നാലാം ടെസ്റ്റിലും സ്പിന്‍ പിച്ചൊരുക്കുമെന്ന് സൂചന

നാലാം ടെസ്റ്റിലും സ്പിന്‍ പിച്ചൊരുക്കുമെന്ന് സൂചന

മുംബൈ: ഇംഗ്ലണ്ടും ടീം ഇന്ത്യയും തമ്മിലുള്ള ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ മുംബൈയില്‍ നടക്കുന്ന അടുത്ത മത്സരത്തിന് വേണ്ടിയും സ്പിന്‍ പിച്ചായിരിക്കും ഒരുക്കുകയെന്ന സൂചന നല്‍കി ക്യുറേറ്റര്‍ രമേഷ് മാമുങ്കര്‍. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലെ പിച്ച് രണ്ടാം ദിവസത്തെ അവസാന സെഷന്‍ മുതലോ മൂന്നാം ദിനത്തിന്റെ ആദ്യമോ സ്പിന്‍ ബൗളിംഗിനെ തുണച്ച് തുടങ്ങുമെന്നാണ് അദ്ദേഹം പറഞ്ഞത്.

വാങ്കഡെ സ്റ്റേഡിയത്തിലെ പിച്ച് നനയ്ക്കുന്നത് നിര്‍ത്തിവെച്ചതിന് പുറമെ പുല്ല് പൂര്‍ണമായും നീക്കം ചെയ്തിട്ടുമുണ്ട്. ഇത് സ്പിന്‍ ബൗളര്‍മാര്‍ക്ക് കൂടുതല്‍ സഹായകരമാകുമെന്നാണ് കരുതുന്നത്. അതിനാല്‍ അടുത്ത മത്സരത്തിലും ടോസ് നിര്‍ണായകമാകും. മുംബൈയില്‍ ടോസ് നേടുന്ന ടീം ആദ്യം ബാറ്റിംഗിനിറങ്ങാനാണ് കൂടുതലും സാധ്യത.

അടുത്ത കാലത്ത് നടന്ന ടീം ഇന്ത്യയ്‌ക്കെതിരായ ഏകദിന മത്സരത്തില്‍ ദക്ഷിണാഫ്രിക്ക 438 റണ്‍സ് നേടിയത് ഇതേ പിച്ചില്‍ വെച്ചായിരുന്നു. അന്ന് ടീം ഇന്ത്യ 214 റണ്‍സിനാണ് പരാജയപ്പെട്ടത്. ഈ വര്‍ഷം ഇവിടെ നടന്ന രഞ്ജി മത്സരങ്ങളിലും ഉയര്‍ന്ന് സ്‌കോറുകളായിരുന്നു പിറന്നത്. ആദ്യ രണ്ട് രഞ്ജി മത്സരങ്ങളില്‍ ഡല്‍ഹിയുടെ റിഷഭ് പന്റും മഹാരാഷ്ട്ര താരം സ്പിനില്‍ ഗുലാലെയും ഇവിടെ വെച്ച് ട്രിപ്പിള്‍ സെഞ്ച്വറി നേടിയിരുന്നു.

2004ല്‍ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിനായി സ്പിന്നര്‍മാരെ അമിതമായി പിന്തുണയ്ക്കുന്ന പിച്ചൊരുക്കിയത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. അന്ന്, രണ്ടാം ഇന്നിംഗ്‌സില്‍ 107 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയ 93 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. ഡിസംബര്‍ എട്ടാം തിയതിയാണ് അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ നാലാം ടെസ്റ്റ്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ടീം ഇന്ത്യ 2-0ത്തിന് മുന്നിലാണ്.

Comments

comments

Categories: Sports