നോട്ട് അസാധുവാക്കല്‍: സേവന മേഖലയിലെ പിഎംഐ 46.7 ലേക്ക് ഇടിഞ്ഞു

നോട്ട് അസാധുവാക്കല്‍:  സേവന മേഖലയിലെ പിഎംഐ 46.7 ലേക്ക് ഇടിഞ്ഞു

 

ബെംഗളൂരു : നോട്ട് അസാധുവാക്കിയതിനെതുടര്‍ന്ന് നവംബറില്‍ രാജ്യത്തെ സേവന മേഖലയില്‍ ഡിമാന്‍ഡ് കുത്തനെ കുറഞ്ഞതായി റിപ്പോര്‍ട്ട്. നിര്‍മാണ മേഖലയിലും തളര്‍ച്ച നേരിട്ടിട്ടുണ്ട്. നിക്കി/മാര്‍കിറ്റ് സര്‍വീസസ് സേവന മേഖലയ്ക്ക് രേഖപ്പെടുത്തിയ പര്‍ച്ചെയ്‌സിംഗ് മാനേജേഴ്‌സ് ഇന്‍ഡക്‌സ് ഒക്‌റ്റോബറിലെ 54.5ല്‍നിന്ന് നവംബറില്‍ 46.7ലേക്ക് പതിച്ചു. 2015 ജൂണിന് ശേഷം ഇതാദ്യമായാണ് സൂചിക അമ്പതിന് താഴെ പോകുന്നത്. ആഗോള സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ 2008 നവംബറിന് ശേഷം ഒരു മാസത്തില്‍ ഇത്രയധികം കുറയുന്നതും ഇതാദ്യം തന്നെ.

500, 1000 രൂപ നോട്ടുകള്‍ നോട്ടുകള്‍ പിന്‍വലിച്ചതാണ് രാജ്യത്തെ സേവന മേഖലയിലെ കമ്പനികളെ പ്രതികൂലമായി ബാധിച്ചതെന്നാണ് ഐഎച്ച്എസ് മാര്‍ക്കിറ്റിലെ സാമ്പത്തിക വിദഗ്ധന്‍ പൊല്യാന ഡി ലിമ ചൂണ്ടിക്കാട്ടുന്നത്. കള്ളപ്പണത്തിനും അഴിമതിക്കുമെതിരായ നടപടി എന്ന നിലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബര്‍ 8 നാണ് രാജ്യത്ത് വിനിമയത്തിലുണ്ടായിരുന്ന 86 ശതമാനത്തോളം വരുന്ന നോട്ടുകള്‍ അസാധുവാക്കിയത്.

നോട്ട് പിന്‍വലിച്ചതിനെതിനെതുടര്‍ന്ന് പ്രധാനമായും കറന്‍സിയെ ആശ്രയിക്കുന്ന സമ്പദ് വ്യവസ്ഥയിലെ ധനകാര്യ സ്ഥാപനങ്ങളും ഹോട്ടല്‍, റെസ്‌റ്റോറന്റുകള്‍ തുടങ്ങി നിരവധി ബിസിനസ് പ്രവര്‍ത്തനങ്ങളും താറുമാറായി. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ 60 ശതമാനത്തോളം സേവന മേഖലയാണ് സംഭാവന ചെയ്യുന്നത്. സേവന മേഖലയുടെ തളര്‍ച്ച രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെയും ബാധിക്കും.

സേവന മേഖലയുടെ കിതപ്പ് അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയെന്ന ഇന്ത്യയുടെ ഖ്യാതിക്ക് മങ്ങലേല്‍പ്പിക്കുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ജൂലൈ-സെപ്റ്റംബര്‍ പാദത്തിലെ 7.3 ശതമാനത്തില്‍ നിന്ന് ഇതിന്റെ പകുതിയിലേക്ക് വളര്‍ച്ചാ നിരക്ക് കൂപ്പുകുത്തുമെന്ന് ചിലര്‍ നിരാശ പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഒക്‌റ്റോബറിനെ അപേക്ഷിച്ച് വിവിധ സ്ഥാപനങ്ങള്‍ തങ്ങളുടെ നിരക്കില്‍ കുത്തനെ കുറവുവരുത്തുകയും ചെയ്തിട്ടുണ്ടെന്ന് സര്‍വേ വ്യക്തമാക്കുന്നു.
നിര്‍മാണ, സേവന മേഖലകളുടെ സംയോജിത പിഎംഐ ഒക്‌റ്റോബറിലെ 55.4ല്‍ നിന്ന് നവംബറില്‍ 49.1ലേക്ക് താഴ്ന്നിട്ടുണ്ട്.

Comments

comments

Categories: Slider, Top Stories