ടിയാഗോ ആദ്യ പത്തില്‍; മുന്നില്‍ ആള്‍ട്ടൊ തന്നെ

ടിയാഗോ ആദ്യ പത്തില്‍; മുന്നില്‍ ആള്‍ട്ടൊ തന്നെ

Tചെയര്‍മാനെ പുറത്താക്കലും പ്രതിസന്ധിയുമായി നട്ടം തിരിയുന്ന ടാറ്റ ഗ്രൂപ്പിന് പുതിയ സന്തോഷ വാര്‍ത്തയാണ് ഇക്കഴിഞ്ഞ നവംബറില്‍ ലഭിച്ചത്. ടാറ്റ മോട്ടോഴ്‌സ് ഏറ്റവും അവസാനമായി നിര്‍മിച്ച ചെറുകാറായ ടിയാഗോ രാജ്യത്തെ ഏറ്റവും വില്‍പ്പനയുള്ള ആദ്യ പത്തില്‍ ഇടം നേടി. ഇന്ത്യന്‍ പാസഞ്ചര്‍ കാര്‍ വിപണിയില്‍ കുറച്ച് കാലമായി കാര്യമായ നേട്ടമുണ്ടാക്കാന്‍ ടാറ്റ മോട്ടോഴ്‌സിന് സാധിച്ചിരുന്നില്ല. പിന്നീട് കോംപാക്ട് ഹാച്ച്ബാക്കായ ടിയാഗോ വിപണിയിലെത്തിയതോടെ കഥ മാറി. മികച്ച വില്‍പ്പനയാണ് ഈ കാറിന് രേഖപ്പെടുത്തുന്നതെന്നാണ് വില്‍പ്പന കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ മാസം 6,008 യൂണിറ്റ് വില്‍പ്പന നടത്തിയാണ് ടിയാഗോ ആദ്യ പത്ത് സ്ഥാനങ്ങളിലേക്ക് കയറിയത്. ഇംപാക്ട് ഡിസൈന്‍ ഭാഷ്യത്തില്‍ നിര്‍മിച്ച ടിയാഗോയാണ് ഇന്ന് ടാറ്റ മോട്ടോഴ്‌സിന്റെ പാസഞ്ചര്‍ കാര്‍ വിഭാഗത്തിലുള്ള വില്‍പ്പനയില്‍ 47 ശതമാനവും സംഭാന ചെയ്യുന്നത്. കഴിഞ്ഞ മാസം മൊത്തം 12,736 യൂണിറ്റ് പാസഞ്ചര്‍ വാഹനങ്ങളാണ് ടാറ്റ മോട്ടോഴ്‌സ് വിപണിയിലെത്തിച്ചത്. ഇതില്‍ 6,008ഉം ടിയാഗോയാണ്.
ടിയാഗോയുടെ വിപണയിലുണ്ടായ നേട്ടത്തിന് പിന്നില്‍ രണ്ട് കാരണങ്ങളാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. മികച്ച പാക്കേജിലും കൂടുതല്‍ സവിശേഷതകളുള്ള ഒരു കാര്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കിയതാണ് ടാറ്റ മോട്ടോഴ്‌സിന് ആദ്യം മാര്‍ക്ക് കൊടുക്കുന്നത്. ടാറ്റ മോട്ടോഴ്‌സ് ബ്രാന്‍ഡിന് ഇതുവരെയുണ്ടായിരുന്ന നേട്ടം വര്‍ധിക്കുന്നതും ടിയാഗോയുടെ വില്‍പ്പന കൂട്ടിയെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്.
മാരുതി സുസുക്കിയുടെ ലക്ഷ്വറി ഹാച്ച്ബാക്കായ ബലേനൊയാണ് വില്‍പ്പന പട്ടികയില്‍ നേട്ടമുണ്ടാക്കിയ മറ്റൊരു താരം. ഹ്യൂണ്ടായുടെ ഏറ്റവും മികച്ച മോഡലുകളില്‍ ഒന്നായ ഐ10 ആറാം സ്ഥാനത്താക്കിയ ബലേനൊ അഞ്ചാം സ്ഥാനത്തേക്ക് കയറി. ആദ്യമായാണ് ഇത് പട്ടികയില്‍ ആദ്യ അഞ്ചില്‍ ഇടം നേടുന്നത്. 11,093 യൂണിറ്റ് ബലേനൊ കഴിഞ്ഞ മാസം കമ്പനി വില്‍പ്പന നടത്തി. തൊട്ടുമുമ്പുള്ള വര്‍ഷം ഇതേ മാസത്തില്‍ 9,074 യൂണിറ്റായിരുന്നു വില്‍പ്പന. 11,059 യൂണിറ്റ് വില്‍പ്പന നടന്ന ഐ10 കഴിഞ്ഞ വര്‍ഷം നവംബറില്‍ 12,899 യൂണിറ്റ് വില്‍പ്പന നടന്നിരുന്നു.
ഹ്യൂണ്ടായുടെ തന്നെ എലൈറ്റ് ഐ20ക്കാണ് പട്ടികയില്‍ ഏറ്റവും തിരിച്ചടി നേരിട്ടത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ 8,264 യൂണിറ്റ് വില്‍പ്പനയുമായി ഏഴാം സ്ഥാനത്തുണ്ടായിരുന്ന ഐ20 ഇക്കഴിഞ്ഞ മാസം 7,601 യൂണിറ്റ് വില്‍പ്പനയോടെ ഒന്‍പതാം സ്ഥാനത്തേക്ക് താഴ്ന്നു.
തുടര്‍ച്ചയായ രണ്ട് മാസത്തിലും സ്ഥാനത്തിന് ഇളക്കം തട്ടാതെ റെനോ ക്വിഡ് പട്ടികയില്‍ എട്ടാം സ്ഥാനത്ത് തുടരുന്നു. അതേസമയം, കഴിഞ്ഞ ഒക്ടോബറില്‍ 9,801 യൂണിറ്റ് വില്‍പ്പന നടത്തിയിരുന്നെങ്കില്‍ നവംബറില്‍ 7,847 യൂണിറ്റാണ് ഫ്രഞ്ച് കമ്പനി റെനോ വിറ്റത്.
വില്‍പ്പനയില്‍ മാരുതി മേധാവിത്വം തുടരുന്നതാണ് കഴിഞ്ഞ മാസവും വിപണിയില്‍ കണ്ടത്. പട്ടികയിലെ ആദ്യ അഞ്ച് സ്ഥാനങ്ങള്‍ പൂര്‍ണമായും വരുതിയിലാക്കി മാരുതിയുടെ അള്‍ട്ടോ, ഡിസയര്‍, സ്വിഫ്റ്റ്, വാഗണ്‍ആര്‍, ബലേനൊ എന്നിവയ്ക്കാണ് ക്രെഡിറ്റ്. മാരുതി സെലേറിയോയാണ് പ്രകടനത്തിന്റെ കാര്യത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ 6,956 യൂണിറ്റ് വില്‍പ്പന നടത്തിയ സെലേറിയോ ഇക്കഴിഞ്ഞ മാസം വില്‍പ്പന 9,543 യൂണിറ്റിലെത്തി.

Comments

comments

Categories: Auto