ജയലളിത അന്തരിച്ചു

ജയലളിത അന്തരിച്ചു

ചെന്നൈ: തെന്നിന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും ശക്തമായ സ്ത്രീസാന്നിധ്യം ഇനി ഓര്‍മ. അപ്പോളോ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിത(68) ഇന്നലെ രാത്രി
11.30ഓടെയാണ് മരണത്തിന് കീഴടങ്ങിയതെന്ന് ജയ ചികിത്സയില്‍ കഴിയുകയായിരുന്ന അപ്പോളോ ആശുപത്രി ബുള്ളറ്റിനില്‍ അറിയിച്ചു. കഴിഞ്ഞ ദിവസമുണ്ടായ ഹൃദയസ്തംഭനത്തെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്നു അവര്‍. സെപ്റ്റംബര്‍ 22നാണ് അസുഖത്തെ തുടര്‍ന്ന് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ജയലളിത മരിച്ചതായി വൈകുന്നേരം മുതല്‍ അഭ്യൂഹമുണ്ടായിരുന്നു. തമിഴ് ചാനലുകള്‍ മരണവാര്‍ത്ത നേരത്തേ റിപ്പോര്‍ട്ട് ചെയ്തു. ഇതേത്തുടര്‍ന്ന് അപ്പോളോ ആശുപ്രതിക്കു മുന്നിലുണ്ടായിരുന്ന എ ഐ ഡിഎംകെ അനുയായികള്‍ ആശുപത്രിക്ക് നേരേ കല്ലേറ് നടത്തി. എന്നാല്‍ ഇതു തെറ്റാണെന്ന് ആശുപത്രി അധികൃതര്‍ വിശദീകരിക്കുകയും തിരുത്തണമെന്ന് മാധ്യമങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു. ഇതു തിരുത്തിയ ശേഷം അര്‍ധരാത്രിക്കു ശേഷമാണ് മരണവിവരം പ്രഖ്യാപിച്ചത്.

രാത്രി 11 മണിയോടെ ആശുപത്രിയില്‍ നിന്ന് പുറത്തു വന്ന മുഖ്യമന്ത്രി പനീര്‍ ശെല്‍വം എഐഎഡിഎംകെ ആസ്ഥാനത്തെത്തിയിരുന്നു. തുടര്‍ന്ന് ചേര്‍ന്ന് പാര്‍ട്ടി യോഗവും മന്ത്രിമാരും അദ്ദേഹത്തില്‍ പൂര്‍ണവിശ്വാസം രേഖപ്പെടുത്തി. ജയലളിതയുടെ മരണവാര്‍ത്ത സ്ഥിരീകരിച്ചതോടെ ഒരു മണിയോടെ രാജ് ഭവനിലെത്തി പനീര്‍ശെല്‍വം സത്യപ്രതിജ്ഞ ചെയ്തു.
രാത്രി തന്നെ ജയലളിതയുടെ വസതിയായ പോയസ് ഗാര്‍ഡനിലെത്തിച്ച മൃതദേഹം ഏഴു മണിയോടെ രാജാജി ഹാളില്‍ പൊതു ദര്‍ശനത്തിനു വെച്ചു. വൈകുന്നേരം ആറുമണിക്ക് മറീന ബീച്ചില്‍ എംജിആറിന്റെ ശവകുടീരത്തിനു സമീപമാണ് അടക്കം ചെയ്യുക. നാലുമണിയോടെ സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്രമന്ത്രിമാര്‍ വിവിധ സംസ്ഥാന മുഖ്യമന്ത്രിമാര്‍, ദേശീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തും.

ജയലളിതയുടെ മരണത്തില്‍ സംസ്ഥാന മന്ത്രിസഭായോഗം അനുശോചനം രേഖപ്പെടുത്തി. ഇന്നു പൊതുഅവധിയും മൂന്നു ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ പരിപാടികള്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് ആര്‍ഭാടമൊഴിവാക്കി നടത്തും.

അക്രമസാധ്യതകള്‍ മുന്നില്‍ക്കണ്ട് നേരത്തേ തന്നെ കനത്ത സന്നാഹങ്ങളാണ് സംസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്. കേരളത്തില്‍ അതിര്‍ത്തികളിലും ശബരിമലയിലും സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. തമിഴ്‌നാട്ടിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

1948ല്‍ ജനിച്ച ജയലളിത സിനിമയിലൂടെയാണ് തമിഴകത്ത് ആദ്യം ശ്രദ്ധേയയായത്. എംജിആറിന്റെ നായിക എന്ന നിലയില്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി. സിനിമയിലെ ഇദയക്കനിയില്‍ നിന്ന് തമിഴകത്തിന്റെ പുരട്ച്ചി തലൈവിയിലേക്കുള്ള ദൂരം ജയലളിത താണ്ടിയത് ഒരു തമിഴ് ചിത്രത്തെ വെല്ലുന്ന നാടകീയതയുടെ അകമ്പടിയുമായാണ്.
1982ലാണ് അവര്‍ എംജിആറിന്റെ പാത പിന്തുടര്‍ന്ന് എ ഐ ഡിഎംകെ യില്‍ എത്തുന്നത്. പിന്നീട് എംജിആറിന്റെ മരണ ശേഷം വ്യക്തിപരമായ ഒട്ടേറെ അവഹേളനങ്ങള്‍ സഹിക്കേണ്ടി വന്നപ്പോഴും ഒരു തിരിച്ചുവരവിനുള്ള ഊര്‍ജ്ജം ജയലളിത കാത്തുവെച്ചു. പിന്നീട് പാര്‍ട്ടിയുടെ നേതൃതലത്തിലേക്കെത്തിയ ജയലളിത തമിഴകത്തിന്റെ മൊത്തം അമ്മ എന്ന നിലയിലേക്ക് വളരുന്നതും എതിരാളികളെ കൂസാത്ത, അനുയായികളെ വാപൊത്തി കുനിച്ചു നിര്‍ത്തുന്ന നേതാവായി മാറുന്നതുമാണ് തമിഴക രാഷ്ട്രീയം കണ്ടത്.
1989ല്‍ പ്രതിപക്ഷ നേതാവായ ജയലളിത 1991ലാണ് ആദ്യമായി തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയാകുന്നത്. കോണ്‍ഗ്രസലുമായുള്ള ആ കൂട്ടുകക്ഷി ഭരണത്തിനെതിരേ ഒട്ടേറെ അഴിമതി ആരോപണങ്ങളാണ് ഉയര്‍ന്നത്. പിന്നീട് ആ ആരോപണങ്ങള്‍ ജയലളിതയുടെ രാഷ്ട്രീയ ജീവിതത്തെ വിടാതെ പിടികൂടി. കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടതിനാലും ശിക്ഷ വിധിക്കപ്പെട്ടതിനാലും പിന്നീടുള്ള എഐഡിഎംകെ ഭരണകാലത്തെല്ലാം അവര്‍ക്ക് മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് പലകുറി മാറിനില്‍ക്കേണ്ടി വന്നു. 2011 മുതല്‍ 16 വരെ നീണ്ട ഭരണകാലത്തും കോടതി ശിക്ഷിച്ചതിനെ തുടര്‍ന്ന് ഒരിടക്കാലത്ത് പനീര്‍ ശെല്‍വത്തെ ഭരണ സാരഥ്യമേല്‍പ്പിക്കേണ്ടി വന്നിരുന്നു.
എന്നാല്‍ ഇതിനൊക്കെയപ്പുറം ജയലളിതയെ വീണ്ടും അധികാരത്തില്‍ എത്തിക്കുകയാണ് 2016ല്‍ തമിഴ് ജനത ചെയ്തത്. 2011ല്‍ അധികാരത്തിലേറിയ ശേഷം നടപ്പാക്കിയ നിരവധി ജനപ്രിയ പദ്ധതികളും ആനുകൂല്യങ്ങളുമാണ് തമിഴകത്തെ അനിഷേധ്യ അധികാര സ്ഥാനമാക്കി ജയലളിതയെ മാറ്റിയത്. സാധാരണ ജനങ്ങള്‍ക്ക് സൗജന്യ നിരക്കില്‍ സേവനങ്ങള്‍ ലഭ്യമാക്കുന്ന നിരവധി പദ്ധതികള്‍ പ്രഖ്യാപിക്കപ്പെട്ടു.
ജയലളിതയുടെ മരണം സൃഷ്ടിക്കുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് നേരത്തേ തന്നെ എഐഡിഎംകെയില്‍ ചര്‍ച്ചകള്‍ ആരംിഭിച്ചിരുന്നു. പനീര്‍ ശെല്‍വത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എംഎല്‍എമാര്‍ യോഗം ചേര്‍ന്ന് നിശ്ചയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

Comments

comments

Categories: Slider, Top Stories