ഇറ്റലി പ്രധാനമന്ത്രി മാറ്റിയോ റെന്‍സി രാജിക്ക്: യൂറോപ്പ് രാഷ്ട്രീയ അസ്ഥിരതയിലേക്ക്

ഇറ്റലി പ്രധാനമന്ത്രി മാറ്റിയോ റെന്‍സി രാജിക്ക്: യൂറോപ്പ് രാഷ്ട്രീയ അസ്ഥിരതയിലേക്ക്

ഇറ്റലിയില്‍ ഭരണഘടന പൊളിച്ചെഴുതാന്‍ പ്രധാനമന്ത്രി മാറ്റിയോ റെന്‍സി നടത്തിയ നീക്കത്തിനു ജനങ്ങള്‍ തിരിച്ചടി നല്‍കി. ഞായറാഴ്ച നടന്ന ജനഹിതത്തില്‍ റെന്‍സിയുടെ തീരുമാനത്തെ ജനങ്ങള്‍ ശക്തിയുക്തം എതിര്‍ത്തു. ഇത് രാജ്യത്തെ ഭരണകൂട വിരുദ്ധ തരംഗത്തിനും വലതുപക്ഷ പാര്‍ട്ടികള്‍ക്കും നിര്‍ണായക വിജയം സമ്മാനിച്ചിരിക്കുകയാണ്. മാത്രമല്ല, യൂറോ മേഖലയിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായ ഇറ്റലിയെ രാഷ്ട്രീയ അസ്ഥിരതയിലേക്കും നയിച്ചിരിക്കുന്നു.

ഞായറാഴ്ച നടന്ന ജനഹിത പരിശോധനയില്‍ മാറ്റിയോ റെന്‍സിയുടെ തീരുമാനത്തിന് ജനങ്ങള്‍ തിരിച്ചടി സമ്മാനിച്ചതോടെ പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കുകയാണെന്ന് റെന്‍സി പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ പലാസോ ചിഗ്ഗിയില്‍ അത്യന്തം വികാരനിര്‍ഭരമായി നടത്തിയ പ്രസംഗത്തിലാണ് രാജിക്കാര്യം പ്രഖ്യാപിച്ചത്.
ജനഹിതത്തില്‍ റെന്‍സിയുടേത് അപ്രതീക്ഷിത പരാജയം മാത്രമായിരുന്നില്ല, പകരം മാനം കെടുത്തുന്നതു കൂടിയായിരുന്നു. ഭരണഘടന പൊളിച്ചെഴുതാനുള്ള റെന്‍സി ഭരണകൂടത്തിന്റെ തീരുമാനത്തെ 60 ശതമാനം ജനങ്ങളും എതിര്‍ത്തു. 68 ശതമാനം വോട്ടര്‍മാരാണ് ജനഹിത പരിശോധനയില്‍ പങ്കെടുത്തത്.
റെന്‍സിയുടെ പതനം ഇറ്റലിയിലെ populist (ജനസംഖ്യയെ മുഴുവന്‍ പ്രതിനിധീകരിക്കുന്നതെന്നവകാശപ്പെടുന്ന പാര്‍ട്ടി) പാര്‍ട്ടിയായ ഫൈവ് സ്റ്റാര്‍ മൂവ്‌മെന്റിനും xenephobic (അപരിചിതരോടും വിദേശികളോടും വെറുപ്പ് പ്രകടിപ്പിക്കുന്നവര്‍) പാര്‍ട്ടിയായ നോര്‍ത്തേണ്‍ ലീഗിനും വന്‍ നേട്ടമായി. ഈ രണ്ട് പാര്‍ട്ടികളും പരമ്പരാഗതമായി സഖ്യകക്ഷികളല്ലെങ്കിലും പ്രധാനമന്ത്രി റെന്‍സിയുടെ തീരുമാനത്തിനെതിരേ ഇവര്‍ വോട്ട് ചെയ്യുകയുണ്ടായി. ഏതാനും ആഴ്ചകള്‍ക്കു മുന്‍പ് യുഎസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപിന്റെ വിജയം ഈ രണ്ട് പാര്‍ട്ടികളെയും ഭരണകൂടത്തിനെതിരേ പോരാടാന്‍ പ്രചോദിപ്പിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്.
ഇറ്റലിയില്‍ ഞായറാഴ്ച നടന്ന ജനഹിതത്തിലൂടെ പ്രകടമായ വികാരത്തിന്റെ പരിണിത ഫലം തീവ്രമായിരിക്കും. വരും ദിവസങ്ങളില്‍ ഇതിന്റെ പ്രകമ്പനം യൂറോപ്യന്‍, ആഗോള വിപണികളില്‍ പ്രതിഫലിക്കുമെന്നതും ഉറപ്പാണ്. ഇറ്റലിയുടെ സാമ്പത്തിക രംഗത്തിന്റെ ഭാവിയെ കുറിച്ചുള്ള ആശങ്കയും populist, eurosceptic പാര്‍ട്ടികള്‍ക്കു ജനങ്ങളുടെയിടയില്‍ ലഭിക്കുന്ന വമ്പിച്ച സ്വീകാര്യതയും യൂറോപ്പിന്റെ ഭാവിയെ തന്നെ ആശങ്കപ്പെടുത്തുന്നുണ്ട്. കടക്കെണിയിലായ Banca Monte dei Paschi of Siena എന്ന ബാങ്കിനെ രക്ഷപ്പെടുത്താനുള്ള നീക്കവും ഇപ്പോള്‍ താളം തെറ്റിയ അവസ്ഥയിലാണ്. കാരണം ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് Banca Monte dei Paschi of Siena ബാങ്കിനെ രക്ഷപ്പെടുത്താന്‍ തയാറെടുത്തിരിക്കുന്നത്. എന്നാല്‍ ഇറ്റലിയില്‍ ഉരുത്തിരിഞ്ഞുവന്നിരിക്കുന്ന പുതിയ സാഹചര്യത്തെ കണ്‍സോര്‍ഷ്യം ബാങ്കിന്റെ ഓഹരിയുടമകള്‍ ഭയപ്പെടുന്നുണ്ട്. ഈ പുതിയ സാഹചര്യം ഇറ്റലിയുടെ ധനകാര്യ രംഗത്തെ അസ്ഥിരപ്പെടുത്തുമെന്നാണ് അവര്‍ ഭയക്കുന്നത്.
ഭരണകൂട രാഷ്ട്രീയത്തെ എതിര്‍ക്കുന്ന കാഴ്ചയാണ് ഇറ്റലിയില്‍ ഇപ്പോള്‍ കാണുന്നത്. അതോടൊപ്പം പോപ്പുലിസ്റ്റ്, കുടിയേറ്റ വിരുദ്ധ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയും ഞായറാഴ്ച നടന്ന ജനഹിതത്തിലൂടെ പ്രകടമായി. ബ്രെക്‌സിറ്റും, ട്രംപിന്റെ ജയവുമൊക്കെ ഇതിനു ഉദാഹരണങ്ങളാണ്. എന്നാല്‍ ഇറ്റലിയിലെ ഇപ്പോള്‍ ഉരുത്തിരിഞ്ഞു വന്നിരിക്കുന്ന രാഷ്ട്രീയ സാഹചര്യത്തെ ട്രംപിന്റെ ജയവുമായോ, ബ്രെക്‌സിറ്റുമായോ താരതമ്യം ചെയ്യേണ്ടതില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.
കാരണം ഇറ്റലിയിലെ വോട്ടര്‍മാര്‍ എതിര്‍ത്തത്, റെന്‍സിയുടെ ഭരണപരിഷ്‌ക്കാരത്തെയാണ്. പ്രധാനമന്ത്രിക്ക് ഭാവിയില്‍ കൂടുതല്‍ അധികാരം നല്‍കുന്നതും സെനറ്റിന്റെ അധികാരം ചെറുതാക്കുന്നതുമാണ് ഭരണപരിഷ്‌ക്കാരം. ഇത് ജനങ്ങള്‍ അംഗീകരിക്കാന്‍ തയാറായില്ല. ഇതിനു പുറമേ കുടിയേറ്റക്കാരോട് ഉദാരസമീപനം പുലര്‍ത്തിയ റെന്‍സിയുടെ നയങ്ങളോടുള്ള ഇറ്റാലിയന്‍ ജനതയുടെ എതിര്‍പ്പും ജനഹിതത്തില്‍ പ്രകടമായി.
റെന്‍സി രാജിവയ്ക്കുന്നതോടെ, പ്രസിഡന്റ് മറ്റരെല്ലയുടെ തീരുമാനം നിര്‍ണായകമാണ്. പ്രസിഡന്റിന്റെ തീരുമാനത്തെ ഉറ്റുനോക്കുകയാണ് ലോകം. സില്‍വിയോ ബെര്‍ലുസ്‌കോണിയുടെ ഫോഴ്‌സ ഇറ്റാലിയ ഉള്‍പ്പെടെയുള്ള ഇറ്റലിയിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളെ ഉള്‍പ്പെടുത്തി പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രസിഡന്റ് നിര്‍ദേശിച്ചേക്കും.
റെന്‍സിയുടെ രാജിയോടെ ഇറ്റലിയില്‍ ഫൈവ് സ്റ്റാര്‍ മൂവ്‌മെന്റ്, നോര്‍ത്തേണ്‍ ലീഗ് തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളുടെ ഉദയത്തിനാണു സാക്ഷ്യം വഹിച്ചിരിക്കുന്നത്. ഈ രണ്ട് പാര്‍ട്ടികളും യൂറോപ്യന്‍ യൂണിയനെ എതിര്‍ക്കുന്നവരാണ്. അതുകൊണ്ടു തന്നെ ഇവര്‍ അധികാരത്തിലേറുകയാണെങ്കില്‍ സമീപഭാവിയില്‍ ഇറ്റലി യൂറോപ്യന്‍ യൂണിയന് പുറത്തുകടക്കാനുള്ള സാധ്യതയും കാണുന്നുണ്ട്.

Comments

comments

Categories: World

Write a Comment

Your e-mail address will not be published.
Required fields are marked*