ഫോര്‍ച്ച്യൂണര്‍, ക്രിസ്റ്റ ഹൈബ്രിഡ് പതിപ്പുകള്‍ എത്തിക്കാനൊരുങ്ങി ടൊയോട്ട

ഫോര്‍ച്ച്യൂണര്‍, ക്രിസ്റ്റ ഹൈബ്രിഡ് പതിപ്പുകള്‍ എത്തിക്കാനൊരുങ്ങി ടൊയോട്ട

 
ന്യൂഡെല്‍ഹി: മാറ്റത്തിന് ഒരു മുഴം മുന്‍പേ എറിയാനൊരുങ്ങുകയാണ് ജപ്പാന്‍ കമ്പനി ടൊയോട്ട. ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും വില്‍പ്പനയുള്ള പ്രീമിയം സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനമായ (എസ്‌യുവി) ഫോര്‍ച്ച്യൂണര്‍, മള്‍ട്ടിയൂട്ടിലിറ്റി വാഹന വിഭാഗത്തില്‍ മുന്‍പന്തിയിലുള്ള ഇന്നോവ ക്രിസ്റ്റ എന്നിവയ്ക്ക് ഹൈബ്രിഡ് പതിപ്പ് ഉടനെത്തിക്കുമെന്ന് കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കി. ലോഞ്ച് ഡേറ്റ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ടൊയോട്ട കിര്‍ലോസ്‌ക്കര്‍ മോട്ടോഴ്‌സ് മാനേജിംഗ് ഡയറക്റ്റര്‍ അകിറ്റോ തച്ചിബാന സ്ഥിരീകരിച്ചു.
അതേസമയം, കാംറി, പ്രിയസ് എന്നീ മോഡലുകളില്‍ ടൊയോട്ട നല്‍കിയിരിക്കുന്ന പൂര്‍ണമായും ഹൈബ്രിഡായ എന്‍ജിനായിരിക്കില്ല ക്രിസ്റ്റയിലും ഫോര്‍ച്ച്യൂണറിലും കമ്പനി ഉപയോഗിക്കുക. ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്റര്‍ ഉപയോഗപ്പെടുത്തിയുള്ള മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റമാകും പകരമായി ഈ വാഹനങ്ങളില്‍ ടൊയോട്ട ഉപയോഗിക്കുക. റീജെനറേറ്റീവ് ബ്രേക്കിംഗ്, ഓട്ടോ സ്റ്റാര്‍ട്ട്, സ്‌റ്റോപ്പ്, ടോര്‍ക്ക് അസിസ്റ്റ് എന്നീ സവശേഷതകള്‍ ഇതിനുണ്ടാകും.
ഉയര്‍ന്ന ശേഷിയുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് ഹൈബ്രിഡ് സിസ്റ്റം ഘടിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന ഇന്ധനക്ഷമത മാത്രമല്ല ടൊയോട്ട ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. ഇലക്ട്രിക്ക് ഹൈബ്രിഡ് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ഫെയിലൂടെ (ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് ഹൈബ്രിഡ് ആന്‍ഡ് ഇലക്ട്രിക്ക് വെഹിക്കിള്‍സ്) ലഭിക്കുന്ന ആനുകൂല്യങ്ങളും കമ്പനിക്ക് പ്രതീക്ഷ നല്‍കുന്നു. ഇത്തരം വാഹനങ്ങള്‍ക്ക് സബ്‌സിഡിയടക്കമുള്ളവ നല്‍കുന്നതോടെ വിലയില്‍ കാര്യമായ കുറവുണ്ടാകുമെന്നാണ് ടൊയോട്ട കിര്‍ലോസ്‌ക്കര്‍ പ്രതീക്ഷിക്കുന്നത്. ഇത്തരം എന്‍ജിനുകള്‍ ഇന്ത്യന്‍ വിപണിക്ക് മാത്രമായാണോ ആഗോള വിപണിയിലും ലഭ്യമാകുമോ എന്നതിനെ കുറിച്ച് ഇതുവരെ വ്യക്തക വന്നിട്ടില്ല.

Comments

comments

Categories: Auto