ഗൂഗിള്‍ ഇന്ത്യയുടെ വരുമാനത്തില്‍ 44% വര്‍ധന

ഗൂഗിള്‍ ഇന്ത്യയുടെ വരുമാനത്തില്‍ 44% വര്‍ധന

മുംബൈ: ഗൂഗിള്‍ ഇന്ത്യയുടെ വാര്‍ഷിക വരുമാനം 44 ശതമാനം വര്‍ധിച്ച് 5,904 കോടി രൂപയിലെത്തിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ കമ്പനിയുടെ ബിസിനസില്‍ ഇരട്ടി വര്‍ധനവാണ് ഉണ്ടായിട്ടുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 35 ശതമാനം വര്‍ധയാണ് കമ്പനിയുടെ വരുമാനത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. മുന്‍ സാമ്പത്തിക വര്‍ഷം 4,108 കോടി രൂപയായിരുന്നു ഗൂഗിളിന്റെ വാര്‍ഷിക വരുമാനം.

അതേസമയം ലാഭം സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. നിരവധി ഇന്റര്‍നെറ്റ് അധിഷ്ടിത സേവനങ്ങളിലും ക്ലൗഡ് കംപ്യൂട്ടിംഗ്, സോഫ്റ്റ്‌വെയറുകള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളിലും ശ്രദ്ധകേന്ദ്രീകരിച്ചാണ് ഗൂഗിള്‍ പ്രവര്‍ത്തിക്കുന്നതെങ്കിലും പരസ്യ സേവനങ്ങളില്‍ നിന്നാണ് കമ്പനിയുടെ വരുമാനത്തില്‍ ഏറെയും നേടാനായതെന്നാണ് വിലയിരുത്തുന്നത്. ഇന്ത്യയില്‍ ഇന്റര്‍നെറ്റ് അധിഷ്ടിത സേവനങ്ങളുടെ മുന്നേറ്റത്തില്‍ അതീവ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയാണ് കമ്പനി.

രാജ്യത്ത് ഡിജിറ്റല്‍ അഡ്വടൈസിംഗ് രംഗത്ത് വലിയ വളര്‍ച്ചയാണ് നിരീക്ഷിച്ചിട്ടുള്ളത്. ഇതിനോടകം തന്നെ 350 മില്യണ്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളെ നേടാനും ഈ മേഖലയ്ക്കായിട്ടുണ്ട്. രാജ്യത്ത് 200 മില്യണിലധികം സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കളുണ്ടെന്നതും ഈ മേഖലയുടെ വളര്‍ച്ചാ സാധ്യത വ്യക്തമാക്കുന്നു. ഡിജിറ്റല്‍ പരസ്യ സേവനങ്ങളിലൂടെ ഉപഭോക്താക്കളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സാധിച്ചതായി ഗൂഗിള്‍ ഇന്ത്യ, സൗത്ത് ഏഷ്യ ഉപാധ്യക്ഷന്‍ രാജന്‍ ആനന്ദന്‍ പറഞ്ഞു. ബ്രാന്‍ഡിംഗിലും പ്രകടനത്തിലും ശ്രദ്ധകേന്ദ്രീകരിച്ച് നിരവധി പുതിയ ഉല്‍പ്പന്നങ്ങള്‍ കമ്പനി അവതരിപ്പിച്ചിട്ടുണ്ടെന്നും, പരസ്യ സേവന മേഖലയില്‍ അഭൂതപൂര്‍വമായ വളര്‍ച്ച കൈവരിക്കുന്നതിന് സഹായിച്ചത് ഈ നേട്ടമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Comments

comments

Categories: Branding