നിങ്ങള്‍ക്ക് എന്താണോ ആവശ്യം, അത് നിങ്ങള്‍ക്ക് ലഭിക്കുന്നു

നിങ്ങള്‍ക്ക് എന്താണോ ആവശ്യം,  അത് നിങ്ങള്‍ക്ക് ലഭിക്കുന്നു

ശ്രീ ശ്രീ രവിശങ്കര്‍

സുഹൃത്തുക്കളില്‍ നിന്ന് നിങ്ങള്‍ ഒന്നും ആവശ്യപ്പെടരുത്. പകരം അവരോട് പറയേണ്ടത് ഇതാണ്: ”ഞാന്‍ ഇവിടെയുണ്ട്; നിങ്ങളെ സഹായിക്കാന്‍.” ഒരു കാര്യത്തില്‍ നിങ്ങള്‍ വിശ്വസിക്കുക: നിങ്ങള്‍ക്ക് എന്താണോ വേണ്ടത്, അത് നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്; തരുന്നയാള്‍ മറ്റാരോ ആയിരിക്കുമെന്നു മാത്രം! അതിനാല്‍ സ്‌നേഹം ആരോടും ആവശ്യപ്പെടരുത്. നിങ്ങള്‍ സ്‌നേഹം ആവശ്യപ്പെടുമ്പോള്‍ സ്‌നേഹത്തെ നിങ്ങള്‍ നശിപ്പിക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ ഒരിക്കലും സ്‌നേഹം വേണമെന്ന് നിങ്ങള്‍ പറയരുത്. അതുപോലെ ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ വേണ്ടിയും നിങ്ങള്‍ ആഗ്രഹിക്കരുത്.

സ്‌നേഹവും ശ്രദ്ധയും നിങ്ങള്‍ ആര്‍ക്കെങ്കിലും നല്‍കുന്നുവെങ്കില്‍ നിങ്ങളുടെ സാമീപ്യത്തില്‍ അപ്പോള്‍ അവര്‍ സ്വാസ്ഥ്യം അനുഭവിക്കുന്നു. എന്നാല്‍, അതിനു പകരം നിങ്ങള്‍ ചിലതൊക്കെ അവരില്‍ നിന്ന് പ്രതീക്ഷിക്കുന്നുവെങ്കില്‍, ആവശ്യപ്പെടുന്നുവെങ്കില്‍ നിങ്ങള്‍ അവരെ അസ്വസ്ഥമായ സ്ഥാനത്തേക്ക് കൊണ്ടിടുകയാണ്. ലോകത്തുള്ള എല്ലാവരോടും ഇതു പറയാന്‍ കഴിയില്ല. എന്നാല്‍ ബുദ്ധിയുള്ളവര്‍ ഇതു മനസ്സിലാക്കുകയാണെങ്കില്‍ അവര്‍ക്ക് അതിന്റെ വഴി കണ്ടെത്താന്‍ കഴിയും.

നിങ്ങളുടെ സുഹൃത്തുക്കളോടു പറയുക: കൂട്ടുകാരെ നിങ്ങള്‍ക്കു വേണ്ടി ഞാനിവിടെയുണ്ട്. എന്നാല്‍, നിങ്ങളില്‍ നിന്ന് എനിക്ക് യാതൊന്നും ആവശ്യവുമില്ല; നിങ്ങളുടെ സൗഹൃദമല്ലാതെ എനിക്ക് ഒന്നും തന്നെ ആവശ്യമില്ല. ഇങ്ങനെ പറയുന്നത് നിങ്ങളുടെ സൗഹൃദത്തെ തീര്‍ച്ചയായും പരിപോഷിപ്പിക്കും. കൂടുതല്‍ കാലം ആ സൗഹൃദം നിലനില്‍ക്കുകയും ചെയ്യും. അങ്ങനെയൊരു മനോഭാവമാണ് നിങ്ങളില്‍ നിന്ന് വരുന്നതെങ്കില്‍ നിങ്ങളെ ആ സുഹൃത്ത് സഹായിക്കില്ലെന്ന് ചിന്തിക്കുന്നുണ്ടോ? നിങ്ങള്‍ക്ക് സഹായം ആവശ്യമായി വരുമ്പോള്‍ അവര്‍ നിങ്ങളെ സഹായിക്കും. മാത്രവുമല്ല, നിങ്ങള്‍ അവര്‍ക്കുവേണ്ടി എന്തെങ്കിലും നല്ലകാര്യം ചെയ്യുന്നുവെങ്കില്‍, ചെയ്ത കാര്യത്തെക്കുറിച്ച് നിങ്ങള്‍ സംസാരിക്കുകയുമരുത്. അതിനെക്കുറിച്ച് പിന്നെ ചിന്തിക്കേണ്ടതുപോലുമില്ല.
ആരെങ്കിലും നിങ്ങളെ സഹായിക്കുന്നുവെന്നിരിക്കട്ടെ. അത് അവര്‍ എപ്പോഴും പറഞ്ഞുകൊണ്ടിരുന്നാല്‍ നിങ്ങള്‍ക്കാണെങ്കില്‍ അപ്പോള്‍ എന്ത് തോന്നും? നിങ്ങള്‍ക്ക് സ്വസ്ഥത അനുഭവപ്പെടില്ല. പകരം വെറുപ്പായിരിക്കും അനുഭവപ്പെടുക. ശരിയല്ലേ? നിങ്ങള്‍ക്ക് അവരില്‍ നിന്ന് ഓടിപ്പോകണമെന്നു തോന്നും. ആരും നന്ദിപരമായ കടപ്പാടിന് അടിമപ്പെടാന്‍ ആഗ്രഹിക്കാറില്ല. അതിനാല്‍ ആളുകളെ നിങ്ങള്‍ കടപ്പാടിലേക്ക് വലിച്ചിടാതിരിക്കുക. മാത്രവുമല്ല, ആളുകളെ നാം ചെറുതാക്കുന്നതായി അവര്‍ക്ക് തോന്നിപ്പിക്കാതെയുമിരിക്കുക.
നിങ്ങള്‍ നല്ല കുറേ കാര്യങ്ങള്‍ ചിലര്‍ക്കു വേണ്ടി ചെയ്തുവെന്നിരിക്കട്ടെ. എന്നിട്ട് എപ്പോഴെങ്കിലും മാത്രം ചെറിയൊരു സഹായം ചോദിക്കുകയുമാണ്. റെയ്ല്‍വെ സ്റ്റേഷനിലേക്കോ എയര്‍പോര്‍ട്ടിലേക്കോ നിങ്ങളെ ഒന്നെത്തിക്കാന്‍ വേണ്ട സഹായം അവരോട് ആവശ്യപ്പെടുകയാണ്. ചില ചെറിയ കാര്യങ്ങള്‍ മാത്രം ആവശ്യപ്പെടുകയാണ് നിങ്ങള്‍. എന്നാല്‍ അങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങള്‍ അവരുടെ അത്മാഭിമാനം കൂടി പരിപാലിക്കുകയാണ്. പല ആള്‍ക്കാരും ധാരാളം പുണ്യപ്രവൃത്തികള്‍ ചെയ്യുന്നുണ്ടെങ്കിലും അതോടൊപ്പം മറ്റുള്ളവരുടെ ആത്മാഭിമാനം കൂടി അവര്‍ പിടിച്ചുപറിക്കുകയുമാണ്. അത് നല്ലതല്ല.
ഒരു മാന്യനായ വ്യക്തി ഒരിക്കല്‍ എന്റെ അരികില്‍ വന്നിട്ട് പറഞ്ഞു: ‘ഞാന്‍ ആരില്‍ നിന്നും ഒന്നും സ്വീകരിച്ചിട്ടില്ല ഗുരുജീ. ഞാന്‍ എല്ലാം എന്റെ സഹോദരങ്ങള്‍ക്കു വേണ്ടിയും സുഹൃത്തുക്കള്‍ക്ക് വേണ്ടിയും കൊടുക്കുക മാത്രമാണ് ചെയ്തത്. ഞാന്‍ അവര്‍ക്കെല്ലാം വേണ്ടി പലതും ചെയ്തു. പക്ഷേ ആര്‍ക്കും എന്നെ വേണ്ട. അവര്‍ക്ക് എന്നെ ഒന്നു കാണണമെന്നു പോലുമില്ല. ആര്‍ക്കും തന്നെ എന്നോട് സംസാരിക്കണമെന്നില്ല. ഇത് വിചിത്രമാണ്; ആശ്ചര്യമാണ് ഞാന്‍ ആരില്‍ നിന്നും ഒന്നും ആവശ്യപ്പെട്ടിട്ടുമില്ല.’
ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു: ‘നിങ്ങള്‍ എപ്പോഴെങ്കിലും എന്തെങ്കിലും നിങ്ങള്‍ക്കുവേണ്ടി ചെയ്യാന്‍ അവരോട് ആവശ്യപ്പെട്ടിട്ടുണ്ടോ?’അയാള്‍ മറുപടി പറഞ്ഞു: ‘ഒരിക്കലുമില്ല. ഞാന്‍ നിശ്ചയിച്ചുകഴിഞ്ഞതാണ്, ആരില്‍ നിന്നും ഒന്നും വേണ്ടെന്ന്.’
അപ്പോള്‍ എന്താണ് അവിടെ സംഭവിച്ചത്? അദ്ദേഹം ആളുകളുടെ അഭിമാനത്തെ തടഞ്ഞുനിര്‍ത്തുകയായിരുന്നു. ആത്മാഭിമാനം അപകടത്തിലാകുമ്പോള്‍ ആര്‍ക്കും ആ വ്യക്തിയെ ആവശ്യമായിവരുന്നില്ല.
സൗഹൃദത്തില്‍ രണ്ട് കാര്യങ്ങളുണ്ട്. ഇത് വളരെ ആശയക്കുഴപ്പമുണ്ടാക്കുമല്ലോ എന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാം. രണ്ട് കാര്യങ്ങളില്‍ ഒന്നാമത്തേത് ഞാന്‍ പറയട്ടെ: ആരില്‍ നിന്നും ഒന്നും ആവശ്യപ്പെടരുത്. അതേസമയം, ഞാന്‍ പറയുകയാണ്, ചിലത് അവരോട് ആവശ്യപ്പെടേണ്ടിയുമിരിക്കുന്നു. എന്തിനാണെന്നാല്‍, അവരുടെ ആത്മാഭിമാനത്തെ കാത്തുസൂക്ഷിക്കാന്‍ വേണ്ടിയെങ്കിലും. ഇതാണ് ഇതിന്റെയൊരു വൈദഗ്ധ്യം. ഇതൊരു വൈഭവമാണ്. ഇത് രണ്ടും വിപരീതമായ സ്ഥാനങ്ങളിലാണെന്ന് നിങ്ങള്‍ ഓര്‍ക്കുക.
മറ്റുള്ളവരുടെ ആത്മാഭിമാനത്തെ ആദരിക്കുകയെന്നതാണ് ഒന്നാമത്തേത്. രണ്ടാമത്തേതാണ് മറ്റുള്ളവരില്‍ നിന്ന് ഒന്നും ആവശ്യപ്പെടാതിരിക്കുക എന്നുള്ളതും. ഈ രണ്ട് കാര്യങ്ങളും നിങ്ങളുടെ മനസ്സില്‍ സൂക്ഷിച്ചുവയ്ക്കുക.

നിശ്ചയദാര്‍ഢ്യവും വിനയവും

നിങ്ങള്‍ ആരില്‍ നിന്നും യാതൊന്നും എടുക്കുന്നില്ലയെന്ന് പറഞ്ഞുകൊണ്ട് നിങ്ങളുടെ സ്വന്തം അഹത്തെ ഉറപ്പിക്കരുത്. അഥവാ എനിക്ക് ആരില്‍ നിന്നും ഒന്നും ആവശ്യമില്ലെന്നു പറഞ്ഞ് നിങ്ങളുടെ അഹത്തെ നിങ്ങളില്‍ സ്ഥാപിക്കരുത്. നിങ്ങള്‍ ഒന്നും ആവശ്യപ്പെടുന്നില്ലെന്നത് ഒരുപക്ഷേ സത്യമായിരിക്കാം. പക്ഷേ, നിങ്ങളുടെ അഹത്തില്‍ നിന്ന് നിങ്ങള്‍ പുറത്തുവരുന്നില്ലല്ലോ. ഞാന്‍ പറയുന്നതെന്തെന്ന് നിങ്ങള്‍ക്ക് മനസ്സിലാകുന്നുണ്ടോ? അതുകൊണ്ട് ആദ്യം വേണ്ടത് വിനയത്തോടൊപ്പമുള്ള നിശ്ചയദാര്‍ഢ്യമാണ്.
ഇവിടെ വിനയമെന്നാല്‍ എന്താണ്? ‘ഓഹ്, ഞാന്‍ വളരെ വിനയാന്വിതനാണ്.’ എന്ന് പറയാറുണ്ടല്ലോ. അതല്ല വിനയം. നിശ്ചയദാര്‍ഢ്യത്തോടുകൂടിയുള്ള വിനയമാണ് വേണ്ടത്. അന്തസ്സിനോടൊപ്പമുള്ള സൗഹൃദം.
ധാരാളം ആളുകള്‍ വളരെ അന്തസ്സുള്ളവരാണ്. കുലീനതയുള്ളവരാണ്. എന്നാല്‍ അവര്‍ തങ്ങളുടെ കുലീനതയ്‌ക്കൊപ്പം തന്നെ ആളുകളില്‍ നിന്ന് ഒരു അകലം കൂടി സൂക്ഷിക്കുകയും ചെയ്യുന്നു. അതേസമയം, അവര്‍ സൗഹാര്‍ദ്ദമുള്ളവരും സ്‌നേഹനിര്‍ഭരരും ആകുന്നില്ല. അതുപോലെ സ്‌നേഹവും സൗഹാര്‍ദ്ദവുമുള്ളവരാകട്ടെ, പലപ്പോഴും കുലീനരാകുന്നുമില്ല. അവരെ കണ്ടാല്‍ നൂഡില്‍സ് പോലെ വളഞ്ഞും പുളഞ്ഞുമങ്ങനെ ഇരിക്കും. ഒന്നു സങ്കല്‍പ്പിച്ചു നോക്കൂ, നൂഡില്‍സ് എല്ലാം പരസ്പരം ചേര്‍ന്നിരുന്നാല്‍ നമുക്ക് ഫോര്‍ക്ക് കൊണ്ട് അതിനെ കഴിക്കാനായി എടുക്കാനാവില്ലല്ലോ. അതൊരു കുഴമ്പുപോലിരിക്കും. അതുകൊണ്ട് ഒരു ഉപയോഗവുമില്ല. നൂഡില്‍സാണ് ഈ പറഞ്ഞതിനുള്ള ഉദാത്തമായ ഉദാഹരണം. അത് മൃദുലമായിരിക്കും; എന്നാല്‍ വേര്‍പെടുത്താനുമാവില്ല. ഒരു ദ്രാവകം പോലെയല്ല; എന്നാല്‍ അതിന് കട്ടിയുമില്ല. രണ്ടിനും ഇടയ്ക്കുള്ള ഒരു അവസ്ഥയിലാണത്.സൗഹാര്‍ദ്ദവും അന്തസ്സും, അതാണ് യഥാര്‍ത്ഥ സൗഹൃദത്തിന്റെ രഹസ്യം.
നിങ്ങള്‍ ഒരു യഥാര്‍ത്ഥ സുഹൃത്തിന്റെ അരികിലേക്ക് ഒരു പ്രശ്‌നവുമായി പോകുന്നുവെന്നിരിക്കട്ടെ. ആ കൂടിക്കാഴ്ച്ച കഴിഞ്ഞ് മടങ്ങുമ്പോള്‍ നിങ്ങള്‍ക്ക് സാന്ത്വനം അനുഭവപ്പെടണം. സാന്ത്വനം അനുഭവപ്പെടുന്നുവെങ്കില്‍ അതാണ് യഥാര്‍ത്ഥ സുഹൃത്ത്. അതാണ് യഥാര്‍ത്ഥ കൂട്ടുകാര്‍. അതേസമയം, നിങ്ങള്‍ക്ക് ഒരു പ്രശ്‌നമുണ്ടെങ്കില്‍, അതുമായി ഒരു സുഹൃത്തിനരികിലേക്ക് ചെല്ലുമ്പോള്‍ നിങ്ങള്‍ അവിടെ എത്തുമ്പോള്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ വിഷമവുമായാണ് തിരിച്ചുവരാന്‍ കഴിയുന്നതെങ്കില്‍ അയാള്‍ ഒരു നല്ല സുഹൃത്ത് ആയിരിക്കില്ല. എല്ലായ്‌പ്പോഴും ഓര്‍മ്മിക്കേണ്ട ഒരു കാര്യം ഇതാണ്- ‘എന്നെ വളരെയധികം സ്‌നേഹിക്കുന്ന ആരോ ഉണ്ട്. എല്ലായ്‌പ്പോഴും എനിക്കുവേണ്ടി കരുതുന്ന ഒരാള്‍. ഞാന്‍ ഇല്ലാതെ അതിനു നിലനില്‍പ്പില്ല. എന്റെ എല്ലാ കുറവുകളും ഇല്ലാതാക്കാന്‍ അതിനു കഴിയും.’ഇത് അറിയുമ്പോള്‍ ജീവിതത്തില്‍ ആനന്ദം ഉണ്ടാകുന്നു.

Comments

comments

Categories: FK Special