ലക്ഷ്യം പാളുന്നു; ഇതുവരെയെത്തിയത് 9.85 ലക്ഷം കോടി രൂപയുടെ അസാധുനോട്ടുകള്‍

ലക്ഷ്യം പാളുന്നു;  ഇതുവരെയെത്തിയത് 9.85 ലക്ഷം കോടി രൂപയുടെ അസാധുനോട്ടുകള്‍

ന്യൂഡെല്‍ഹി: നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിനു ശേഷം അസാധുവാക്കപ്പെട്ട 500, 1000 രൂപയുടെ നോട്ടുകളിലായി ശനിയാഴ്ച വൈകുന്നേരം വരെ ഏകദേശം 9.85 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ ബാങ്കുകളിലൂടെയും മറ്റുമായി സര്‍ക്കാരിലേക്ക് തിരികെയെത്തിയതായി ഔദ്യോഗിക വിവരം. അസാധുവാക്കിയ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള കാലാവധി ഇനിയും മൂന്നാഴ്ച കൂടി ബാക്കിയുള്ളപ്പോഴാണ് ഇത്.

നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന്, കള്ളപ്പണക്കാരുടെ കൈവശമുണ്ടെന്ന് കരുതപ്പെടുന്ന ഏകദേശം മൂന്ന് ലക്ഷം കോടി രൂപയോളം മാറ്റിയെടുക്കാനാവില്ലെന്നായിരുന്നു സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ഇതോടെ ഈ പണം നശിപ്പിക്കപ്പെടുമെന്നും സര്‍ക്കാര്‍ വിലയിരുത്തി. എന്നാല്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ പണം വെളിപ്പെട്ടതോടെ കള്ളപ്പണക്കാര്‍ വ്യത്യസ്ത മാര്‍ഗങ്ങള്‍ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിച്ചെന്ന സംശയം ബലപ്പെടുകയാണ്.

നോട്ട് നിരോധനം പ്രഖ്യാപിക്കുന്ന സമയത്ത് ആര്‍ബിഐ പുറത്തിറക്കിയ 14.6 ലക്ഷം കോടി രൂപയുടെ 500, 1000 രൂപാ നോട്ടുകളാണ് വിനിമയത്തിലുണ്ടായിരുന്നതെന്നാണ് കണക്ക്. ഇതില്‍ 20 ശതമാനത്തോളം കള്ളപ്പണമെന്ന നിലയില്‍ അപ്രത്യക്ഷമാകുമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടിയിരുന്നു. ഇത്രയും നോട്ടുകള്‍ അപ്രത്യക്ഷമാകുന്നതോടെ ആര്‍ബിഐയുടെ ബാധ്യത കുറയുമെന്നും ഇത് സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണകരമാകുമെന്നും വിലയിരുത്തല്‍ ഉണ്ടായി. എന്നാല്‍ തിരിച്ചെത്താത്ത നോട്ടുകളുടെ മൂല്യം ഡിസംബര്‍ 30ന്റെ കാലാവധി അവസാനിക്കുമ്പോള്‍ 10 ശതമാനത്തില്‍ താഴെയാകുമോയെന്ന ആശങ്കയാണ് ഇപ്പോഴുയരുന്നത്. നോട്ടു പിന്‍വലിക്കല്‍ പ്രഖ്യാപനത്തിനു ശേഷം ഒരു മാസത്തോളം പിന്നിടുമ്പോള്‍ കേരളം ബാങ്കിലെത്തിച്ചത് 36,341 കോടി രൂപയാണ്. ഇനിയും ഒരുമാസം ബാക്കിയുള്ളതിനാല്‍ 10,000 കോടിയിലേറെ രൂപ ഇനിയും ബാങ്കുകളിലേക്ക് എത്തുമെന്നാണ് കണക്കുകൂട്ടല്‍.

ജന്‍ ധന്‍ എക്കൗണ്ടുകള്‍ വഴിയും വന്‍ തുകയാണ് ബാങ്കുകളിലേക്കെത്തിയിരിക്കുന്നത്. 50,000 രൂപയ്ക്ക് മുകളില്‍ നിക്ഷേപം നടത്താന്‍ പാന്‍ കാര്‍ഡ് വേണമെന്നിരിക്കെ നിരവധി എക്കൗണ്ടുകളില്‍ 49,000 രൂപാ വീതമാണ് നിക്ഷേപം നടന്നിട്ടുള്ളതെന്നാണ് വിവരം. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ബാങ്കുകളിലെ അസ്വാഭാവികമായ നിക്ഷേപങ്ങളില്‍ പരിശോധനകളുണ്ടാകും. ആദായ നികുതി ഭേദഗതി പോലുള്ള നടപടികള്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചിക്കുന്നുണ്ട്. സോഴ്‌സ് വെളിപ്പെടുത്താത്ത സമ്പാദ്യങ്ങള്‍ക്ക് അതിന്റെ പകുതിയിലധികം നികുതി ചുമത്താനാണ് സര്‍ക്കാരിന്റെ തീരുമാനം. ജന്‍ ധന്‍ എക്കൗണ്ടുകളില്‍ നിന്നു പിന്‍വലിക്കാവുന്ന തുകയ്ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Comments

comments

Categories: Slider, Top Stories