ആര്‍ബിഐ റിപ്പോ നിരക്ക് കുറയ്ക്കണം

ആര്‍ബിഐ റിപ്പോ നിരക്ക് കുറയ്ക്കണം

നോട്ട് അസാധുവാക്കല്‍ നയത്തെ തുടര്‍ന്ന് രാജ്യത്താകമാനം വിവിധ മേഖലകളില്‍ മാന്ദ്യം നേരിട്ടിട്ടുണ്ട്. അതില്‍ നിന്നും പതിയെ കയറിവരുന്നേയുള്ളൂ പല വ്യവസായങ്ങളും. നവംബറില്‍ ഉല്‍പ്പാദന മേഖലയുടെ പ്രകടനം താഴേക്കായിരുന്നു. പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡെക്‌സ് (പിഎംഐ) ഒക്‌റ്റോബറിലെ 54.4ല്‍ നിന്നും താഴ്ന്ന് നവംബറില്‍ 52.3 ആയിരുന്നു. നോട്ട് അസാധുവാക്കല്‍ നയം വിവിധ മേഖലകളെ ബാധിച്ച തോത് മുഴുവന്‍ സ്വാംശീകരിക്കാതെയുള്ള കണക്കായാണ് ഇത് വിലയിരുത്തപ്പെടുന്നത്. അതായത് കണക്കിനെക്കാള്‍ കുറച്ചുകൂടി ആഴത്തിലാണ് വിവിധ മേഖലകളില്‍ മാന്ദ്യം അനുഭവപ്പെട്ടിരിക്കുന്നത്.

കാറുകള്‍, ജുവല്‍റി, വൈറ്റ് ഗുഡ്‌സ് തുടങ്ങിയവയുടെയെല്ലാം വില്‍പ്പനയില്‍ കാര്യമായ ഇടിവ് നേരിട്ടു. കൂടുതല്‍ പണത്തിന്റെ ഒഴുക്കുണ്ടായാല്‍ മാത്രമേ വ്യാവസായിക, റീട്ടെയ്ല്‍ മേഖലകളില്‍ ഉണര്‍വുണ്ടാകൂ. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ഈ വര്‍ഷം ഏഴ് ശതമാനത്തില്‍ താഴെപ്പോയാലും അത്ഭുതപ്പെടാനില്ലെന്നാണ് പല സാമ്പത്തിക വിദഗ്ധരുടെയും വിലയിരുത്തല്‍. നോട്ട് രഹിത സമ്പദ് വ്യവസ്ഥയിലേക്ക് മാറാനുള്ള രാജ്യത്തിന്റെ വെമ്പലില്‍ തകര്‍ന്നടിഞ്ഞ ഉപഭോക്താക്കളുടെ ചെലവിടല്‍ പഴയ സ്ഥിതിയിലെത്താന്‍ ചുരുങ്ങിയത് ആറ് മാസമെങ്കിലും വേണ്ടിവരും. 50 ദിവസത്തിനുള്ളില്‍ എല്ലാം ശരിയാകുമെന്ന് പ്രധാനമന്ത്രി ആവര്‍ത്തിക്കുന്നുണ്ടെങ്കിലും അതില്‍ വലിയ യുക്തിയില്ലെന്നതാണ് വാസ്തവം. കാര്യങ്ങള്‍ ശരിയായി വരാന്‍ കുറഞ്ഞത് മൂന്ന് മാസമെങ്കിലുമെടുക്കും. അതും കഴിഞ്ഞ് മാത്രമേ ജനങ്ങളുടെ ചെലവിടല്‍ സാധാരണ നിലയിലേക്കെത്തുകയുള്ളൂ.
ഈ പശ്ചാത്തലത്തിലാണ് അടുത്തയാഴ്ച്ച കൂടുന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ധനനയ അവലോകന യോഗം ശ്രദ്ധേയമാകുന്നത്. ചുരുങ്ങിയത് 25 ബേസിസ് പോയ്‌ന്റെങ്കിലും റിപ്പോ നിരക്കില്‍ ആര്‍ബിഐ കുറവ് വരുത്തുമെന്നാണ് പ്രതീക്ഷ.

Comments

comments

Categories: Editorial