ആദിത്യ ബിര്‍ള റീട്ടെയ്‌ലിന്റെ വില്‍പ്പന വര്‍ധിച്ചു

ആദിത്യ ബിര്‍ള റീട്ടെയ്‌ലിന്റെ വില്‍പ്പന വര്‍ധിച്ചു

 

മുംബൈ : മോര്‍ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയുടെ ഉടമസ്ഥരായ ആദിത്യ ബിര്‍ള റീട്ടെയ്ല്‍ ലിമിറ്റഡിന്റെ വില്‍പ്പന കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 21 ശതമാനം വര്‍ധിച്ചു. എന്നാല്‍ ഫിനാന്‍സ് ചെലവുകള്‍ വര്‍ധിച്ചതിനാല്‍ നഷ്ടത്തിന്റെ ഗ്രാഫ് ഉയര്‍ന്നുതന്നെയാണ് നില്‍ക്കുന്നത്. 2016 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ചില്ലറ വ്യാപാര വിഭാഗം 3,509 കോടി രൂപയാണ് വിറ്റുവരവായി നേടിയത്. അതേസമയം നഷ്ടം 649 കോടി രൂപയായി വര്‍ധിക്കുകയും ചെയ്തുവെന്ന് കമ്പനി രജിസ്ട്രാര്‍ക്ക് സമര്‍പ്പിച്ച ഫയലിംഗില്‍ എബിആര്‍എല്‍ വ്യക്തമാക്കുന്നു.

5,936 കോടി രൂപയുടെ കടമാണ് ആദിത്യ ബിര്‍ള റീട്ടെയ്ല്‍ ലിമിറ്റഡ് അഭിമുഖീകരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ പലിശയടക്കമുള്ള ഫിനാന്‍സ് ചെലവുകള്‍ 417 കോടി രൂപയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ത്രിനേത്ര, ഫാബ്മാള്‍ എന്നിവയും കഴിഞ്ഞ വര്‍ഷം ജൂബിലന്റ് ഇന്‍ഡസ്ട്രീസിന്റെ ടോട്ടല്‍ സൂപ്പര്‍ സ്റ്റോറും ഏറ്റെടുത്തതാണ് പ്രധാനമായും കമ്പനിക്ക് വന്‍ വായ്പാ ബാധ്യത വരുത്തിവെച്ചത്. അടുത്ത വര്‍ഷത്തോടെ ഇതു പരിഹരിച്ച് ലാഭത്തില്‍ എത്താനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. കമ്പനിയുടെ വളര്‍ച്ച ഇരട്ടയക്കത്തിലാണെന്ന് പറഞ്ഞ എബിആര്‍എല്‍ വക്താവ് സ്റ്റോര്‍തലത്തില്‍ മോര്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഇപ്പോള്‍ ലാഭത്തിലാണെന്നും വ്യക്തമാക്കി. പ്രവര്‍ത്തന നഷ്ടം 7.4 ശതമാനം കുറച്ച് 108.8 കോടി രൂപയിലെത്തിക്കാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്.

രാജ്യത്തെ നാലാമത്തെ വലിയ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ആദിത്യ ബിര്‍ള റീട്ടെയ്ല്‍ ലിമിറ്റഡിന് കീഴില്‍ നിലവില്‍ മോര്‍ ബ്രാന്‍ഡില്‍ 487 സൂപ്പര്‍ മാര്‍ക്കറ്റുകളും 19 ഹൈപ്പര്‍ മാര്‍ക്കറ്റുകളും പ്രവര്‍ത്തിക്കുന്നു.

Comments

comments

Categories: Branding