി ഗ്ലോബല്‍ എനര്‍ജി, എഫ്ജിഇ, സെന്‍ട്രം ബ്രോക്കിംഗ് ലിമിറ്റഡ് തുടങ്ങിയ ഗവേഷണ സംരംഭങ്ങള്‍ നല്‍കുന്ന സൂചന. വലിയ നോട്ടുകള്‍ പിന്‍വലിച്ചുകൊണ്ടുള്ള മോദി സര്‍ക്കാരിന്റെ പ്രഖ്യാപനം ത്വരിതഗതിയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ താല്‍ക്കാലികമായി പിടിച്ചുനിര്‍ത്തിയേക്കാമെന്ന തരത്തിലുള്ള നിഗമനങ്ങളാണ് പല ഭാഗത്തു നിന്നും ഉണ്ടായിട്ടുളളത്.

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം നേരിട്ടുള്ള പണവിനിമയത്തെയാണ് ഭൂരിപക്ഷം വരുന്ന ജനങ്ങളും ആശ്രയിക്കുന്നത്. അതുകൊണ്ടു തന്നെ നോട്ട് നിരോധനം സമീപ കാല സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറയുന്നതിന് വഴിയൊരുക്കുമെന്നാണ് സിംഗപ്പൂര്‍ എഫ്ജിഇയിലെ സൂയസ് ഓയില്‍ മേഖലാ മേധാവി പരവൈക്കരസു അഭിപ്രായപ്പെട്ടത്. അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ തന്നെ സാമ്പത്തിക വളര്‍ച്ചയില്‍ മാന്ദ്യം നേരിടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇത് ഓയില്‍ ഉപഭോഗത്തില്‍ ഗണ്യമായ കുറവ് വരുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനമായും പെട്രോള്‍, ഡീസല്‍ ഉപഭോഗത്തെയാണ് നോട്ട് നിരോധനം വലിയ രീതിയില്‍ ബാധിക്കുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്രൂഡ് ഓയില്‍ ആവശ്യകതയുടെ 80 ശതമാനത്തിലധികം ഇറക്കുമതി ചെയ്യുന്ന ഇന്ത്യന്‍ വിപണി 2040ഓടെ ഏറ്റവും വേഗത്തില്‍ വളരുന്ന ഉപഭോക്തൃ രാജ്യമാകുമെന്നാണ് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സിയുടെ നിഗമനം.

Comments

comments

Categories: Trending