നോട്ട് അസാധുവാക്കലില്‍ സന്തോഷിച്ച് ചൈനീസ് സംരംഭകന്‍ ജാക്ക് മാ

നോട്ട് അസാധുവാക്കലില്‍ സന്തോഷിച്ച് ചൈനീസ് സംരംഭകന്‍ ജാക്ക് മാ

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് അസാധുവാക്കല്‍ നയത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളിലൊരാളാകുന്നത് ചൈനയിലെ ശതകോടീശ്വരന്‍ ജാക് മാ. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആണ് ഇന്ന് ജാക്ക് മാക്ക് മറ്റാരെക്കാളും ആവശ്യമെന്നായിരുന്നു കഴിഞ്ഞ ദിവസം ബ്ലൂം ബര്‍ഗ് കോളമിസ്റ്റ് ടിം കള്‍പ്പന്‍ പങ്കുവെച്ച അഭിപ്രായം. അദ്ദേഹത്തിന്റെ അഭിപ്രായത്തിന്റെ പൊരുള്‍ അറിയാന്‍ അധികമൊന്നും മെനക്കെടേണ്ടതില്ല. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ച തൊട്ടടുത്ത ദിവസം ഇന്ത്യയിലെ പ്രധാനപ്പെട്ട പത്രങ്ങളിലെല്ലാം വന്ന ഫുള്‍പേജ് പരസ്യങ്ങള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ മതി. മോദിയുടെ നടപടിയെ പുകഴ്ത്തി ഇ-വാലറ്റ് കമ്പനി പേടിഎം നല്‍കിയതായിരുന്നു പരസ്യങ്ങള്‍.

ജാക്ക് മായും ലോകത്തെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് കമ്പനി എന്ന് പേരു നേടിയ അദ്ദേഹത്തിന്റെ ആലിബാബയും ഇന്ന് വളര്‍ച്ചയ്ക്കായി ഏറ്റവും കൂടുതല്‍ ഉറ്റുനോക്കുന്നത് ഇന്ത്യയെ ആണ്. നോട്ട് രഹിത ട്രാന്‍സാക്ഷനുകളില്‍ മുന്‍പന്തിയിലെത്താന്‍ ശ്രമിക്കുകയാണ് ആലിബാബയുടെ ആലിപേ വിഭാഗം. ഇന്ത്യയില്‍ നോട്ട് അസാധുവാക്കലില്‍ ഏറ്റവും വലിയ ഗുണഭോക്താവായി സകലരും വിലയിരുത്തുന്നത് പേടിഎമ്മിനെയാണ്. പേടിഎമ്മിലാകട്ടെ ജാക് മാ വന്‍നിക്ഷേപം നടത്തിയിട്ടുമുണ്ട്. 90 ശഥമാനവും കാഷ് ട്രാന്‍സാക്ഷന്‍ നടക്കുന്ന ഇന്ത്യ ഡിജിറ്റല്‍ ആവാസവ്യവസ്ഥയിലേക്ക് മാറുമ്പോള്‍ ഏറ്റവുമധികം നേട്ടം കൊയ്യുന്നത് പേടിഎമ്മാണ്. അതുകൊണ്ടുതന്നെ ജാക് മായ്ക്ക് യാതൊരു പേടിയും ഇനി വേണ്ടെന്നാണ് പല വിലയിരുത്തലുകളും വരുന്നത്.

ആലിബാബ ഗ്രൂപ്പും അവരുടെ സഹകമ്പനിയായ ആന്റ് ഫിനാന്‍ഷ്യലും കഴിഞ്ഞ വര്‍ഷം പേടിഎമ്മിന്റെ മാതൃകമ്പനിയായ വണ്‍97 കമ്യൂണിക്കേഷനിലേക്ക് ഒഴുക്കിയത് 680 മില്ല്യണ്‍ ഡോളറിന്റെ നിക്ഷേപമാണ്. ഇപ്പോള്‍ കമ്പനിയുടെ 40 ശതമാനം ഓഹരി കൈയാളുന്നതും അവരാണ്. ഇത് നേരത്തെ വലിയ ചര്‍ച്ച ആയിരുന്നു. നോട്ട് അസാധുവാക്കലില്‍ പേടിഎം വഴി ചൈനയിലെ ഏറ്റവും വലിയ കോടീശ്വരനാണ് നേട്ടമുണ്ടാകുന്നതെന്ന വിലയിരുത്തല്‍ ആര്‍എസ്എസിനെയും അലോസരപ്പെടുത്തുന്നുണ്ട്. ആര്‍എസ്എസിന്റെ കീഴിലുള്ള സ്വദേശി ജാഗരണ്‍ മഞ്ച് ഇതിനെക്കുറിച്ച് വിശദമായി പഠിക്കുമെന്ന് അടുത്തിടെ പറഞ്ഞിരുന്നു.

Comments

comments

Categories: Slider, Top Stories