ഒല ഒരു ദശലക്ഷം ഇലക്ട്രിക് കാറുകള്‍ നിരത്തിലിറക്കും: മസായാഷി സണ്‍

ഒല ഒരു ദശലക്ഷം ഇലക്ട്രിക് കാറുകള്‍ നിരത്തിലിറക്കും: മസായാഷി സണ്‍

ന്യുഡെല്‍ഹി: ഇലക്ട്രിക് കാര്‍ നിര്‍മാതാക്കള്‍, സര്‍ക്കാര്‍ എന്നിവരുമായി സഹകരിച്ച് ഇന്ത്യന്‍ കാബ് അഗ്രിഗേറ്റേഴ്‌സായ ഒല ഒരു ദശലക്ഷത്തോളം ഇലക്ട്രിക് കാറുകള്‍ നിരത്തിലിറക്കുമെന്നും പദ്ധതിക്കായി സോഫ്റ്റ്ബാങ്ക് ഒലയ്ക്കു സാമ്പത്തിക പിന്തുണ നല്‍കുമെന്നു. സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് ചെയര്‍മാന്‍ മസായാഷി സണ്‍. ഇന്ത്യയിലെ ഇലക്ട്രിക് വാഹന മേഖലയിലെ നിക്ഷേപകാവസരങ്ങള്‍ സോഫ്റ്റ്ബാങ്ക് പരമാവധി പ്രയോജനപ്പെടുത്തുമെന്നും വാഹനങ്ങള്‍ പ്രാദേശികമായി നിര്‍മ്മിച്ച് സര്‍ക്കാരിന്റെ മേക്ക് ഇന്‍ ഇന്ത്യ പ്രചരണ പരിപാടിയെ പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പദ്ധതിക്കായി സഹകരണം തേടികൊണ്ട് സണ്‍ ഇതിനകം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. പ്രധാനമന്ത്രി പദ്ധതിയില്‍ അതീവ താല്‍പര്യം കാണിച്ചതായും അഞ്ചു വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ഒരു ദശലക്ഷം ഇലക്ട്രിക് കാറുകള്‍ നിരത്തിലിറക്കാനുള്ള തന്റെ പദ്ധതിയെ പിന്തുണയ്ക്കുന്നതായും സണ്‍ പറഞ്ഞു. ഇത് രാജ്യത്തെ ഇലക്ട്രിക് മൊബിലിറ്റി മേഖലയില്‍ മാറ്റങ്ങളുണ്ടാക്കുമെന്നും ഇപ്പോള്‍ സാധാരണ പെട്രോള്‍, ഡീസല്‍, സിഎന്‍ജി ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന ഒല കാബുകള്‍ ഇലക്ട്രിക് വാഹനങ്ങളാകുന്നതോടെ അന്തരീക്ഷമലിനീകരണത്തിന്റെ അളവ് കുറയ്ക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

മാര്‍ച്ചില്‍ അവസാനിച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പനയില്‍ 37.5 ശതമാനം വര്‍ധനവുണ്ടായതായാണ് റിപ്പോര്‍ട്ട്. ഇലക്ട്രിക് കാറുകളുടെ ഉയര്‍ന്ന നിര്‍മ്മാണ ചെലവും ബാറ്ററി ചാര്‍ജിംഗ് സ്റ്റേഷന്‍സ് പോലുള്ള അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയും നിക്ഷേപകരെ ലഭിക്കാനുള്ള ബുദ്ധിമുട്ടുമാണ് ഈ മേഖലയില്‍ രാജ്യം നേരിടുന്ന ഒരു പ്രശ്‌നം. സോഫ്റ്റ ബാങ്ക് പോലുള്ള ഒരു ശക്തമായ നിക്ഷേപകനെ ലഭിക്കുന്നതോടെ ഈ വെല്ലുവിളികളെ അതിജീവിക്കാനാകുമെന്നാണ് കരുതുന്നത്.

ഇന്ത്യയിലെ ഇന്റര്‍നെറ്റ് അധിഷ്ഠിത സ്റ്റാര്‍ട്ടപ്പുകളിലും പിന്നീട് സോളാര്‍ ബിസിനസിലുമാണ് താന്‍ എറ്റവുമാധികം അവസരങ്ങള്‍ കാണുന്നതെന്നും സൗരോര്‍ജം ഉല്‍പ്പാദിപ്പിക്കുന്നതിനായി ഒരു സൗരോര്‍ജ പ്ലാന്റ് നിര്‍മ്മിക്കാന്‍ തങ്ങള്‍ പദ്ധതിയിടുന്നതായും സണ്‍ പറഞ്ഞു. കഴിഞ്ഞ രണ്ടു ദശാബ്ദത്തിനുള്ളില്‍ രണ്ടു ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് സോഫ്റ്റ്ബാങ്ക് ഇന്ത്യയില്‍ നടത്തിയത്. നിലവില്‍ ഒലയില്‍ 400-500 ദശലക്ഷം ഡോളറിന്റെ നിക്ഷേപമാണ് സോഫ്റ്റ്ബാങ്കിനുള്ളത്. ഒലയെകൂടാതെ സ്‌നാപ്ഡീല്‍, ാെയോ റൂമസ്, ഗ്രോഫേ്‌ഴ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയിലെല്ലാം സോഫ്റ്റ്ബാങ്കിന് നിക്ഷേപമുണ്ട്.

Comments

comments

Categories: Branding
Tags: E cabs, Ola