നോട്ട് ക്ഷാമം പരിഹരിക്കും വരെ ബാങ്കുകള്‍ അടച്ചിടണമെന്ന് എഐബിഇഎ

നോട്ട് ക്ഷാമം പരിഹരിക്കും വരെ ബാങ്കുകള്‍ അടച്ചിടണമെന്ന് എഐബിഇഎ

മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മതിയായ പണം വിതരണം ചെയ്യുന്നതുവരെ ബാങ്കുകള്‍ അടച്ചിടണമെന്ന് ബാങ്കിംഗ് ജീവനക്കാരുടെ സംഘടന ആവശ്യപ്പെട്ടു. നോട്ട് നിരോധനം പ്രഖ്യാപിച്ച് ഒരു മാസത്തിനു ശേഷവും ബാങ്കുകളില്‍ ആവശ്യത്തിന് പണമില്ലാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ക്കെതിരെയുള്ള കൈയേറ്റ ശ്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ബാങ്കുകള്‍ അടച്ചിടാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

നോട്ടു മാറ്റി നല്‍കുന്നതിനും നിക്ഷേപം പിന്‍വലിക്കുന്നതിനും ആവശ്യമായ പണം ബാങ്കുകളിലെത്തിക്കും വരെ 15 ദിവസത്തേക്കെങ്കിലും ബാങ്ക് പ്രവര്‍ത്തനം നിര്‍ത്തിവെക്കുന്നതിനുള്ള നടപടികള്‍ ആര്‍ബിഐ സ്വീകരിക്കണമെന്ന് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ (എഐബിഇഎ) നേതാവ് സി എച്ച് വെങ്കടാചലം ആവശ്യപ്പെട്ടു. ആസൂത്രണങ്ങളില്ലാതെയാണ് നോട്ട് പിന്‍വലിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ എടുത്തത്. കള്ളപ്പണം തടയുന്നതിനെതിരെയുള്ള ശ്രമങ്ങളെ എല്ലാവരും പിന്തുണയ്ക്കും. എന്നാല്‍ ഇപ്പോഴത്തെ നടപടി കള്ളപ്പണത്തിന്റെ ഒഴുക്കിന് തടയിടില്ലെന്നും സാധരണക്കാരെയും ബാങ്ക് ജീവനക്കാരെയും പ്രതിസന്ധിയിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉപഭോക്താക്കളെ പണപ്രതിസന്ധി സംബന്ധിച്ച് കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കുന്നതില്‍ ജീവനക്കാര്‍ ബുദ്ധിമുട്ട് നേരിടുന്നതായും, നിലവിലെ സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ ആര്‍ബിഐ നിലപാട് വ്യക്തമാക്കണമെന്നും വെങ്കടാചലം പറഞ്ഞു. പിന്‍വലിച്ച നോട്ടുകള്‍ക്കു പകരം രാജ്യത്തെ 2 ലക്ഷം എടിഎമ്മുകളിലും 1.35 ലക്ഷം ബാങ്ക് ബ്രാഞ്ചുകളിലും എത്തിയിട്ടുള്ള പുതിയ നോട്ടുകളുടെ തുകയേക്കാള്‍ അധികമായിരുന്നു രാജ്യത്തെ ജനങ്ങള്‍ക്ക് ആവശ്യമായ പണം. ബാങ്കിന്റെ ഭാഗത്തു നിന്നല്ലാതെ സംഭവിച്ച പാളിച്ചകള്‍ കാരണം പല ബാങ്കുകളും അടച്ചിട്ട് പ്രവര്‍ത്തിക്കേണ്ട അവസ്ഥയുണ്ടായി. രാജ്യത്തിന്റെ പലഭാഗത്തും ബാങ്ക് ജീവനക്കാര്‍ക്ക് മര്‍ദനമേറ്റതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ ചൂണിക്കാണിച്ചും ബാങ്ക് ജീവനക്കാര്‍ക്ക് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ടും എഐബിഇഎ നേതൃത്വം ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്ക് കത്തയച്ചിട്ടുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് യാതൊരു നടപടിയും ധനമന്ത്രിയോ ആര്‍ബിഐ, ഐബിഎ വൃത്തങ്ങളോ സ്വീകരിച്ചിട്ടില്ലെന്നും സംഘടന ആരോപിക്കുന്നു.

നോട്ട് നിരോധനത്തിന്റെ പരിണിതഫലങ്ങള്‍ നേരിടുന്നതിന് സുതാര്യമായ നടപടി സ്വീകരിക്കണമെന്ന് ആര്‍ബിഐയോടും അസോസിയേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ പകുതിയോളം ബാങ്കുകളില്‍ പണദൗര്‍ലഭ്യം നേരിടുന്നുണ്ടെന്നും ബാങ്കി വരുന്നവയും ഇതേ അവസ്ഥയിലേക്ക് പോകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Comments

comments

Categories: Banking