ഗ്രാമങ്ങളില്‍ ആരോഗ്യപരിശോധ എളുപ്പമാക്കി ചികിത്സക്

ഗ്രാമങ്ങളില്‍ ആരോഗ്യപരിശോധ എളുപ്പമാക്കി ചികിത്സക്

ഭൂരിപക്ഷം വരുന്ന ഗ്രാമീണ ജനതയ്ക്ക് ഇന്നും പ്രാഥമിക ആരോഗ്യ ചെക്കപ്പ് എന്നത് വിദൂരസ്വപ്‌നമാണ്. ചെറിയ പരിശോധനകള്‍ക്കുവേണ്ടി കിലോമീറ്ററുകളോളം യാത്ര ചെയ്താണ് ഉള്‍നാടന്‍ ഗ്രാമങ്ങളിലുള്ളവര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ എത്തുന്നത്. ഇതിനൊരു പരിഹാരവുമായി മുന്നോട്ട് വന്നിരിക്കുകയാണ് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചികിത്‌സക്‌സ് എന്ന സ്റ്റാര്‍ട്ടപ്പ്. ഇവര്‍ ഗ്രാമങ്ങള്‍ തോറും രോഗികള്‍ക്ക് ആരോഗ്യ പരിശോധനയ്ക്കുള്ള സൗകര്യം പടിവാതില്‍ക്കല്‍ എത്തിക്കുന്നു.

സന്നദ്ധ സംഘടനകളുമായി സഹകരിച്ച് ജോലിക്കാര്‍ക്ക് ചികിത്സക്‌സ് (പരിചാരകര്‍) ആകാനുള്ള പരിശീലനം നല്‍കുകയാണ് കമ്പനിയിപ്പോള്‍. സാങ്കേതികവിദ്യ ഉപയോഗിച്ച് അവികസിതമേഖലകളില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. പകര്‍ച്ചവ്യാധികള്‍ അല്ലാത്ത രോഗങ്ങളിലായിരിക്കും ഞങ്ങള്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക. ഈ മേഖലയില്‍ 12 മുതല്‍ പതിനെട്ട് മാസം വരെ സമയമെടുത്ത് സൂക്ഷ്മ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. ചികിത്സക്കിന്റെ സ്ഥാപകനായ മിലിന്ദ് നായിക് പറയുന്നു.

ഗ്രാമീണ ജനതയെ സംബന്ധിച്ചിടത്തോളം അവരുടെ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രം ഏകദേശം 16 മുതല്‍ 24 കിലോമീറ്റര്‍ വരെ ദൂരത്തിലായിരിക്കും. ചെറിയ പരിശോധനകള്‍ക്ക് അവിടെ വരെ പോകണമെങ്കില്‍ ഒരു ദിവസത്തെ മെനക്കേടാണെന്നും ഏകദേശം 800 രൂപയെങ്കിലും നഷ്ടം വരുമെന്നുമാണ് ഉള്‍നാടന്‍ ഗ്രാമങ്ങളിലെ പലരുടെയും ധാരണ-നായിക് കൂട്ടിചേര്‍ത്തു.

രണ്ട് വര്‍ഷം മുമ്പ് നായിക്കും ഭാര്യ മഹാലക്ഷ്മി നായിക്കും ചേര്‍ന്നാണ് ചികിത്സക്കിന് തുടക്കം കുറിക്കുന്നത.് കാമറ ബാഗ് പോലുള്ള ഒരു കിറ്റാണ് ഇവര്‍ ഉപയോഗിക്കുന്നത്. ഒരു പ്രിന്റര്‍, ഒരു ആന്‍ഡ്രോയിഡ് ടാബ്, ഒരു സിമ്പിള്‍ കളേര്‍ഡ് ഹെല്‍ത്ത് ചാര്‍ട്ട് എന്നിവയായിരിക്കും കിറ്റില്‍ ഉണ്ടായിരിക്കുക. ഇസിജി, അനീമിയ, രക്തസമ്മര്‍ദ്ദം, വാട്ടര്‍ ക്വാളിറ്റി, ഹൃദയമിടിപ്പ്, ഭാരം, ബിഎംഐ, കാഴ്ച തുടങ്ങി പതിനേഴോളം പാരാമീറ്റേഴ്‌സ് സ്‌ക്രീന്‍ ചെയ്യുന്നതിന് 50 രൂപയെ ചെലവ് വരുകയുള്ളു.

രക്തസമ്മര്‍ദ്ദം അറിയാനാണ് രോഗി വരുന്നതെങ്കില്‍ ഒരു കഫ് ധരിച്ച് ബട്ടണ്‍ അമര്‍ത്തിയാല്‍ ഉടന്‍ രക്തസമ്മര്‍ദ്ദം സാധാരണനിലയിലാണോ അല്ലയോ എന്ന് മനസ്സിലാക്കാന്‍ കഴിയും. എല്ലാ ടെസ്റ്റുകള്‍ക്കുള്ള ഉപകരണങ്ങളും ഇങ്ങനെ ഒരു ബട്ടണ്‍പ്രസ്സില്‍ പ്രവര്‍ത്തിക്കുന്നവയാണ്. ടെസ്റ്റിന്റെ ഫലം ഉടന്‍ തന്നെ ബ്ലൂടൂത്ത് വഴി ആന്‍ഡ്രോയിഡ് ടാബിലേക്ക് കൈമാറ്റം ചെയ്യും. അതിനാല്‍ തന്നെ ഞങ്ങള്‍ക്ക് പരീശീലനം ലഭിച്ച പാരാമെഡിക്കല്‍ സ്റ്റാഫിന്റെ സേവനം ആവശ്യമില്ല-നായിക് പറയുന്നു.

മൂന്നുദിവസത്തെ പരിശീലനമാണ് ചികിത്സക്കുകള്‍ക്ക് നല്‍കുക. ആദ്യത്തെ രണ്ട് ദിവസം ഡയബറ്റിസ്, സ്‌ട്രോക്ക്, ഹൈപ്പര്‍ ടെന്‍ഷന്‍ തുടങ്ങിയ പകര്‍ച്ചവ്യാധികളല്ലാത്ത രോഗങ്ങളെ കുറിച്ചുള്ള അവബോധവും മൂന്നാമത്തെ ദിവസം ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള പരിശീലനവും ആയിരിക്കും നല്‍കുക.

പലപ്പോഴും ആളുകള്‍ ഞങ്ങളോട് ചോദിക്കാറുണ്ട് നിങ്ങള്‍ പുതുതായി എന്ത് കണ്ടെത്തല്‍ ആണ് നടത്തിയത്? ഇതില്‍ ഒരു പുതുമയും ഇല്ലല്ലോ എന്നൊക്കെ. ഞങ്ങള്‍ നിലവിലുള്ളവയെ മൊത്തത്തില്‍ മാറ്റിമറിക്കുകയല്ല ചെയ്തത്. നിലവിലുള്ള സാഹചര്യങ്ങളെ മെച്ചപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഞങ്ങളുടെ ഹെല്‍ത്ത് വര്‍ക്കേഴ്‌സിന് 11000 നും 12500 നും ഇടയില്‍ മാസംതോറും സമ്പാദിക്കാന്‍ കഴിയുന്നുണ്ട്. ഗ്രാമങ്ങളിലുള്ളവര്‍ക്ക് കുറഞ്ഞ ചെലവില്‍ അവരുടെ പടിവാതില്‍ക്കല്‍ തന്നെ സേവനം ലഭ്യമാവുകയും ചെയ്യുന്നു-നായിക് പറയുന്നു.
നിലവില്‍ കര്‍ണ്ണാടകയുടെ പലഭാഗങ്ങളിലായി 300 ഓളം എന്‍ജിഒകളുമായി ഈ അഞ്ചംഗ സ്റ്റാര്‍ട്ടപ് സഹകരിച്ചു പ്രവര്‍ത്തിക്കുന്നു. റെവന്യു ഷെയര്‍ മോഡലിലാണ് സ്റ്റാര്‍ട്ടപ്പിന്റെ പ്രവര്‍ത്തനം. ഇതുവരെ രണ്ട് ചെറിയ റൗണ്ടുകളിലായി 70 ലക്ഷത്തോളം ഫണ്ട് കമ്പനി ശേഖരിച്ചിട്ടുണ്ട്.

രണ്ടുകാരണങ്ങള്‍ കൊണ്ട് ചികിത്സകിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രാധാന്യം അര്‍ഹിക്കുന്നു. ഒന്ന് കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി രാജ്യം പകര്‍ച്ചവ്യാധികളുമായി മല്ലിടുന്നതില്‍ ശ്രദ്ധയൂന്നുമ്പോള്‍ പകര്‍ച്ചവ്യാധികളല്ലാത്ത രോഗങ്ങളിലും കൂടുതല്‍ പരിചരണവും ശ്രദ്ധയും ആവശ്യമാണ്. രണ്ടാമതായി റൂറല്‍ ഹെല്‍ത് കെയര്‍ സിസ്റ്റം ഇത്തരം രോഗങ്ങളുടെ കാര്യത്തില്‍ വേണ്ട കരുതല്‍ പുലര്‍ത്താന്‍ അപര്യാപ്തമായ സാഹചര്യത്തില്‍ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ അവരുടെ പടിവാതില്‍ക്കല്‍ കുറഞ്ഞ ചെലവില്‍ സേവനം എത്തിക്കാന്‍ കഴിയുന്നത് വന്‍ വിജയമാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കാനുള്ള താറെടുപ്പിലാണ് ചികിത്സക്.

Comments

comments

Categories: Entrepreneurship