ടെക്‌സറ്റൈല്‍ ജീവനക്കാര്‍ക്ക് ബാങ്ക് എക്കൗണ്ട് തുറക്കാന്‍ സര്‍ക്കാര്‍ നിര്‍േദശം

ടെക്‌സറ്റൈല്‍ ജീവനക്കാര്‍ക്ക് ബാങ്ക് എക്കൗണ്ട് തുറക്കാന്‍ സര്‍ക്കാര്‍ നിര്‍േദശം

ന്യൂഡെല്‍ഹി: മുന്‍ഗണനയുടെ അടിസ്ഥാനത്തില്‍ ജീവനക്കാര്‍ക്ക് ബാങ്ക് എക്കൗണ്ട് തുറക്കാന്‍ ടെക്‌സ്‌റ്റൈല്‍സ് യൂണിറ്റുകളോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. യൂനിഫൈഡ് പേമെന്റ് ഇന്റര്‍ഫേസ് (യുപിഐ) ഉപയോഗിച്ച് പണരഹിത സംവിധാനമൊരുക്കാനും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. നോട്ട് നിരോധനത്തെ തുടര്‍ന്ന് ടെക്‌സ്റ്റൈല്‍ രംഗത്ത് തൊഴിലെടുക്കുന്ന ഭൂരിപക്ഷം തൊഴിലാളികളുടെയും ശമ്പളവിതരണം തടസപ്പെട്ടിരുന്നു. ഈ പ്രശ്‌ന പരിഹരിക്കുന്നതിനു വേണ്ടിയും ടെക്‌സ്റ്റൈല്‍സ് ജീവനക്കാരെ ബാങ്കിംഗ് സംവിധാനവുമായി ബന്ധപ്പെടുത്തുന്നതിനു വേണ്ടിയുമാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നീക്കം.

ടെക്‌സ്റ്റൈല്‍ രംഗത്തെ ഭൂരിഭാഗം വരുന്ന ജീവനക്കാര്‍ക്കും പണ്ട് മുതല്‍ക്കെ നേരിട്ട് പണമായി തന്നെ ശമ്പളം നല്‍കി വരികയാണ് ചെയ്തിരുന്നത്. ഇവരില്‍ മിക്ക ജീവനക്കാര്‍ക്കും ഇപ്പോഴും ബാങ്ക് എക്കൗണ്ട് ഇല്ല. ടെക്‌സ്റ്റൈല്‍ യൂണിറ്റുകളിലെ ജീവനക്കാരുടെ ശമ്പളവിതരണം കാര്യക്ഷമമായി നടപ്പിലാക്കുന്നതിനു വേണ്ടിയാണ് സര്‍ക്കാര്‍ പുതിയ പരിഷ്‌കരണം നടപ്പിലാക്കാനൊരുങ്ങുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഇതുപ്രകാരം ബാങ്ക് എക്കൗണ്ട് എടുത്തിട്ടുള്ള ജീവനക്കാരുടെ പേര് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ടെക്‌സ്റ്റൈല്‍സ് യൂണിറ്റുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബാങ്ക് ട്രാന്‍ഫര്‍ മോഡ് ഉപയോഗപ്പെടുത്തി ശമ്പളവിതരണം ഉറപ്പുവരുത്താന്‍ ഇത് സഹായിക്കും.

ടെക്‌സ്‌റ്റൈല്‍ യൂണിറ്റുകളില്‍ യൂപിഐ സംവിധാനമൊരുക്കുന്നതിനു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നതിനായുള്ള ശില്‍പശാലകളും സര്‍ക്കാര്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. കുറച്ചു ദിവസം മുന്‍പാണ് ഹൈദരാബാദില്‍ ഇതുമായി ബന്ധപ്പെട്ട് ബോധവല്‍ക്കരണ ക്യാംപ് സംഘടിപ്പിച്ചത്. വസ്ത്രവ്യാപാര രംഗത്ത് തുറക്കപ്പെടുന്ന മൊത്തം ബാങ്ക് എക്കൗണ്ടുകളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ടെക്‌സ്റ്റൈല്‍ മന്ത്രാലയം ആരംഭിച്ചതായും ഓരോ ദിവസത്തെയും അപ്‌ഡേറ്റുകള്‍ വ്യാവസായിക അസോസിയേഷനുകളോട് ആരായുമെന്നുമാണ് ഔദ്യോഗിക വിവരം.

രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ തൊഴില്‍ മേഖലയാണ് വസ്ത്രവ്യാപാര രംഗം. 2015-2016 വര്‍ഷത്തെ കണക്കനുസരിച്ച് ഏകദേശം 51 മില്യണ്‍ ജനങ്ങള്‍ക്ക് നേരിട്ടും 68 മില്യണ്‍ ജനങ്ങള്‍ക്ക് അല്ലാതെയും തൊഴില്‍ നല്‍കാന്‍ വസ്ത്രവ്യാപാര മേഖലയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 40 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് രാജ്യത്തെ ടെക്‌സ്‌റ്റൈല്‍സ്-അനുബന്ധ മേഖലകളില്‍ നിന്നുണ്ടായിട്ടുള്ളത്.

Comments

comments

Categories: Banking