പാര്‍ത്ഥിവ് പട്ടേലിനെ വിക്കറ്റ് കീപ്പറായി നിലനിര്‍ത്തി

പാര്‍ത്ഥിവ് പട്ടേലിനെ വിക്കറ്റ് കീപ്പറായി നിലനിര്‍ത്തി

 

മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മുംബൈയില്‍ നടക്കുന്ന നാലാം മത്സരത്തില്‍ ടീം ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി പാര്‍ത്ഥിവ് പട്ടേലിനെ നിലനിര്‍ത്തി. ടീം ഇന്ത്യയുടെ ചീഫ് സെലക്ടറായ എംഎസ്‌കെ പ്രസാദാണ് ഇക്കാര്യം വ്യക്തമാക്കിയത്. പരമ്പരയിലെ മൂന്നാം ടെസ്റ്റ് മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തതാണ് പാര്‍ത്ഥിവ് പട്ടേലിന് തുണയായത്.

വൃദ്ധിമാന്‍ സാഹയെ ഒന്നാം വിക്കറ്റ് കീപ്പറായി സെലക്ടര്‍മാര്‍ പരിഗണിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെ കാലിനേറ്റ പരിക്ക് ഭേദമാകാത്തതിനാലാണ് പാര്‍ത്ഥിവ് പട്ടേലിനെ ടീമില്‍ നിലനിര്‍ത്തിയത്.

എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ടീം ഇന്ത്യയില്‍ തിരിച്ചെത്തിയ പാര്‍ത്ഥിവ് പട്ടേല്‍ രാജ്‌കോട്ടില്‍ നടന്ന മൂന്നാം ടെസ്റ്റ് മത്സരത്തില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. രണ്ട് ഇന്നിംഗ്‌സുകളിലുമായി യഥാക്രമം 42, പുറത്താകാതെ 67 റണ്‍സ് വീതമാണ് നേടിയത്.

ആഭ്യന്തര ക്രിക്കറ്റില്‍ മികവ് പുലര്‍ത്തിയാല്‍ ഏതൊരു താരത്തിനും ടീം ഇന്ത്യയിലെത്താമെന്നതിന്റെ ഉദാഹരണമാണ് പാര്‍ത്ഥിവ് പട്ടേലിന്റെ കടന്നുവരവെന്ന് സീനിയര്‍ സെലക്ടറായ എംഎസ്‌കെ പ്രസാദ് പറഞ്ഞു.

അതേസമയം, മുംബൈ ടെസ്റ്റിനുള്ള പതിനാല് അംഗ ടീം ഇന്ത്യയില്‍ നിന്നും പേസ് ബൗളറായ ഇഷാന്ത് ശര്‍മയെ ഒഴിവാക്കി.
വിക്കറ്റ് കീപ്പറായി കൗമാര താരം റിഷബ് പന്റിനെ ഈയവസരത്തില്‍ പരിഗണിക്കാനാവില്ലെന്നും എംഎസ്‌കെ പ്രസാദ് അറിയിച്ചു. എന്നാല്‍ പിന്നീട് റിഷബിന് അവസരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Sports