‘ആയുര്‍വേദത്തെ മഹത്തായ ജീവിതരീതിയായി മാറ്റിയെടുക്കുക’

‘ആയുര്‍വേദത്തെ മഹത്തായ ജീവിതരീതിയായി മാറ്റിയെടുക്കുക’

കൊച്ചി: ഏഴാമത് ലോക ആയുര്‍വേദ കോണ്‍ഗ്രസും ആരോഗ്യാ എക്‌സ്‌പോയും കൊല്‍ക്കത്തയിലെ സയന്‍സ് സിറ്റിയില്‍ ആരംഭിച്ചു. കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി ശ്രീപാദ് യെശോ നായിക് ഉദ്ഘാടനം ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ ആയുര്‍വേദ സമ്മേളനമാണ് നാലു ദിവസങ്ങളിലായി നടക്കുന്ന ആയുര്‍വേദ കോണ്‍ഗ്രസ്. ആയുര്‍വേദ പരിസ്ഥിതി വ്യവസ്ഥ ശക്തിപ്പെടുത്തുക എന്നതാണ് ഈ സമ്മേളനത്തിന്റെ മുഖ്യ പ്രമേയം.

ആയുര്‍വേദത്തെ മഹത്തായ ഒരു ജീവിതരീതിയാക്കി വളര്‍ത്തിയെടുക്കുന്നതിനുള്ള മാര്‍ഗങ്ങളാണ് ആയുര്‍വേദ കോണ്‍ഗ്രസില്‍ പര്യാലോചിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ആയുര്‍വേദവും പ്രകൃതി ചികില്‍സയും ഒരു സമാന്തര ചികില്‍സാ സമ്പ്രദായമായി ഉണര്‍ന്നു വളരുന്നതെങ്ങനെ എന്ന് വിശദമാക്കുന്നതാണ് ആരോഗ്യാ എക്‌സ്‌പോ.

ആയുര്‍വേദ കോണ്‍ഗ്രസില്‍ അഞ്ച് പ്ലീനറി സെഷനുകളും 25 സമാന്തര സെഷനുകളുമാണ് നടക്കുന്നത്. നിരവധി ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. 20 വിദേശരാജ്യങ്ങളില്‍ നിന്നായി 350 പ്രതിനിധികളടക്കം 3500 പ്രതിനിധികള്‍ ആയുര്‍വേദ കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നു. ആയുര്‍വേദ ഗവേഷകര്‍, ചികില്‍സകര്‍, അധ്യാപകര്‍, പാരമ്പര്യ ചികില്‍സകര്‍, മരുന്നു നിര്‍മാണ സ്ഥാപനങ്ങള്‍, ഔഷധ കൃഷിക്കാര്‍, മരുന്നു ശേഖരണക്കാര്‍, കൃഷി-വനം മേഖലകളിലെ വിദഗ്ധര്‍, വിദേശങ്ങളില്‍ നിന്നുള്ള ഉപയോക്താക്കള്‍ വിദ്യാര്‍ഥികള്‍ തുടങ്ങി ആയുര്‍വേദവുമായി ബന്ധപ്പെടുന്ന എല്ലാ മേഖലകളില്‍ നിന്നുമനുള്ള പ്രതിനിധികള്‍ കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നുണ്ട്.

ഈ മേഖലകളില്‍ നിന്നെല്ലാമുള്ള സ്റ്റാളുകള്‍ ആരോഗ്യാ എക്‌സ്‌പോയില്‍ പങ്കെടുക്കുന്നു. ബിസിനസ് ടു ബിസിനസ് മീറ്റുകള്‍, വര്‍ക്ക് ഷോപ്പുകള്‍ തുടങ്ങിയ നിരവധി പരിപാടികള്‍ ഇവിടെ നടക്കുന്നു. മേളയിലെ ആയുഷ് ക്ലിനിക്കില്‍ പ്രതിനിധികള്‍ക്ക് സൗജന്യ പരിശോധനാ സൗകര്യമുണ്ട്.

നവംബര്‍ 30ന് അര്‍ജന്റീനയിലെയും ഇസ്രയേലിലെയും പ്രമുഖ സര്‍വകലാശാലകളുമായി ആയുര്‍വേദ പഠന ഗവേഷണങ്ങള്‍ക്കായി കേന്ദ്ര ആയുഷ് വകുപ്പിലെ സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ആയുര്‍വേദിക് സയന്‍സസ് ധാരണാപത്രം ഒപ്പുവെച്ചിരുന്നു. അര്‍ജന്റീനയിലെ സവകലാശാലയില്‍ ആയുര്‍വേദത്തില്‍ അക്കാദമിക് ചെയര്‍ തുടങ്ങുന്നതിനും ഇസ്രായേല്‍ സര്‍വകലാശാലയുമായി ചേര്‍ന്ന് ആയുര്‍വേദത്തില്‍ ഗവേഷണ പഠനങ്ങള്‍ നടത്തുന്നതിനുമാണ് ധാരണാപത്രങ്ങള്‍. ആയുഷ് വകുപ്പും വേള്‍ ആയുര്‍വേദ ഫൗണ്ടേഷനുമാണ് പരിപാടിയുടെ മുഖ്യ സംഘാടകര്‍.

Comments

comments

Categories: Branding