ആര്‍ബിഐ പണനയം ബുധനാഴ്ച്ച; പലിശ കുറച്ചേക്കുമെന്ന് സൂചന

ആര്‍ബിഐ പണനയം ബുധനാഴ്ച്ച; പലിശ കുറച്ചേക്കുമെന്ന് സൂചന

 

ന്യൂഡെല്‍ഹി: നോട്ട് അസാധുവാക്കിയതിനു ശേഷം നടക്കുന്ന ആദ്യ ദ്വൈമാസ പണനയ അവലോകന യോഗം ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ചേരും. 2016-2017 സാമ്പത്തിക വര്‍ഷത്തെ അഞ്ചാമത് പണനയ അവലോകന യോഗമാണിത്. ബുധനാഴ്ച്ചയാണ് നയ പ്രഖ്യാപനം.

ഉര്‍ജിത് പട്ടേല്‍ ആര്‍ബിഐ ഗവര്‍ണറായി സ്ഥാനമേറ്റ ശേഷം നടക്കുന്ന രണ്ടാമത്തെ പണനയ അവലോകന ചര്‍ച്ചയാണ് ഈ ആഴ്ച്ച നടക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച ആറംഗ മോണിറ്ററി പോളിസി സമിതി (എംപിസി)യാണ് ഡിസംബര്‍ ഏഴിന് വെബ്‌സൈറ്റിലൂടെ നയം പുറത്തുവിടുകയെന്ന് കേന്ദ്ര ബാങ്ക് അറിയിച്ചു. നേരത്തെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ നേരിട്ടാണ് നയപ്രഖ്യാപനം നടത്തിയിരുന്നത്. ഇത് രണ്ടാം തവണയാണ് മോണിറ്ററി പോളിസി സമിതിയുടെ ശുപാര്‍ശയനുസരിച്ച് നയ പ്രഖ്യാപനം നടക്കുന്നത്. കഴിഞ്ഞതവണ അടിസ്ഥാനനിരക്കുകളില്‍ കാല്‍ ശതമാനം കുറവുവരുത്തിക്കൊണ്ടാണ് നയം പ്രഖ്യാപിച്ചത്. ഇതനുസരിച്ച് വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശയായ റിപ്പോ നിരക്ക് 6.25 ശതമാനമാണ്. വാണിജ്യ ബാങ്കുകളുടെ നിക്ഷേപത്തിന് റിസര്‍വ് ബാങ്ക് നല്‍കുന്ന പലിശയായ റിവേഴ്‌സ് റിപ്പോ 5.75 ശതമാനവും.

നോട്ട് അസാധുവാക്കിയതിനുശേഷം ബാങ്കുകളില്‍ നിക്ഷേപം കുമിഞ്ഞുകൂടിയിരിക്കുകയാണ്. പണദൗര്‍ലഭ്യം വ്യാപാര മേഖലയുള്‍പ്പെടെ രാജ്യത്തിന്റെ സാമ്പത്തിക ശേഷി അടയാളപ്പെടുത്തുന്ന എല്ലാ മേഖലകളിലും മാന്ദ്യമുണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യം കണക്കിലെടുത്ത് അടിസ്ഥാന നിരക്കുകളില്‍ കാല്‍ ശതമാനമെങ്കിലും കുറവുവരുത്താന്‍ നയരൂപീകരണ സമിതി തയാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാങ്കുകളിലെ അധിക നിക്ഷേപം പിന്‍വലിക്കുന്നതിന് കരുതല്‍ അനുപാത(കാഷ് റിസര്‍വ് റേഷ്യോ)ത്തില്‍ 100% വര്‍ധനവ് ഉള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ ആര്‍ബിഐ ഇതിനോടകം എടുത്തിട്ടുണ്ട്.

Comments

comments

Categories: Slider, Top Stories