ഡിജിറ്റല്‍ ബോധവല്‍ക്കരണം: രാജ്യത്തെ എല്ലാ പെട്രോള്‍ പമ്പുകളിലും പരിശീലകരെ അണിനിരത്തും

ഡിജിറ്റല്‍ ബോധവല്‍ക്കരണം:  രാജ്യത്തെ എല്ലാ പെട്രോള്‍ പമ്പുകളിലും പരിശീലകരെ അണിനിരത്തും

ന്യൂഡെല്‍ഹി: ഡിജിറ്റല്‍ പേമെന്റ് സംവിധാനം ഉപയോഗപ്പെടുത്തുന്നതിന് ഉപഭോക്താക്കളെ പരിശീലിപ്പിക്കാന്‍ രാജ്യത്തെ എല്ലാ പെട്രോള്‍ പമ്പുകളിലും ട്രെയ്‌നര്‍മാരെ അണിനിരത്തും. പണരഹിത സമ്പദ്‌വ്യവസ്ഥയിലേക്കുള്ള ഇന്ത്യയുടെ മാറ്റം വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

നോട്ട് നിരോധനത്തിനു ശേഷം ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിന്റെ ഭാഗമായി പെട്രോള്‍ പമ്പുകളില്‍ പഴയ നോട്ടുകള്‍ സ്വീകരിക്കാന്‍ അനുവദിച്ചിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച്ചയാണ് പെട്രോള്‍ പമ്പുകളിലും വിമാനത്താവളങ്ങളിലും പഴയ 500 രൂപാ നോട്ടുകള്‍ സ്വീകരിക്കുന്നത് നിര്‍ത്തലാക്കിയത്. ഇതു സൃഷ്ട
ിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനു വേണ്ടിയാണ് പെട്രോള്‍ പമ്പുകളില്‍ ഡിജിറ്റല്‍ സംവിധാനം ഏര്‍പ്പെടുത്തുന്നത്. ഇത്തരം സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതില്‍ ഉപഭോക്താക്കളില്‍ വലിയൊരു വിഭാഗത്തിനുള്ള അജ്ഞത കണക്കിലെടുത്താണ് പെട്രോള്‍ പമ്പുകളില്‍ ഡിജിറ്റല്‍ ബോധവല്‍ക്കരണ പരിപാടികള്‍ ആരംഭിച്ചിട്ടുള്ളത്.

പദ്ധതി നടപ്പിലാക്കുന്നതിനു വേണ്ടി എല്ലാ ഡിജിറ്റല്‍ പേമെന്റ് സേവനദാതാക്കളെയും ഒരു ബോര്‍ഡിനു കീഴില്‍ കൊണ്ടുവരുമെന്നും, ഐടി മന്ത്രാലയത്തിന്റെ കോമണ്‍ സര്‍വീസ് സെന്ററുമായി (സിഎസ്‌സി) ഇക്കാര്യത്തില്‍ ധാരണയായിട്ടുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികളുടെ റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകളില്‍ പരിശീലകരെ നിയമിക്കുക സിഎസ്‌സികളായിരിക്കും.

ഡിജിറ്റല്‍ ഇടപാടുകളിലേക്ക് ജനങ്ങളെ നയിക്കുകയെന്ന ലക്ഷ്യത്തിലേക്കെത്താന്‍ ഈ കാംപെയ്ന്‍ സഹായിക്കുമെന്നും, വകുപ്പിലെ ഇടപാടുകളില്‍ പണത്തിന്റെ ഉപയോഗം കുറച്ച് പണരഹിത സംവിധാനത്തിലേക്ക് മാറുമെന്നും പെട്രോളിയം പ്രകൃതിവാതക വകുപ്പു മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. ഡെല്‍ഹിയില്‍ ഡിജിറ്റല്‍ ബോധവത്കരണ കാംപെയ്‌നിന് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു മാസത്തിനുള്ളില്‍ ഡെല്‍ഹിയിലെ എല്ലാ റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകളിലും ഡിജിറ്റല്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും. തുടര്‍ന്ന് രാജ്യത്തെ എല്ലാ പെട്രോള്‍ പമ്പുകളെയും പദ്ധതിയുടെ ഭാഗമാക്കുമെന്നുമാണ് ഔദ്യോഗിക വിവരം. പാചകവാതക വിതരണ ശൃംഖലകളിലേക്കും ഈ കാംപെയ്ന്‍ വ്യാപിപ്പിക്കാന്‍ പദ്ധതിയുണ്ട്.

Comments

comments