ഹൈദരാബാദ് വിപണി വന്‍ വളര്‍ച്ചയിലെന്ന് റിപ്പോര്‍ട്ട്

ഹൈദരാബാദ് വിപണി വന്‍ വളര്‍ച്ചയിലെന്ന് റിപ്പോര്‍ട്ട്

ഹൈദരാബാദ്: ഇന്ത്യന്‍ റിയല്‍റ്റി വിപണിയില്‍ അതിവേഗം വളര്‍ച്ച കൈവരിക്കുന്ന ദക്ഷിണേന്ത്യന്‍ മേഖലയില്‍ ഹൈദരാബാദ് മികച്ച നേട്ടം കൊയ്യുന്നതായി റിയല്‍റ്റി സേവന രംഗത്തെ പ്രമുഖരായ സിബിആര്‍ഇ റിപ്പോര്‍ട്ട്. രാഷ്ട്രീയ സുസ്ഥിരത, ഈ മേഖലയുടെ സംരക്ഷണത്തിന് മുന്‍ഗണന നല്‍കിയുള്ള തെലങ്കാന സര്‍ക്കാരിന്റെ നയങ്ങള്‍, ഉപഭോക്താക്കള്‍ക്കിടയിലുള്ള ഡിമാന്റ് വര്‍ധന, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യം, വിദ്യാഭ്യാസ പുരോഗതി തുടങ്ങിയവയാണ് ഹൈദരാബാദ് റിയല്‍റ്റി വിപണിയെ ദക്ഷിണേന്ത്യയില്‍ ഏറ്റവും വളര്‍ച്ച കൈവരിപ്പിക്കുന്നതില്‍ നിര്‍ണായകമാകുന്നത്.

ഇതില്‍ തെലങ്കാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നിക്ഷേപ സൗഹൃദ നയങ്ങള്‍, ആസൂത്രണം ചെയ്തുള്ള അടിസ്ഥാന സൗകര്യ വികസനം എന്നിവ രാജ്യത്തെ റിയല്‍റ്റി കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് സൗത്ത് ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് വിപണിയിലേക്കുള്ള പ്രവേശനത്തിന് വഴിയൊരുക്കുന്നു. നിലവില്‍ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള സര്‍ക്കാര്‍ പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ ഇവിടെയുള്ള നിക്ഷേപം ഇനിയും വര്‍ധിക്കുമെന്നും സിബിആര്‍ഇ റിപ്പോര്‍ട്ടില്‍ പറയുന്നു.
ദക്ഷിണേന്ത്യയിലുള്ള റിയല്‍റ്റി വിപണിയില്‍ ഇതിന് മുമ്പും സ്ഥാനം കയ്യടക്കിവെച്ചിരുന്നത് ഹൈദരാബാദ് തന്നെയായിരുന്നു. പിന്നീട്, രാഷ്ട്രീയ അസ്ഥിരതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരാന്‍ ആരംഭിച്ചതോടെ വന്‍കിട കമ്പനികള്‍ ഇവിടെ നിക്ഷേപം നടത്താന്‍ മടികാണിച്ചിരുന്നതായി സിബിആര്‍ഇ സൗത്ത് ഏഷ്യ പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാനും എംഡിയുമായ അനുഷ്മാന്‍ മാഗസിന്‍ വ്യക്തമാക്കി.
ഐടി, ഐടി അധിഷ്ഠിത കമ്പനികളുടെ കടന്നുവരവാണ് ഹൈദരാബാദിനെ മറ്റുള്ള സൗത്ത് ഇന്ത്യന്‍ നഗരങ്ങളേക്കാളും റിയല്‍റ്റി കമ്പനികള്‍ക്ക് പ്രിയം വര്‍ധിക്കാന്‍ കാരണം. ഇതിലേക്ക് ഹൈടെക്ക് സിറ്റി നിര്‍മാണം കൂടി വന്നതോടെ സൗത്ത് ഇന്ത്യന്‍ വിപണിയിലുള്ള ഏറ്റവും മികച്ച വിപണിയാവാന്‍ ഹൈദരാബാദിന് സാധിച്ചു. 2008ല്‍ ഹൈദരാബാദില്‍ ഓഫീസ് സ്റ്റോക്കുകള്‍ 23 മില്ല്യന്‍ ചതുരശ്രയടി വിസ്തീര്‍ണത്തിലായിരുന്നെങ്കില്‍ കഴിഞ്ഞ വര്‍ഷം ഇത് 47 മില്ല്യന്‍ സ്‌ക്വയര്‍ഫീറ്റായിട്ടുണ്ട്.
കൊമേഴ്‌സ്യല്‍ റിയല്‍റ്റി വിപണിയിലാണ് ഈ വിപണിയില്‍ വന്‍ കുതിച്ചുചാട്ടം രേഖപ്പെടുത്തുന്നതെങ്കിലും റെസിഡന്‍ഷ്യല്‍, റീട്ടെയ്ല്‍, ഇന്‍ഡസ്ട്രിയല്‍, ലോജിസ്റ്റിക്‌സ് എന്നീ വിപണികളിലും പുരോഗതി രേഖപ്പെടുത്തുന്നുണ്ട്. വിവര സാങ്കേതിക രംഗത്തെ മികച്ച വളര്‍ച്ച റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളുടെ വില്‍പ്പന വര്‍ധിപ്പിച്ചു. റെസിഡന്‍ഷ്യല്‍ വിപണിയില്‍ പ്രീമിയം-ലക്ഷ്വറി, ഹൈ-മിഡ് എന്റ് സെഗ്മെന്റില്‍ സൗത്ത് ഇന്ത്യയിലെ മറ്റു പ്രമുഖ നഗരങ്ങളായ ബെംഗളൂരു, ചെന്നൈ തുടങ്ങിയവെക്കാളും വിലക്കുറവും ഹൈദരാബാദിലാണെന്ന് സിബിആര്‍ഇ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
നഗരപ്രാന്ത വിപണിയിലടക്കം നിക്ഷേപം വര്‍ധിച്ചതും, കൊമേഴ്‌സ്യല്‍ പദ്ധതികള്‍ കൃത്യസമയത്ത് പൂര്‍ത്തിയായതും കഴിഞ്ഞ വര്‍ഷം ഹൈദരാബാദ് റിയല്‍ എസ്റ്റേറ്റ് വിപണിക്ക് വന്‍ നേട്ടമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ സിബിആര്‍ഇ ചൂണ്ടിക്കാണിക്കുന്നത്.
ഐടി, ഐടി അധിഷ്ഠിത മേഖലകള്‍ തന്നെയാകും ഹൈദരാബാദ് റിയല്‍റ്റി വിപണിയില്‍ നിര്‍ണായക പങ്ക് ഇനിയും വഹിക്കുക. അതേസമയം, ബാങ്കിംഗ്, ഫിനാന്‍സ്യല്‍ സര്‍വീസ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഔട്ട്‌സോഴ്‌സിംഗ് എന്നീ മേഖലകളും വിപണിയില്‍ സ്വാധീനം ചെലുത്തും.
വിപണിയിലെ റീട്ടെയ്ല്‍, റെസിഡന്‍ഷ്യല്‍ എന്നീ മേഖലകളുടെ വളര്‍ച്ചയാണ് ഹൈദരാബാദിന് ഏറ്റവും നേട്ടമാകുന്നത്. നിലവില്‍ ഹൈദരാബാദിലെ റീട്ടെയ്ല്‍ റിയല്‍ എസ്റ്റേറ്റ് സ്‌പെയ്‌സ് എന്ന് പറയുന്നത് 2.7 മില്ല്യന്‍ സ്‌ക്വയര്‍ഫീറ്റാണ്. അടുത്ത വര്‍ഷങ്ങളില്‍ ഇത് 4 മില്ല്യന്‍ ചതുരശ്രയടിയിലധികമാകുമെന്നാണ് വിലയിരുത്തലുകള്‍.
കയറ്റുമതി ഇറക്കുമതി വിപണിക്ക് ഏറ്റവും അനുകൂല സാഹചര്യമുള്ള ഹൈദരാബാദിലൂടെ രാജ്യത്തെ തന്ത്രപ്രധാന ഹൈവേകള്‍ കൂടി കടന്ന് പോകുന്നത് വന്‍കിട കമ്പനികള്‍ക്ക് ഹൈദരാബാദിനോടുള്ള പ്രിയം വര്‍ധിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്.
ഈ മേഖലയുടേതടക്കം സമഗ്രമായ വികസനം മുന്നില്‍ കണ്ട് തെലങ്കാന സര്‍ക്കാര്‍ അടുത്തിടെ തെലങ്കാന സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ പ്രൊജക്റ്റ് അപ്രൂവല്‍ ആന്‍ഡ് സെല്‍ഫ് സര്‍ട്ടിഫിക്കേഷന്‍ ബില്ലിന് അനുമതി നല്‍കിയിരുന്നു. വിവിധ അനുമതികള്‍ വേഗത്തില്‍ ലഭ്യമാക്കുന്നതിനുള്ള ഏകജാലക സംവിധാനമാണിത്.

Comments

comments

Categories: Business & Economy