കൂടുതല്‍ പൊതുചെലവിടല്‍ അനിവാര്യം

കൂടുതല്‍ പൊതുചെലവിടല്‍ അനിവാര്യം

നോട്ട് അസാധുവാക്കല്‍ നയം ജനങ്ങളുടെ ചെലവിടലില്‍ വലിയ ഇടിവാണ് വരുത്തിയത്. ഇത് രാജ്യത്തിന്റെ പലയിടങ്ങളിലും അതിരൂക്ഷമായ പണപ്രതിസന്ധിക്ക് ഇടവരുത്തി. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ നിരോധിച്ചത് രാജ്യം ഡിജിറ്റല്‍ സാമ്പത്തിക ആവാസവ്യവസ്ഥയിലേക്ക് മാറുന്നതിന്റെ ആദ്യ ചുവടാണെന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ വാദം കണക്കിലെടുത്താണ് ജനങ്ങള്‍ ഒരുപരിധി വരെയെങ്കിലും ഇതിനോട് പ്രതികരിക്കുന്നതില്‍ അയവു വരുത്തിയത്.

വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ നോട്ട് അസാധുവാക്കല്‍ ഹ്രസ്വകാലത്തേക്കാണെങ്കില്‍ കൂടി തളര്‍ച്ചയുണ്ടാക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പും നല്‍കി. ഇത് കണക്കിലെടുത്താണ് കഴിഞ്ഞ ദിവസം അസോചം സര്‍ക്കാര്‍ ചെലവിടല്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്. ജിഡിപി വളര്‍ച്ചയെ നോട്ട് അസാധുവാക്കല്‍ ബാധിക്കുന്നതിന്റെ തോത് കുറയ്ക്കാന്‍ അത് ഗുണം ചെയ്യുമെന്നാണ് അവര്‍ ചൂണ്ടിക്കാട്ടിയത്. രാജ്യത്തിന്റെ സാമ്പത്തിക ക്രയവിക്രയത്തില്‍ 86 ശതമാനം ഉപയോഗിച്ചിരുന്ന നോട്ടുകള്‍ പിന്‍വലിച്ചത് സ്വകാര്യ ചെലവിടലില്‍ വന്‍ ഇടിവാണ് മൂന്നാം പാദത്തിലും ഒരുപരിധി വരെ നാലാം പാദത്തിലും വരുത്തുകയെന്ന് അസോചം ചൂണ്ടിക്കാണിക്കുന്നു.

മൂന്നാം പാദത്തിലെ ജിഡിപി വളര്‍ച്ചയില്‍ 2.5 ശതമാനം കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നാലാം പാദത്തിലെ കണക്കുകള്‍ കുറച്ചുകൂടി താഴേക്ക് പോകാമെന്നും വിലയിരുത്തലുകളുണ്ട്. ഈ സാഹചര്യം ലഘൂകരിക്കണമെങ്കില്‍ സര്‍ക്കാര്‍ ചെലവിടല്‍ കൂട്ടണമെന്നാണ് നിര്‍ദേശം. മൂന്ന്, നാല് പാദങ്ങളിലെ ചെലവിടല്‍ 7 ലക്ഷം കോടിയെങ്കിലും ആക്കണമെന്നാണ് അസോചം പറയുന്നത്. ഈ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കാം.

Comments

comments

Categories: Editorial