ചൈനീസ് വാഹന നിര്‍മാണ ഭീമന്‍ സയ്ക്ക് ഇന്ത്യയിലേക്ക്

ചൈനീസ് വാഹന നിര്‍മാണ ഭീമന്‍ സയ്ക്ക് ഇന്ത്യയിലേക്ക്

മുംബൈ: ചൈനയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ സയ്ക്ക് ( SAIC- ഷാങ്ഹായ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി കോര്‍പ്പറേഷന്‍) ഇന്ത്യയിലേക്ക്. രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ വാഹന വിപണിയില്‍ ഒരു ബില്ല്യന്‍ ഡോളര്‍ നിക്ഷേപം നടത്താനുള്ള പദ്ധതികളാണ് സയ്ക്ക് നടത്തിക്കൊണ്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഭ്യന്തര വിപണിക്കനുയോജ്യമായ വാഹനങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മിക്കാനും കയറ്റുമതി ചെയ്യാനുമുള്ള പദ്ധതിയാണ് കമ്പനിക്കുള്ളത്.

മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ നിര്‍മാണ പ്ലാന്റ് ആരംഭിക്കുന്നതിനുള്ള സൗകര്യങ്ങളും മറ്റു കമ്പനിക്ക് ഇതിനോടകം തന്നെ വിവരിച്ച് നല്‍കിയിട്ടുണ്ട്. അടുത്ത സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തിലോ, രണ്ടാം പാദത്തിലോ കമ്പനി ഇന്ത്യന്‍ വിപണി പ്രവേശനവുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് വാഹന വിപണി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഇന്ത്യന്‍ വിപണി പ്രവേശനവുമായി ബന്ധപ്പെട്ട് സയ്ക്ക് അവസാന ഘട്ട നടപടിക്രമങ്ങളിലാണെന്നും ഇവര്‍ അറിയിച്ചു.
ഗുജാറാത്തിലുള്ള ജനറല്‍ മോട്ടോഴ്‌സിന്റെ ഹലോള്‍ പ്ലാന്റ് വാങ്ങാനുള്ള താല്‍പ്പര്യം സയ്ക്ക് ആദ്യം പ്രകടിപ്പിച്ചിരുന്നു. ഷെവര്‍ലെ ടവേര നിര്‍മിക്കുന്ന ഈ പ്ലാന്റ് ജനറല്‍ മോട്ടോഴ്‌സിനെ അപേക്ഷിച്ച് അടച്ചുപൂട്ടലിന്റെ വക്കിലാണ്. അന്ന് താല്‍പ്പര്യം കാണിച്ചിരുന്നെങ്കിലും നിലവില്‍ സയ്ക്കിന് ഈ പ്ലാന്റില്‍ താല്‍പ്പര്യമില്ലെന്നാണ് സൂചന.
ഇന്ത്യയില്‍ കമ്പനി നിക്ഷേപം നടത്തുമ്പോള്‍ സംസ്ഥാന സര്‍ക്കാറുകളില്‍ നിന്നും ലഭിക്കുന്ന ആനുകൂല്യം സയ്ക്ക് തിരിച്ച് പ്രതീക്ഷിക്കുന്നുണ്ട്. പഴയ പ്ലാന്റ് വാങ്ങുമ്പോള്‍ ഈ ആനുകൂല്യം ലഭിച്ചേക്കില്ല എന്നതാണ് കമ്പനി ജനറല്‍ മോട്ടോഴ്‌സ് പ്ലാന്റ് വാങ്ങുന്നതില്‍ നിന്നും പിന്‍വാങ്ങാന്‍ കാരണമെന്നും വിലയിരുത്തലുകളുണ്ട്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജനറല്‍ മോട്ടോഴ്‌സില്‍ നിന്നും സയ്ക്ക് ഓഹരികള്‍ വാങ്ങിയിരുന്നു.
ഒരു പ്ലാന്റ് നിര്‍മാണം പൂര്‍ത്തിയാക്കി പുതിയ പ്രൊഡക്റ്റ് വിപണിയിലെത്തിക്കുന്നതിന് ഏകദേശം 18 മാസത്തോളമാണ് സയ്ക്ക് കോര്‍പ്പറേഷന് വേണ്ടിവരികയെന്നാണ് വിപണിയില്‍ നിന്നുള്ള സൂചന. 2018 അവസാനത്തോടെയാകും കമ്പനിയുടെ ആദ്യ വാഹനം ഇന്ത്യയില്‍ വില്‍പ്പന നടക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
എല്ലാ കാറ്റഗറിയിലും മോഡലുകളുള്ള സയ്ക്കിന് മാക്‌സസ്, എംജി, റോവെ, യൂജെന്‍ എന്നീ ബ്രാന്‍ഡുകളും സ്വന്തമായുണ്ട്. ജനറല്‍ മോട്ടോഴ്‌സ്, സ്‌കോഡ, ഇവെകൊ, ഫോക്‌സ്‌വാഗണ്‍ എന്നീ കമ്പനികളുമായി സംയുക്ത പങ്കാളിത്തത്തിലും സയ്ക്ക് വാഹനങ്ങള്‍ നിര്‍മിക്കുന്നുണ്ട്.
2010ല്‍ ജനറല്‍ മോട്ടോഴ്‌സുമായി സഹകരിച്ച് ഇന്ത്യന്‍ വിപണിയിലെത്തിയിരുന്നെങ്കിലും തന്ത്രം ഫലിച്ചിരുന്നില്ല. പിന്നീട് പ്രാദേശിക വിപണികള്‍ക്കനുയോജ്യമായ പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാനാണ് കമ്പനി തയാറെടുക്കുന്നത്.
ഇന്ത്യയ്ക്ക് മാത്രമായി പ്രൊഡക്റ്റുകള്‍ നിര്‍മിക്കാനുള്ള ഇന്ത്യ ഫോക്കസഡ് പ്രൊഡക്റ്റ് ഡെവലപ്‌മെന്റ് കേന്ദ്രം കമ്പനി ഇന്ത്യയില്‍ ഒരുക്കും. ഇതിലൂടെ കാറുകളുടെ വിലയില്‍ കുറവ് വരുത്താനും നേട്ടത്തിലെത്താനും സാധിക്കുമെന്നാണ് സയ്ക്ക് കണക്കുകൂട്ടുന്നത്.
അതിവേഗം വളര്‍ച്ച കൈവരിക്കുന്ന ഇന്ത്യന്‍ വാഹന വിപണിയില്‍ കൂടുതല്‍ വിദേശ കമ്പനികള്‍ നിക്ഷേപം നടത്തുന്നത് വര്‍ധിച്ചിട്ടുണ്ട്. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ലോക വാഹന വിപണികളില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ.
അതേസമയം, ഒരു പതിറ്റാണ്ടോളം ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യമുള്ള ഫോക്‌സ്‌വാഗണ്‍, ഫോര്‍ഡ് മോട്ടോഴ്‌സ്, ജനറല്‍ മോട്ടോഴ്‌സ് തുടങ്ങിയ കമ്പനികള്‍ക്ക് ഇതുവരെ കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. ഇത്തരം സാഹചര്യത്തില്‍ ചൈനീസ് വാഹന നിര്‍മാതാവിന് എത്രത്തോളം നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് വിദഗ്ധര്‍ ഉറ്റുനോക്കുന്നത്.
കുറഞ്ഞ ചെലവിലുള്ള സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി കാറുകളും മറ്റും വില്‍പ്പന നടത്തി ലക്ഷ്യം കാണാന്‍ സാധിക്കുമെന്നാണ് കമ്പനി കണക്കുകൂട്ടുന്നത്. എന്നാല്‍, വാഹനത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതും കമ്പനിയുടെ സാധ്യത കണ്ടറിയേണ്ട കാര്യമാണെന്നാണ് ഒരു കൂട്ടര്‍ വാദിക്കുന്നത്.

Comments

comments

Categories: Auto

Write a Comment

Your e-mail address will not be published.
Required fields are marked*