തായ്‌വാന്‍ പ്രസിഡന്റുമായുള്ള ട്രംപിന്റെ ഫോണ്‍ സംഭാഷണം വിവാദമാകുന്നു

തായ്‌വാന്‍ പ്രസിഡന്റുമായുള്ള ട്രംപിന്റെ ഫോണ്‍ സംഭാഷണം വിവാദമാകുന്നു

കഴിഞ്ഞയാഴ്ച മൂന്ന് ഏഷ്യന്‍ രാജ്യങ്ങളിലെ നേതാക്കളുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളിലൂടെ യുഎസ് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, വാഷിംഗ്ടണ്‍ പതിറ്റാണ്ടുകളായി പിന്തുടര്‍ന്ന കീഴ്‌വഴക്കങ്ങളെ കീഴ്‌മേല്‍ മറിച്ചിരിക്കുകയാണ്. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായി ട്രംപ് നടത്തിയ സംഭാഷണങ്ങളാണ് ഇവയില്‍ ആദ്യത്തെ സംഭവം.

പാക് പ്രധാനമന്ത്രിയുടെ ഓഫീസാണ് ഈ സംഭാഷണം പുറത്തുവിട്ടത്. ട്രംപിന്റെ വിജയത്തില്‍ അഭിനന്ദനം അറിയാനാണ് ഷെരീഫ് വിളിച്ചത്. സംഭാഷണത്തില്‍ ട്രംപ്, പാക് പ്രധാനമന്ത്രി ഷെരീഫിനെയും പാകിസ്ഥാനെയും അമിതമായി പുകഴ്ത്തുന്നുണ്ട്.
ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുട്ടെര്‍ട്ടുമായി ട്രംപ് നടത്തിയ സംഭാഷണവും ട്രംപിന്റെ പരിചയക്കുറവ് പ്രകടമാക്കുന്നതായിരുന്നു. മയക്കുമരുന്നു വിരുദ്ധ പോരാട്ടത്തിന്റെ പേരില്‍ 5,000ത്തിലേറെ പേരെ നിയമവിരുദ്ധമായി കൊന്നൊടുക്കിയ വ്യക്തിയാണ് ഡ്യുട്ടെര്‍ട്ട്. ഇദ്ദേഹത്തിന്റെ പോരാട്ടത്തെ ട്രംപ് പിന്തുണയ്ക്കുകയുണ്ടായി. സമീപകാലത്ത് ഫിലിപ്പീന്‍സ്-യുഎസ് ബന്ധം അകല്‍ച്ചയിലായതിന്റെ കാരണം ഡ്യുട്ടെര്‍ട്ടിന്റെ മയക്കുമരുന്ന് പോരാട്ടത്തിന്റെ പേരിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളായിരുന്നു. ഇതിനെ ചോദ്യം ചെയ്ത യുഎസ് പ്രസിഡന്റ് ഒബാമയെ വേശ്യയുടെ മകനെന്നാണു ഡ്യുട്ടെര്‍ട്ട് വിളിച്ച് ആക്ഷേപിച്ചത്.
മനുഷ്യാവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിലും നിയമവാഴ്ച സംരക്ഷിക്കുന്നതിലുമുള്ള പ്രതിബദ്ധത പതിറ്റാണ്ടുകളായി ലോകത്തെ ബോദ്ധ്യപ്പെടുത്തി കൊടുത്ത ചരിത്രമാണ് അമേരിക്കയ്ക്കുള്ളത്. എന്നാല്‍ മനുഷ്യാവകാശങ്ങളെ നഗ്നമായി ലംഘിക്കുന്ന ഫിലിപ്പീന്‍സിനെ ട്രംപ് പിന്തുണയ്ക്കുന്നു എന്ന ധ്വനി ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നു. ഡ്യുട്ടെര്‍ട്ടുമായി ട്രംപ് നടത്തിയ ഫോണ്‍ സംഭാഷണവും തുടര്‍ന്ന് ഡ്യുട്ടെര്‍ട്ടിനെ ട്രംപ് പിന്തുണച്ചതിലൂടെയും ഇതാണു വെളിപ്പെടുന്നത്.
കഴിഞ്ഞ ദിവസം തായ്‌വാന്‍ പ്രസിഡന്റ് സായിംഗ് വെന്നുമായി ട്രംപ് നടത്തിയ ഫോണ്‍ സംഭാഷണമാണ് ഇപ്പോള്‍ പുതിയ വിവാദത്തിനു കാരണമായി തീര്‍ന്നിരിക്കുന്നത്.
1927ല്‍ റിപ്പബ്ലിക്ക് ഓഫ് ചൈനയില്‍ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ടു. കുവോ മിന്‍താങിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ അനുകൂലിക്കുന്നവരും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയെ അനുകൂലിക്കുന്നവരും തമ്മിലായിരുന്നു പോരാട്ടം. രണ്ട് ഘട്ടങ്ങളിലായിട്ടാണ് ആഭ്യന്തര യുദ്ധം അരങ്ങേറിയത്. ആദ്യ ഘട്ടം 1927 മുതല്‍ 1937 വരെയും രണ്ടാം ഘട്ടം 1946 മുതല്‍ 1950 വരെയുമായിരുന്നു.
യുദ്ധം ആധുനിക ചൈനയുടെ ചരിത്രത്തില്‍ നിര്‍ണായക വഴിത്തിരിവായിരുന്നു. mainland ചൈനയില്‍ കുവോ മിന്‍താങിന്റെ റിപ്പബ്ലിക്ക് ഓഫ് ചൈനീസ് സര്‍ക്കാരിനെ അട്ടിമറിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് ചൈനയെ അധികാരത്തിലേറാന്‍ സഹായിച്ചു എന്നതാണ് ആഭ്യന്തരയുദ്ധത്തില്‍ അവസാനം സംഭവിച്ചത്.
യുദ്ധം അവസാനിച്ചെങ്കിലും അന്ന് മുതല്‍ രാഷ്ട്രീയമായും സൈനികപരമായും ഇരുവിഭാഗങ്ങളും(കുവോ മിന്‍താങിന്റെ റിപ്പബ്ലിക്ക് ഓഫ് ചൈനയും, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് ചൈനയും) ഇന്നും അകലം പാലിച്ചു പോരുന്നു. ചൈനയുടെ നിയമാനുസൃത സര്‍ക്കാര്‍ തങ്ങളാണെന്ന് ഇരുവിഭാഗങ്ങളും അവകാശപ്പെടുകയും ചെയ്യുന്നു.
1927ലെ ആഭ്യന്തര യുദ്ധത്തിനിടെ കുവോ മിന്‍താങിന്റെ അനുയായികള്‍ തായ്‌വാനില്‍ അഭയം തേടുകയായിരുന്നു. ഇവരുടെ പിന്‍ഗാമികളാണ് ഇപ്പോള്‍ തായ്‌വാന്‍ ഭരിക്കുന്നത്. യുദ്ധം 1949ല്‍ അവസാനിച്ചെങ്കിലും ഇരുവിഭാഗങ്ങളും ഇപ്പോഴും അകലം പാലിക്കുന്നു.
തായ്‌വാന്റെ ഔദ്യോഗിക പേര് റിപ്പബ്ലിക്ക് ഓഫ് ചൈനയെന്നാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരിക്കുന്ന mainland ചൈനയുടെ ഔദ്യോഗിക പേരാകട്ടെ, പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയെന്നും.
ശീതയുദ്ധം മൂര്‍ച്ഛിച്ചപ്പോള്‍ സോവിയറ്റ് യൂണിയന്‍ അംഗീകരിച്ചത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരിച്ചിരുന്ന പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയെയാണ്. മറുവശത്ത് യുഎസ്സാകട്ടെ, പിന്തുണച്ചത് തായ്‌വാനെയായിരുന്നു. യുഎന്നില്‍ ചൈനയെ പ്രതിനിധീകരിച്ചതും തായ്‌വാനായിരുന്നു.
1970ല്‍ ചൈന രണ്ടായി വിഭജിച്ചതാണെന്ന് ലോകം അംഗീകരിച്ചു. 1971ല്‍ യുഎന്നിലെ സീറ്റ് ബീജിംഗ് ഏറ്റെടുത്തു. 72ല്‍ യുഎസ് പ്രസിഡന്റ് റിച്ചാര്‍ഡ് എം നിക്‌സന്‍ ചൈന സന്ദര്‍ശിച്ചു. തായ്‌വാനെ പിന്തുണച്ചിരുന്ന യുഎസ് 79ല്‍ നിലപാട് മാറ്റി ചൈനയെ മാത്രം അംഗീകരിക്കാന്‍ നിര്‍ബന്ധിതമായി. മറ്റ് രാജ്യങ്ങളും അമേരിക്കയുടെ നയം പിന്തുടര്‍ന്നു. 79നു ശേഷം ഇതുവരെ യുഎസ് പ്രസിഡന്റുമാര്‍ തായ്‌വാന്‍ സന്ദര്‍ശിക്കാനോ ആ രാഷ്ട്രത്തിന്റെ തലവനുമായി സംസാരിക്കാനോ തയാറായിട്ടില്ല. ഈ പതിവാണ് ട്രംപ് കഴിഞ്ഞ ദിവസം തെറ്റിച്ചത്.
1979ല്‍ പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് ചൈനയെ യുഎസ് അംഗീകരിക്കുകയും തായ്‌വാനുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിക്കുകയും ചെയ്തിരുന്നു. 79നു ശേഷം തായ്‌വാന്‍ പ്രസിഡന്റുമായി ഇതുവരെ യുഎസ് പ്രസിഡന്റുമാര്‍ കൂടിക്കാഴ്ച നടത്തുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ഈ കീഴ്‌വഴക്കമാണു നിയുക്ത യുഎസ് പ്രസിഡന്റ് ട്രംപ് കഴിഞ്ഞ ദിവസം ലംഘിച്ചത്.
സംഭവത്തില്‍ ബീജിംഗ് പ്രകോപിതരാണ്. അവര്‍ കുറ്റപ്പെടുത്തുന്നത് തായ്‌വാനെയാണെങ്കിലും വരും നാളുകളില്‍ യുഎസ്-ചൈന നയങ്ങളില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാകാന്‍ സാധ്യത കല്പിച്ചിരിക്കുകയാണു നയതന്ത്ര ലോകം. ട്രംപുമായി തായ്‌വാന്‍ പ്രസിഡന്റ് നടത്തിയ ഫോണ്‍ കോള്‍ സൃഷ്ടിച്ചിരിക്കുന്ന ആശങ്കകള്‍ ചെറുതല്ല. ആരുടെ പ്രേരണയാലാണ് ഈ സംഭാഷണം നടന്നതെന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. ഫോണ്‍ കോള്‍ വിവാദമായതിനെ തുടര്‍ന്ന് ട്രംപ് ട്വീറ്റ് ചെയ്യുകയുണ്ടായി. ട്വീറ്റില്‍ തായ്‌വാന്‍ പ്രസിഡന്റാണ് ആദ്യം തന്നെ വിളിച്ചതെന്നാണ് അദ്ദേഹം സൂചിപ്പിച്ചത്. എന്നാല്‍ ആദ്യം ആര് വിളിച്ചാലും ട്രംപിന്റെ ഉപദേശകരുടെയും ടീമിന്റെയുമൊക്കെ സഹകരണമില്ലാതെ ഇത്തരത്തില്‍ സംഭാഷണം നടക്കില്ലെന്നതാണു മറ്റൊരു സത്യം.
തായ്‌വാന്റെ പ്രസിഡന്റുമായി നടത്തിയത് ഹ്രസ്വ സംഭാഷണമാണെന്നു സമാധാനിക്കാമെങ്കിലും ഇതില്‍ വലിയൊരു സൂചനയും മുന്നറിയിപ്പും അടങ്ങിയിരിക്കുന്നു. ട്രംപിനു കീഴിലുള്ള അമേരിക്ക ഏഷ്യയോട് സ്വീകരിക്കാന്‍ പോകുന്നത് യാഥാര്‍ഥ്യ ബോധത്തോടെയുള്ള, ധാര്‍മിക രാഷ്ട്രീയ തത്വങ്ങളെക്കാള്‍ ഉപരി പ്രായോഗികതയുടെ അടിസ്ഥാനത്തില്‍ ഉള്ള രാഷ്ട്രീയ സമീപനമായിരിക്കുമെന്നു വ്യക്തം.
അപകടം നിറഞ്ഞതായിരിക്കുമെങ്കിലും വാഷിംഗ്ടണ്‍ പിന്തുടര്‍ന്ന മാമൂലുകളെ ധിക്കരിക്കാന്‍ തന്നെയാണ് ട്രംപ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം വിദേശനയത്തില്‍ ട്രംപിനും അദ്ദേഹത്തോടൊപ്പമുള്ളവരുടെയും പരിചയക്കുറവാണ് തായ്‌വാന്‍ പ്രസിഡന്റുമായി സംസാരിച്ചതിലൂടെ പ്രകടമായിരിക്കുന്നത്. ഇത്തരം സമീപനം ട്രംപ് ഭരണകൂടത്തിനു ഭാവിയില്‍ വലിയ തലവേദന സൃഷ്ടിക്കുമെന്ന കാര്യത്തില്‍ സംശയവുമില്ല. ചൈനയുമായുള്ള ബന്ധത്തില്‍ ഊഷ്മളത കൈവരിക്കാന്‍ ട്രംപിന് സാധിച്ചില്ലെങ്കില്‍ അത് സൃഷ്ടിക്കുന്ന തലവേദന നിസാരമായിരിക്കുകയുമില്ല.
യുഎസ് വിദേശനയത്തില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ ഘട്ടമാണ് ഭരണമാറ്റം. പുതിയ പ്രസിഡന്റായി ചുമതലയേല്‍ക്കാന്‍ പോകുന്ന ട്രംപ്, കര്‍ത്തവ്യം ഏറ്റെടുക്കുന്നതിനു മുന്‍പു വിവിധ ലോക നേതാക്കളുമായി ചര്‍ച്ച നടത്തിയതിലൂടെ ഉത്സാഹം പ്രകടിപ്പിച്ചത് പ്രത്യേക ശ്രദ്ധ നേടുകയുണ്ടായി. എന്നാല്‍ അമേരിക്കയെ പോലൊരു സൂപ്പര്‍ പവര്‍ രാജ്യം വിദേശരാജ്യങ്ങളുമായി ഇടപെടുമ്പോള്‍ ശ്രദ്ധിക്കേണ്ട നിരവധി സങ്കീര്‍ണതകള്‍ നിറഞ്ഞ കാര്യങ്ങള്‍ മനസിലാക്കുന്നില്ലെങ്കില്‍ സംഭവിക്കുന്ന പൊല്ലാപ്പുകള്‍ നിസാരമായിരിക്കില്ല. ട്രംപ് ഭരണകൂടം ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തുമെന്നാണു നയതന്ത്ര ലോകത്തിന്റെ പ്രതീക്ഷയും.
…………

Comments

comments

Categories: Slider, World