നോട്ട് അസാധുവാക്കല്‍: അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ഗുണം ചെയ്യുമെന്ന് ടൈറ്റന്‍

നോട്ട് അസാധുവാക്കല്‍:  അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ഗുണം ചെയ്യുമെന്ന് ടൈറ്റന്‍

 

ബെംഗളൂരു : കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ തങ്ങള്‍ക്ക് ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഗുണകരമാകുമെന്ന് വാച്ച്-ആഭരണ നിര്‍മാതാക്കളായ ടൈറ്റന്‍ വിലയിരുത്തുന്നു. ജനങ്ങള്‍ ദൈനംദിന ചെലവുകള്‍ക്കായി ബാങ്കുകളിലും എടിഎമ്മുകളിലും വരി നില്‍ക്കുമ്പോള്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇനി വലിയ പ്രതീക്ഷ പുലര്‍ത്തുന്നില്ലെന്ന് കമ്പനി വ്യക്തമാക്കി. അടുത്ത സാമ്പത്തിക വര്‍ഷം മെച്ചപ്പെട്ട വിപണി വിഹിതമാണ് പ്രതീക്ഷിക്കുന്നതെന്ന് ടൈറ്റന്‍ ജ്വല്ലറി വിഭാഗം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സികെ വെങ്കടരാമന്‍ പറഞ്ഞു.

പണത്തിന്റെ ഒഴുക്ക് നല്ലപോലെ കുറഞ്ഞതിനാല്‍ ഇപ്പോള്‍ പ്രതിരോധ മാര്‍ഗമാണ് സ്വീകരിച്ചിരിക്കുന്നതെന്നും സെപ്റ്റംബര്‍-ഡിസംബര്‍ പാദത്തിലെ ഫലത്തില്‍ ഇത് പ്രകടമാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. നവംബര്‍ 8ന് നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചതിനുശേഷം ടൈറ്റന്റെ ആഭരണ-വാച്ച് വില്‍പ്പനയില്‍ വന്‍ ഇടിവ് നേരിട്ടിരുന്നു. എന്നാല്‍ ഈ ആഘാതത്തില്‍നിന്ന് കര കയറുകയാണെന്നും ഇപ്പോള്‍ നോട്ട് അസാധുവാക്കുന്നതിന് മുമ്പുള്ള സ്ഥിതിയിലേക്ക് തിരിച്ചെത്തുകയാണെന്നും കമ്പനി അധികൃതര്‍ പറഞ്ഞു. ടൈറ്റന്റെ തനിഷ്‌ക് ബ്രാന്‍ഡ് ആഭരണങ്ങള്‍ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചാണ് ഉപയോക്താക്കള്‍ കൂടുതലായി വാങ്ങുന്നത്. 40 ശതമാനത്തോളം കറന്‍സി രഹിത വില്‍പ്പനയാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ ജ്വല്ലറി വില്‍പ്പനയില്‍ പരമാവധി 16 ശതമാനത്തോളം ഇടിവാണ് ടൈറ്റന്‍ പ്രതീക്ഷിക്കുന്നത്. അതേസമയം മുപ്പത് ദിവസത്തിനകം കാര്യങ്ങള്‍ സാധാരണനിലയിലാകുമെന്നും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത് തനിഷ്‌ക്കിന് ഗുണം ചെയ്യുമെന്നും ടൈറ്റനിലെ പ്രമുഖ ഓഹരി നിക്ഷേപകനായ രാകേഷ് ജുന്‍ജുന്‍വാല വ്യക്തമാക്കി.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ പാദത്തില്‍ മുന്‍വര്‍ഷം ഇതേ കാലയളവിനേ അപേക്ഷിച്ച് 23.51 ശതമാനം വര്‍ധനയോടെ ടൈറ്റന്‍ 180.76 കോടി രൂപ അറ്റാദായം സ്വന്തമാക്കിയിരുന്നു.

Comments

comments

Categories: Branding