കൊച്ചിയിലെ ആരാധക പിന്തുണ: ഔദ്യോഗിക കണക്കില്‍ പിഴവ് വന്നതായി സംശയം

കൊച്ചിയിലെ ആരാധക പിന്തുണ:  ഔദ്യോഗിക കണക്കില്‍ പിഴവ് വന്നതായി സംശയം

 

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മൂന്നാം സീസണിന്റെ ആദ്യ റൗണ്ടിലെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായി നടന്ന അവസാന മത്സരം കാണുന്നതിനായി കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ എത്തിയ ആരാധകരുടെ കണക്ക് രേഖപ്പെടുത്തിയതില്‍ പിഴവ് സംഭവിച്ചോയെന്ന് സംശയം.

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായി നടന്ന മത്സരം കാണുന്നതിനായി കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടിലെത്തിയത് 53,767 പേരായിരുന്നുവെന്നായിരുന്നു ഔദ്യോഗിക കണക്ക്. എന്നാല്‍, സീസണിലെ ആദ്യ രണ്ട് ഹോം മത്സരങ്ങള്‍ കാണുന്നതിനായി കൊച്ചിയിലെത്തിയ ആരാധകരേക്കാള്‍ കുറഞ്ഞ കണക്കായിരുന്നു ഇത്.

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രാഥമിക റൗണ്ടിലെ വളരെ നിര്‍ണായകമായ അവസാന കളിയും ഞായറാഴ്ചയും ഒന്നിച്ചെത്തിയതിനാല്‍ മറ്റ് കളികള്‍ക്കുണ്ടായിരുന്നതിനേക്കാള്‍ കൂടുതലായ ആരാധക ഒഴുക്ക് സ്റ്റേഡിയത്തിലേക്ക് ഉണ്ടായിരുന്നു. ഗാലറികള്‍ നിറഞ്ഞ് സ്‌റ്റേഡിയം അടച്ചതിനാല്‍ നൂറുകണക്കിന് പേര്‍ കളി കാണാനാകാതെ മടങ്ങേണ്ടിയും വന്നു.

അതേസമയം, സ്റ്റേഡിയത്തിലെത്തിയ കാണികളുടെ എണ്ണം പ്രഖ്യാപിച്ച സമയത്ത് ഇതിനെതിരെ കൂക്കി വിളിച്ച് ആരാധകര്‍ അധികൃതരെ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. ഇത്തരം സാഹചര്യത്തില്‍ നോര്‍ത്ത് ഈസ്റ്റിനെതിരായ കഴിഞ്ഞ മത്സരം കാണാനെത്തിയവരുടെ കണക്ക് നിശ്ചയിച്ചതില്‍ പിഴവ് സംഭവിച്ചോയെന്നതാണ് സംശയം.

ഒക്ടോബര്‍ അഞ്ചിന് കൊല്‍ക്കത്തയ്‌ക്കെതിരെ നടന്ന ആദ്യ കളിയില്‍ 54,900 പേരും ഒന്‍പതാം തിയതി ഡല്‍ഹി ഡൈനാമോസിനെതിരായ രണ്ടാം മത്സരത്തില്‍ 54,913 ആരാധകരുമായിരുന്നു കൊച്ചിയിലെ സ്റ്റേഡിയത്തില്‍ എത്തിയത്. ബ്ലാസ്റ്റേഴ്‌സ് തുടര്‍ച്ചയായ തോല്‍വികള്‍ വഴങ്ങിയതിനാല്‍ പിന്നീട് ആരാധക പിന്തുണ 40,000ത്തിലേക്ക് താഴ്ന്നു. എന്നാല്‍ പൂനെയ്‌ക്കെതിരായ രണ്ടാം മത്സരത്തില്‍ 51341 പേര്‍ എത്തിയതായാണ് കണക്ക്.

Comments

comments

Categories: Sports