പേഴ്‌സണല്‍ കംപ്യൂട്ടറുകള്‍ വിദ്യാഭ്യാസ രംഗത്തെ ഒഴിവാക്കാനാവാത്ത ഘടകം

പേഴ്‌സണല്‍ കംപ്യൂട്ടറുകള്‍ വിദ്യാഭ്യാസ രംഗത്തെ ഒഴിവാക്കാനാവാത്ത ഘടകം

 
കൊച്ചി: വിദ്യാഭ്യാസ രംഗത്ത് പേഴ്‌സണല്‍ കംപ്യൂട്ടറുകളുടെ പ്രാധാന്യം ഒഴിവാക്കാനാവാത്ത വിധത്തില്‍ വര്‍ധിച്ചു വരുന്നതായി രാജ്യത്തെ 11 സംസ്ഥാനങ്ങളിലായി നടത്തിയ സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു. ചെറുപട്ടണങ്ങളിലും സാമുഹികവും സാമ്പത്തികവുമായി താഴേക്കിടയിലുള്ളവരുടെ ഇടയിലും ഇതിനു കൂടുതല്‍ പ്രാധാന്യമുണ്ടെന്നും സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു.

ഇന്റല്‍ ഇന്ത്യ ചുമതലപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ സ്‌ക്കൂള്‍ ഓഫ് ബിസിനസിനു വേണ്ടി കാന്തര്‍ ഐ.എം.ആര്‍.ബി. തയ്യാറാക്കിയ സര്‍വ്വേ റിപ്പോര്‍ട്ടാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. തൊഴില്‍ അന്വേഷിക്കുന്നതിനും ആരോഗ്യ സംരക്ഷണ വിവരങ്ങള്‍ തെരയുന്നതിനും പേഴ്‌സണല്‍ കംപ്യൂട്ടറുകള്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ സ്മാര്‍ട്ട് ഫോണുകളെ അപേക്ഷിച്ച് ഏഴു ശതമാനം വര്‍ധനവുണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിന്റെ കാര്യത്തില്‍ ഈ സ്ഥിതി ഏറെ നിര്‍ണായകമാണ്. രാജ്യത്ത് സാര്‍വ്വജനികമായി ഡിജിറ്റല്‍ സാക്ഷരത ഉറപ്പാക്കുന്നതിലും പേഴ്‌സണല്‍ കംപ്യൂട്ടറുകള്‍ ഏറെ പ്രധാനപ്പെട്ട ഘടകമായാണ് വര്‍ത്തിക്കുന്നത്. അറിവിന്റെ അടിസ്ഥാനത്തിലുള്ള ഒരു സമ്പദ്ഘടനയായി ഇന്ത്യ ഉയര്‍ന്നു വരുന്നതും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇക്കാര്യത്തില്‍ ഡിജിറ്റല്‍ അറിവിനുള്ള പ്രാധാന്യം ഏറെ വലുതാണ്. ഉന്നത വിദ്യാഭ്യാസ രംഗത്തും വെള്ളക്കോളര്‍ ജോലികളുടെ രംഗത്തും സേവന രംഗത്തും സാങ്കേതികവിദ്യകളുടെ രംഗത്തും ഇത് കൂടുതല്‍ പ്രധാനപ്പെട്ടതാണ്. ഈ മുന്നേറ്റത്തില്‍ പങ്കാളികളാകാന്‍ പേഴ്‌സണല്‍ കംപ്യട്ടറുകളാണ് ജനങ്ങളെ പ്രാപ്തരാക്കുന്നത്.

നേതൃത്വ പാടവം, ആശയ വിനിമയം, വിശകലനാത്മകമായ ചിന്തകള്‍, ആത്മവിശ്വാസം, തീരുമാനങ്ങള്‍ കൈക്കൊള്ളല്‍, വിദ്യാഭ്യാസ രംഗത്തെ കൂടുതല്‍ വിപുലമാക്കല്‍ തുടങ്ങിയ മേഖലകളില്‍ പേഴ്‌സണല്‍ കംപ്യൂട്ടറുകള്‍ ക്രിയാത്മകമായ സ്വാധീനമാണ് ചെലുത്തുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വിദ്യാഭ്യാസ, അനുബന്ധ മേഖലകളില്‍ പേഴ്‌സണല്‍ കംപ്യൂട്ടറുകള്‍ മുന്‍ഗണന നല്‍കേണ്ട ഒരു ഡിവൈസ് ആണെന്നും സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 54 ശതമാനവും ചൂണ്ടിക്കാട്ടുന്നു. വിപുലമായ അറിവും കഴിവുകളും തേടുന്നതിനും വിദ്യാഭ്യാസ സംബന്ധിയായ വീഡിയോകളും മറ്റും ഇതിലൂടെ പ്രയോജനപ്പെടുത്തുന്നതായി 58 ശതമാനം പേര്‍ ചൂണ്ടിക്കാട്ടുന്നു. ഉന്നതി കേന്ദ്രകളിലും വനിതാ സംരംഭകരിലും സ്വയം വിദ്യാഭ്യാസം നേടുന്നവരിലും അധ്യാപകരിലും വിദ്യാര്‍ത്ഥികളിലും ഇതേ അഭിപ്രായം തന്നെയാണ്. പേഴ്‌സണല്‍ കംപ്യൂട്ടറുകള്‍ ഉപയോഗിക്കുന്നതിനും പരിശീലനം നല്‍കുന്നതിനും ഇന്റല്‍ ഇന്ത്യ സ്ഥാപിച്ച 100 ഉന്നതി കേന്ദ്രങ്ങള്‍ ഉള്ള 11 സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്ഥിതി വിവര കണക്കുകള്‍ വിശകലനം ചെയ്തുള്ള റിപ്പോര്‍ട്ടാണ് പുറത്തിറക്കിയിരിക്കുന്നത്. ഇലക്‌ട്രോണിക് ആന്റ് ഐ.ടി. വകുപ്പ് ജോയിന്റ് സെക്രട്ടറി സഞ്ജീവ് കുമാര്‍ മിത്തല്‍, ഇന്റല്‍ കോര്‍പ്പറേഷന്റെ ക്ലൈന്റ് കംപ്യൂട്ടിങ് ഗ്രൂപ്പ് സീനിയര്‍ വൈസ് പ്രസിഡന്റ് നവീന്‍ ഷേണായി, ഇന്റര്‍ ദക്ഷിണേഷ്യാ മാനേജിങ് ഡയറക്ടര്‍ ദേബജനി ഘോഷ് എന്നിവര്‍ ചേര്‍ന്നാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്.

Comments

comments

Categories: Education