കൊച്ചിയിലെ ജലാശയങ്ങള്‍ മാലിന്യ വിമുക്തമാക്കാനൊരുങ്ങി നെസ്റ്റ് ഗ്രൂപ്പ്

കൊച്ചിയിലെ ജലാശയങ്ങള്‍ മാലിന്യ വിമുക്തമാക്കാനൊരുങ്ങി നെസ്റ്റ് ഗ്രൂപ്പ്

കൊച്ചി: ജലാശയങ്ങള്‍ മാലിന്യ മുക്തമാക്കുന്നതിനുള്ള നൂതന സാങ്കേതികവിദ്യ കൊച്ചിക്ക് സമ്മാനിക്കാനൊരുങ്ങി നെസ്റ്റ് ഗ്രൂപ്പ്. ജാപ്പനീസ് കമ്പനിയായ ഓഷ്യാനോ ഗ്രൂപ്പും നെസ്റ്റ് ഗ്രൂപ്പും സംയുക്തമായി നടത്തിയ ഗവേഷണങ്ങളില്‍നിന്നാണ് പുത്തന്‍ പദ്ധതിക്ക് അവസരമൊരുങ്ങിയത്. രാസവസ്തുക്കളുടെ സാന്നിദ്ധ്യമില്ലാത്ത തികച്ചും ആരോഗ്യപ്രദമായ സാങ്കേതികവിദ്യയുടെ പ്രദര്‍ശനവും വിശദീകരണവും കൊച്ചിയില്‍ നടന്നു.

ഭാവിയില്‍ മനുഷ്യരാശി നേരിടാനൊരുങ്ങുന്ന ശുദ്ധജല ക്ഷാമത്തെ മറികടക്കുകയാണ് പദ്ധതിയിലൂടെ തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് നെസ്റ്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ എന്‍. ജഹാംഗീര്‍ പറഞ്ഞു. തങ്ങളുടെ പുത്തന്‍ സാങ്കേതിക വിദ്യയിലൂടെ രൂപം നല്‍കുന്ന നാനോ കുമിളകള്‍ക്ക് എത്ര വലിയ ജലാശയങ്ങളെയും ശുദ്ധീകരിക്കാന്‍ സാധിക്കും. തേവര പേരാന്തൂര്‍ കനാലില്‍ നടത്തിയ പരീക്ഷണം പൂര്‍ണ വിജയമായതില്‍ പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തുടര്‍ന്ന് ജലം ശുദ്ധീകരിക്കുന്ന സാങ്കേതിക വിദ്യയുടെ പ്രവര്‍ത്തനത്തെ കുറിച്ചുള്ള വിവരണം ഓഷ്യാനോ ഗ്രൂപ്പ് അംഗമായ ജാപ്പനീസ് ഗവേഷകന്‍ ജുന്‍ കുബൊ വിശദീകരിച്ചു. പല ലോകരാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും കൊച്ചിയിലെ ഇത്രയും മോശമായ ജലാശയങ്ങള്‍ താന്‍ കണ്ടിട്ടില്ലെന്ന് വ്യക്തമാക്കിയ കുബൊ, ജലാശയ സംരക്ഷണത്തിന്റെ ആവശ്യകതകള്‍ ചൂണ്ടിക്കാട്ടി. ദിനംപ്രതി മലിനമായിക്കൊണ്ടിരിക്കുന്ന കൊച്ചിയിലെ പ്രധാന ജലാശയമായ പേരാന്തൂര്‍ കനാലിനെ പൂര്‍ണമായും ശുദ്ധമാക്കാന്‍ തങ്ങളുടെ സാങ്കേതിക വിദ്യയ്ക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജലാശയത്തില്‍ സ്ഥാപിക്കുന്ന നാനോ ബബിള്‍ ജനറേറ്ററുകളാണ് ഇതിന് സഹായിക്കുക. ഇത്തരം ജനറേറ്ററുകള്‍ പുറംതള്ളുന്ന നാനോ കുമിളകള്‍ക്ക് ജലാശയത്തിലെ അഴുക്കുകളെ ആകര്‍ഷിക്കുന്നതിനുള്ള പ്രത്യേക കാന്തികശക്തി ഉണ്ടായിരിക്കും. അവ അഴുക്കിനെ വേര്‍പെടുത്തി ജലം ശുദ്ധമാക്കുന്നു. ബബിള്‍ ജനറേറ്ററുകളുടെ പ്രവര്‍ത്തനത്തിനാകട്ടെ വളരെ കുറച്ച് ഊര്‍ജ്ജത്തിന്റെ പിന്തുണ മതിയാകും. 400 മീറ്റര്‍ അകലത്തില്‍ സമാനമായ 20 യൂണിറ്റുകള്‍ സ്ഥാപിച്ചാല്‍ പേരാന്തൂര്‍ കനാലിനെ പൂര്‍ണമായും മാലിന്യവിമുക്തമാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓഷ്യാനോ ഗ്രൂപ്പ് അംഗങ്ങളായ മസാനോരി യമാഡ, തെപ്പേയ് യമാഡ എന്നിവരും വേദിയില്‍ സന്നിഹിതരായിരുന്നു.
കൊച്ചിയുടെ മുഖച്ഛായ മാറ്റിയെഴുതാന്‍ കെല്‍പ്പുള്ള ആശയമെന്നാണ് പദ്ധതിയെ എം.പി പ്രൊഫ. കെ.വി തോമസ് വിശേഷിപ്പിച്ചത്. ജനങ്ങള്‍ ബുദ്ധിമുട്ട് നേരിടുന്ന മേഖലയാണ് ശുദ്ധജലക്ഷാമം. സാമൂഹിക പ്രതിബദ്ധതയോടെയുള്ള നെസ്റ്റ് ഗ്രൂപ്പിന്റെ ഇടപെടലിനെ അഭിനന്ദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊച്ചിക്ക് ആശാവഹമായ പദ്ധതിയാണ് നെസ്റ്റ് ഗ്രൂപ്പ് ആവിഷ്‌ക്കരിച്ചിരിക്കുന്നതെന്ന് മേയര്‍ സൗമിനി ജെയ്ന്‍ അഭിപ്രായപ്പെട്ടു. കൊച്ചിയിലെ ജലാശയങ്ങളെ മാലിന്യമുക്തമാക്കാന്‍ നഗരസഭ മുന്‍കൈ എടുക്കാറുണ്ടെങ്കിലും പൂര്‍ണമായും വിജയത്തിലെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. നാനോ ബബിള്‍ ജനറേറ്ററിന്റെ പ്രവര്‍ത്തനത്തില്‍ പ്രതീക്ഷ പ്രകടിപ്പിച്ച മേയര്‍, പദ്ധതി പൂര്‍ണ വിജയത്തിലെത്തിയാല്‍ കൊച്ചിക്കുണ്ടാവുക വന്‍ നേട്ടമാണെന്നും ചൂണ്ടിക്കാട്ടി.

ദൈവത്തിന്റെ സ്വന്തം നാടെന്ന കേരളത്തിന്റെ വിളിപ്പേര് യാഥാര്‍ത്ഥ്യമാക്കാന്‍ നെസ്റ്റിന്റെ ആശയങ്ങള്‍ക്ക് കെല്‍പ്പുണ്ടെന്നായിരുന്നു പി.ടി തോമസ് എം.എല്‍.എയുടെ പ്രതികരണം. ജലാശയങ്ങളെ മാലിന്യ വിമുക്തമാക്കുന്നതിനുള്ള നെസ്റ്റ് ഗ്രൂപ്പിന്റെ പദ്ധതി കൊച്ചിയില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ ആലപ്പുഴപോലെ ശുദ്ധജല ലഭ്യതക്കുറവുള്ള ജില്ലകളിലേക്കും വ്യാപിപ്പിക്കണമെന്ന് അരൂര്‍ എം.എം.എ എ.എം. ആരിഫ് അഭിപ്രായപ്പെട്ടു. ചടങ്ങില്‍ ഹൈബി ഈഡന്‍ എം.എല്‍.എ, ആശാ സുനില്‍(ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്), പൊല്യൂഷന്‍ കണ്‍ട്രോള്‍ എക്‌സിക്യൂട്ടീവ്‌സ്, ഉറുംമ്പത്ത്(കെ.എം.എ പ്രസിഡന്റ്) , നെസ്റ്റ് ഗ്രൂപ്പ്, ഓഷ്യാനോ ഗ്രൂപ്പ് അംഗങ്ങള്‍, സാമൂഹിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Comments

comments

Categories: Branding