എംഎംടിസി യുടെ 15% ഓഹരി വില്‍ക്കാന്‍ കേന്ദ്രം തയാറെടുക്കുന്നു

എംഎംടിസി യുടെ 15% ഓഹരി വില്‍ക്കാന്‍ കേന്ദ്രം തയാറെടുക്കുന്നു

വഡോദര: പൊതുമേഖലാ സ്ഥാപനമായ എംഎംടിസി (മെറ്റല്‍ ആന്‍ഡ് മിനറല്‍സ് ട്രേഡിംഗ് കോര്‍പ്പറേഷന്‍)യുടെ 15 ശതമാനം ഓഹരികള്‍ നടപ്പു സാമ്പത്തിക വര്‍ഷം വില്‍പ്പന നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നു. എംഎംടിസി ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ വേദ് പ്രകാശാണ് ഇക്കാര്യം അറിയിച്ചത്.

സര്‍ക്കാര്‍ പദ്ധതി പ്രകാരം കമ്പനിയുടെ 15 ശതമാനം ഓഹരികള്‍ വില്‍പ്പന നടത്താന്‍ തയാറാണെന്നും, ഇതിലൂടെ സര്‍ക്കാര്‍ ഖജനാവിലേക്ക് വലിയൊരു തുക എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വേദ് പ്രകാശ് പറഞ്ഞു. എന്നാല്‍ ഓഹരി വില്‍പ്പനയിലൂടെ സ്വരൂപിക്കാന്‍ പോകുന്ന തുക സംബന്ധിച്ച് വ്യക്തമാക്കാന്‍ അദ്ദേഹം തയാറായില്ല. നിലവില്‍ 89.93 ശതമാനം ഓഹരി പങ്കാളിത്തമാണ് എംഎംടിസിയില്‍ സര്‍ക്കാരിനുള്ളത്. സെബി (സ്റ്റോക് എക്‌സ്‌ചേഞ്ച് സെക്യൂരിറ്റീസ് ബോര്‍ഡ് ഓഫ് ഇന്ത്യ)യുടെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടായിരിക്കും ഓഹരി വില്‍പ്പന നടത്തുക. എല്ലാ പെതുമേഖലാ സ്ഥാപനങ്ങളിലും സര്‍ക്കാരിന് കുറഞ്ഞത് 25 ശതമാനം പങ്കാളിത്തമാണ് സെബി നിര്‍ബന്ധമാക്കിയിട്ടുള്ളത്.

ഇതിനുമുന്‍പ് 2013 ജൂണിലാണ് എംഎംടിസിയുടെ 9.33 ശതമാനം ഓഹരികള്‍ സര്‍ക്കാര്‍ വില്‍പ്പന നടത്തിയത്. ഇതിലൂടെ ഏകദേശം 570 കോടി രൂപയാണ് സര്‍ക്കാര്‍ ഖജനാവിലേക്കെത്തിയത്. കുറച്ച് മാസം മുന്‍പ് എംഎംടിസിയുടെയും സ്റ്റേറ്റ് ട്രേഡിംഗ് കോര്‍പ്പിന്റെയും ഓഹരി വിറ്റഴിക്കുന്നതിനു വേണ്ടി ബാങ്കര്‍മാരെ നിയമിക്കുന്നതായും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

Comments

comments

Categories: Branding
Tags: MMTC, share, to sell