യുണൈറ്റഡിന് സമനില, ലിവര്‍പൂളിന് തോല്‍വി

യുണൈറ്റഡിന് സമനില, ലിവര്‍പൂളിന് തോല്‍വി

 

 

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സമനിലക്കുരുക്ക്. എവര്‍ട്ടണിനെതിരെ ഒരു ഗോളിന്റെ സമനിലയാണ് ഹോസെ മൗറീഞ്ഞോയുടെ പരിശീലനത്തിന്‍ കീഴിലിറങ്ങിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വഴങ്ങിയത്.
മത്സരത്തില്‍, സ്വീഡിഷ് താരമായ സ്ലാട്ടണ്‍ ഇബ്രാഹിമോവിച്ചിലൂടെ ആദ്യം ലീഡ് നേടിയത് മാഞ്ചസ്റ്റര്‍ യുണൈറ്റഡായിരുന്നു. കളിയുടെ ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് സ്ലാട്ടണ്‍ ഇബ്രാഹിമോവിച്ച് എവര്‍ട്ടണിന്റെ വല കുലുക്കിയത്.
അതേസമയം, സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തിന്റെ രണ്ടാം പകുതിയില്‍ അനുവദിക്കപ്പെട്ട പെനാല്‍റ്റിയിലൂടെയായിരുന്നു എവര്‍ട്ടണ്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ സമനില ഗോള്‍ കണ്ടെത്തിയത്.
എവര്‍ട്ടണ്‍ താരം ഇഡ്രിസ ഗ്വേയെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മരോയ്ന്‍ ഫെല്ലിനി ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി ഇംഗ്ലീഷ് ഫുട്‌ബോളര്‍ ലെയ്റ്റണ്‍ ബെയ്ന്‍സ് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
പരാജയത്തെ തുടര്‍ന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീമിനെതിരെ ആരാധകര്‍ രംഗത്തെത്തി. തുടര്‍ച്ചയായ മത്സരങ്ങളില്‍ തോല്‍വിയും സമനിലയുമായി വലയുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കളിക്കാരെ സമൂഹ മാധ്യമങ്ങളിലൂടെയാണ് ആരാധകര്‍ വിമര്‍ശിച്ചത്.
വെയ്ന്‍ റൂണി, സ്ലാട്ടണ്‍ ഇബ്രാഹിമോവിച്ച്, പോള്‍ പോഗ്ബ, മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് തുടങ്ങിയ വന്‍ താരനിര ഉണ്ടായിട്ടും കുറച്ചുനാളുകളായി മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ മികവ് പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മറ്റൊരു മത്സരത്തില്‍ വമ്പന്മാരായ ലിവര്‍പൂള്‍ ബേണ്‍മൗത്തിനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങി. മൂന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ലിവര്‍പൂളിനെതിരായ ബേണ്‍മൗത്തിന്റെ ജയം.
മത്സരത്തിന്റെ അവസാന പതിനഞ്ച് മിനുറ്റിനുള്ളിലായിരുന്നു ബേണ്‍മൗത്തിന്റെ മൂന്ന് ഗോളുകളും ലിവര്‍പൂളിന്റെ വലയില്‍ വീണത്. കളിയുടെ ആദ്യ 75 മിനുറ്റില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മുന്നിട്ട് നിന്നതിന് ശേഷമായിരുന്നു ലിവര്‍പൂളിന്റെ തോല്‍വി.
സാദിയോ മനെ, ദിവോക് ഒറിജി എന്നിവരുടെ ഗോളുകളില്‍ ആദ്യം 2-0ത്തിന് മുന്നിലായിരുന്നു ലിവര്‍പൂള്‍. അധികം വൈകാതെ ബേണ്‍മൗത്തിന് വേണ്ടി കാല്ലം വില്‍സണ്‍ ഒരു ഗോള്‍ മടക്കി. എന്നാല്‍, എംറെ കാന്‍ വീണ്ടും ലിവര്‍പൂളിന്റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി.
അതേസമയം, മത്സരത്തിന്റെ 76, 78 മിനുറ്റുകളില്‍ യഥാക്രമം റയാന്‍ ഫ്രേസര്‍, സ്റ്റീവ് കുക്ക് എന്നിവര്‍ ഗോളുകള്‍ നേടിയതോടെ ബേണ്‍മൗത്ത് ഒപ്പമെത്തുകയായിരുന്നു. മത്സരത്തിന്റെ അധിക സമയത്ത് നദാന്‍ ആക്കെയാണ് ബേണ്‍മൗത്തിന്റെ വിജയ ഗോള്‍ നേടിയത്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണിലെ പതിനാല് മത്സരങ്ങളില്‍ നിന്നും 34 പോയിന്റുമായി ചെല്‍സിയാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് മുപ്പത്തൊന്ന് പോയിന്റുള്ള ആഴ്‌സണലും.
ബേണ്‍മൗത്തിനെതിരായ അപ്രതീക്ഷിത തോല്‍വിയോടെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാാനത്തേക്ക് കടക്കാനുള്ള ലിവര്‍പൂളിന്റെ ഒരവസരം നഷ്ടമായി. പതിനാല് മത്സരങ്ങളില്‍ നിന്നും 30 പോയിന്റാണ് ലിവര്‍പൂളിന്.
പോയിന്റ് പട്ടികയില്‍ 30 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി അഞ്ചാമതും 27 പോയിന്റുള്ള ടോട്ടന്‍ഹാം ഹോട്‌സ്പര്‍ ആറാം സ്ഥാനത്തുമാണ്. എവര്‍ട്ടണിനെതിരെ സമനില വഴങ്ങിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 21 പോയിന്റുമായി ഇവര്‍ക്ക് പിന്നിലാണ്.

Comments

comments

Categories: Sports