ഇന്ത്യന്‍ റിയല്‍റ്റി വിപണിയില്‍ ആഡംബര വീടുകള്‍ വളര്‍ച്ചയില്‍

ഇന്ത്യന്‍ റിയല്‍റ്റി വിപണിയില്‍ ആഡംബര വീടുകള്‍ വളര്‍ച്ചയില്‍

 

ന്യൂഡെല്‍ഹി: ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ ലക്ഷ്വറി ഹൗസിംഗ് സെഗ്‌മെന്റ് വളര്‍ച്ച കൈവരിക്കുന്നതായി പ്രമുഖ ഓണ്‍ലൈന്‍ റിയല്‍റ്റി കണ്‍സള്‍ട്ടന്‍സി പ്രോപ്പടൈഗര്‍ റിപ്പോര്‍ട്ട്. രാജ്യത്തെ റിയല്‍റ്റി വിപണിയിലുള്ള മറ്റു വിഭാഗങ്ങളെ അപേക്ഷിച്ച് വന്‍ വളര്‍ച്ചയാണ് ഈ മേഖല കാഴ്ചവെക്കുന്നതെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്.

ആഗോള തലത്തില്‍ ഇന്ത്യയില്‍ സമ്പന്നരുടെ എണ്ണത്തിലുണ്ടാകുന്ന ദ്രുതഗതിയിലുള്ള വളര്‍ച്ചയും ആഗോള ജീവിതരീതി ട്രെന്‍ഡുകളും ജനങ്ങളുടെ ആഗ്രഹങ്ങള്‍ക്ക് പരിധിവെക്കാത്തതുമാണ് ആഡംബര വീടുകള്‍ വളര്‍ച്ച കൈവരിക്കുന്നതില്‍ നിര്‍ണായകമാകുന്നത്.
രാജ്യത്തെ സര്‍വീസ് മേഖലയുടെ വളര്‍ച്ചയാണ് മിഡില്‍ ഇന്‍കം വരുമാനമുള്ളവരെ ഹൈനെറ്റ് വര്‍ത്ത് ഇന്‍ഡിവിജ്വലുകളാക്കി മാറ്റുന്നതെന്നാണ് വിലയിരുത്തലുകള്‍. ഇതോടൊപ്പം ഇന്ത്യയില്‍ വാണിജ്യാന്തരീക്ഷം മെച്ചപ്പെട്ടതും ആഗോള സാമ്പത്തിക വിപണികളില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം കുറഞ്ഞതും ലക്ഷ്വറി ഹൗസിംഗ് വിപണി വളര്‍ച്ചയിലേക്ക് നയിക്കുന്നു. ആഗോള വിപണിയില്‍ ഇന്ത്യന്‍ കറന്‍സിയുടെ മൂല്യം കുറയുന്നത് നോണ്‍ റെസിഡന്‍ഷ്യല്‍ ഇന്ത്യന്‍സിന് (എന്‍ആര്‍ഐ) ഈ വിഭാഗത്തില്‍ വന്‍ വാങ്ങലുകളും നിക്ഷേപവും നടത്താന്‍ സഹായകമാകുന്നു. ലക്ഷ്വറി ഹൗസിംഗ് വിപണിയില്‍ ഏറ്റവും നിര്‍ണായക സ്വാധീനം ചെലുത്തുന്നവരാണ് വിദേശ ഇന്ത്യക്കാര്‍.
എല്ലാതരത്തിലുള്ള സുഖസൗകര്യങ്ങളും ഒരുക്കി രാജ്യത്തെ വന്‍കിട റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ ഈ വിഭാഗത്തില്‍ വന്‍ നിക്ഷേപം നടത്തുന്നത് ആരംഭിച്ചിട്ടുണ്ട്. 24 മണിക്കൂറും സുരക്ഷ, വീട് മൊത്തമായുള്ള ഓട്ടോമേഷന്‍ സിസ്റ്റം, താപനില നിയന്ത്രിക്കാവുന്ന വൈന്‍ സെല്ലാര്‍, മോഷന്‍ ഡിറ്റക്റ്റര്‍, റൂഫ്‌ടോപ് ലോഞ്ച്, ടെംപറേച്ചര്‍ നിയന്ത്രിക്കാവുന്ന സ്വിമ്മിംഗ് പൂള്‍, വാട്ടര്‍ ജെറ്റ് ഫൗണ്ടന്‍, സ്‌പോര്‍ട്‌സ് സൗകര്യങ്ങള്‍ എന്നിവയാണ് ലക്ഷ്വറി വീടുകള്‍ക്ക് നിര്‍മാതാക്കള്‍ നല്‍കുന്ന പ്രത്യേകതകള്‍.
ഓരോ നഗരങ്ങള്‍ക്കനുസരിച്ചും ഈ നഗരങ്ങളിലുള്ള ലൊക്കേഷനുകള്‍ക്കും അനുസരിച്ചായിരിക്കും ലക്ഷ്വറി പ്രോപ്പര്‍ട്ടിയുടെ വിലയെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മുംബൈയില്‍ ഒരു ലക്ഷ്വറി റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടിക്ക് രണ്ട് കോടി രൂയായിരുന്നു വില. എന്നാല്‍ ഇതേ രീതിയിലുള്ള പോപ്പര്‍ട്ടിക്ക് ഗുഡ്ഗാവില്‍ 1.5 കോടി രൂപയും നോയിഡയില്‍ ഒരു കോടി രൂപയും മതിയാകും. ബെംഗളൂരു, പൂനെ, ഹൈദരാബാദ് എന്നീ നഗരങ്ങളില്‍ ലക്ഷ്വറി റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികള്‍ക്ക് 75 ലക്ഷം രൂപ മുതലാണ് വിലയാരംഭിക്കുന്നത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം രാജ്യത്തെ മുഖ്യ ഒന്‍പത് നഗരങ്ങളില്‍ 45,000 യൂണിറ്റ് ലക്ഷ്വറി വീടുകലാണ് ലോഞ്ച് ചെയ്തത്. മൊത്തം റെസിഡന്‍ഷ്യല്‍ ലോഞ്ചിംഗിലെ 21 ശതമാനവും ലക്ഷ്വറി വീടുകളാണ്. ഈ വിഭാഗത്തില്‍ ഏറ്റവും വിപണി പങ്കാളിത്തമുള്ള ബെംഗളൂരുവാണ് മുന്നില്‍.

Comments

comments

Categories: Business & Economy