ജീവിതത്തിലെ നഷ്ടങ്ങളെ എങ്ങനെ നേട്ടങ്ങളാക്കാം

ജീവിതത്തിലെ നഷ്ടങ്ങളെ  എങ്ങനെ നേട്ടങ്ങളാക്കാം

ജോബിന്‍ എസ് കൊട്ടാരം

ഒരു ദ്വീപില്‍ ഒരു മരം ഒറ്റയ്ക്കു നിന്നിരുന്നു. നിറയെ ഇലകളുമായി ആ കൊച്ചു ദ്വീപില്‍ തനിച്ചു നിന്നിരുന്ന മരം വളരെ സന്തോഷവാനുമായിരുന്നു. പച്ചിലകള്‍ ഇടതൂര്‍ന്നു നിന്നിരുന്ന മരത്തിലെ ഒരു ഇലയുടെ നിറത്തില്‍ ഒരു ദിവസം ചെറിയൊരു മാറ്റം കണ്ടു. പതിയെ പതിയെ ആ ഇലയുടെ നിറം തവിട്ടാകാന്‍ തുടങ്ങി. വൈകാതെ മരത്തില്‍ നിന്നും ആ ഇല കൊഴിഞ്ഞ് താഴേക്കുപോയി.
ആദ്യമായിട്ടായിരുന്നു ആ മരത്തില്‍ നിന്നും ഒരില കൊഴിയുന്നത്. അതോടെ മരത്തിന്റെ മനസില്‍ ആശങ്കയുടെ വിത്തുകള്‍ മുളപൊട്ടി. വൈകാതെ അടുത്ത ഇലയുടെ നിറവും മാറിത്തുടങ്ങി. ഏറെ താമസിയാതെ ആ ഇലയും വാടിക്കൊഴിഞ്ഞ് നിലംപതിച്ചു. അതോടെ മരത്തിന്റെ ആശങ്കകൂടി. താന്‍ മരിക്കാന്‍ പോവുകയാണെന്ന ചിന്ത മരത്തില്‍ ശക്തമായി. അതുവരെ സന്തോഷവാനായിരുന്നു മരം പതിയെ വിഷാദത്തിലേക്കു വഴുതിവീണു. പൊഴിഞ്ഞുപൊയ്‌ക്കൊണ്ടിരുന്ന തന്റെ ഓരോ ഇലകളും ആ മരം എണ്ണിത്തുടങ്ങി. 1,2,3,4… എന്നിങ്ങനെ തൊണ്ണൂറാമത്തെ ഇലയും പൊഴിഞ്ഞത് മരം എണ്ണി. അതോടെ മരത്തിന്റെ ഊര്‍ജ്ജസ്വലതയെല്ലാം കുറഞ്ഞു തുടങ്ങി.
സദാ ദുഃഖത്തില്‍ നിന്നിരുന്ന മരത്തിന്റെയടുക്കലേക്ക് ഒരു ദിവസം ഒരു കുരുവി കടന്നു ചെന്നു.
”എന്തുപറ്റി ? എന്താ ഇങ്ങനെ ദുഃഖിച്ചിരിക്കുന്നത് ?”-കുരുവി തിരക്കി.
”അതോ, കണ്ടില്ലേ, എന്റെ ഇലകളെല്ലാം കൊഴിഞ്ഞു പോകുന്നത്. ഇതുവരെ 90 ഇലകള്‍ കൊഴിഞ്ഞു. എന്റെ ജീവിതം അവസാനിക്കാറായി.”
”അതാണോ കാര്യം. ഇനി അവശേഷിക്കുന്ന ഇലകള്‍ എത്രയുണ്ടെന്ന് ഒന്ന് എണ്ണാമോ?” കുരുവി മരത്തോട് ചോദിച്ചു.
പിന്നെന്താ എന്നു പറഞ്ഞ് മരം തന്റെ ശിഖരങ്ങളില്‍ അവശേഷിക്കുന്ന ഇലകള്‍ എണ്ണാന്‍ തുടങ്ങി. കണക്കെടുപ്പ് 300 ആയപ്പോഴേക്കും മരത്തിന് മടുത്തു. ”ഹൊ, ഇത് ആയിരത്തോളം ഇലകള്‍ കാണും. എണ്ണി, എണ്ണി ഞാന്‍ മടുത്തു.”- മരം കുരുവിയോട് പറഞ്ഞു.
”നിനക്ക് നഷ്ടപ്പെട്ടത് വെറും 90 ഇലകള്‍ മാത്രമാണ്. ഇപ്പോഴും ആയിരത്തോളം ഇലകള്‍ നിന്നില്‍ ബാക്കിയുണ്ട്. എന്നിട്ടും നഷ്ടപ്പെട്ടവയെ ഓര്‍ത്ത് നീ ദുഃഖിക്കുന്നു. നിന്നിലുള്ളവയെ നീ കാണുന്നുമില്ല. നമുക്ക് നഷ്ടങ്ങളുണ്ടാകുമ്പോള്‍ നാം അവ മാത്രം എണ്ണിക്കൊണ്ടിരിക്കുന്നു. അനുഗ്രഹങ്ങളെ വിസ്മരിക്കുന്നു. ഇലകള്‍ പൊഴിഞ്ഞുപോയ ശിഖരത്തിലേക്ക് നീ ഒന്നു സൂക്ഷിച്ചു നോക്കൂ.”- കുരുവി മരത്തോട് ആവശ്യപ്പെട്ടു.
”ഞാനൊന്നും കാണുന്നില്ല”
”ഒന്നു കൂടി സൂക്ഷിച്ചു നോക്കൂ.”പുതിയ ചില ഇലകള്‍ അവിടെ നാമ്പെടുക്കുന്ന കാഴ്ചയാണ് മരം കണ്ടത്. ”നമ്മുടെ ജീവിതത്തില്‍ പുതിയ ചില കാര്യങ്ങളുണ്ടാകാന്‍ സ്ഥലം ആവശ്യമാണ്. നിലവിലുള്ള ഇലകള്‍ അവയുടെ ദൗത്യം പൂര്‍ത്തിയാക്കി കൊഴിഞ്ഞു താഴേക്കു പതിക്കുമ്പോള്‍ പുത്തന്‍ ഇലനാമ്പുകള്‍ ആ സ്ഥാനത്തു പിറക്കുന്നു. അതിനാല്‍ ഒരു നഷ്ടം മറ്റൊരു സൃഷ്ടിക്ക് വഴിമാറുകയാണിവിടെ.”- കുരുവി പറഞ്ഞു.
”ഈ ഇലകള്‍ എവിടേക്കാണ് പോകുന്നത് ?”- കുരുവി മരത്തോടു ചോദിച്ചു.
”അവ എന്റെ ചുവട്ടില്‍ വീണുചീയുന്നു.” മരം ഉത്തരം നല്‍കി.
”ചീഞ്ഞശേഷം അവയ്‌ക്കെന്തുപറ്റും ?”
”അവ എനിക്കു തന്നെ വളമാകുന്നു” -മരം മറുപടി പറഞ്ഞു.
നിന്നില്‍ നിന്നു നഷ്ടപ്പെട്ടവ മറ്റൊരു തരത്തില്‍ നിനക്ക് വളമായി നിന്റെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നു. അതുകൊണ്ട് ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നഷ്ടങ്ങളൊന്നും ആത്യന്തിക നഷ്ടങ്ങളല്ല. മറിച്ച് അവ ഭാവിയില്‍ നമ്മെ കൂടുതല്‍ ഉയര്‍ച്ചയിലേക്കു നയിക്കുന്ന നേട്ടങ്ങളാണ്. ഈ കാഴ്ചപ്പാടുണ്ടെങ്കില്‍ ജീവിതത്തിലെ ഓരോ നഷ്ടങ്ങളിലും ദുഃഖിച്ച് തളരാതെ അവയില്‍ മറഞ്ഞു കിടക്കുന്ന നേട്ടങ്ങളുടെ നാമ്പുകള്‍ നമുക്ക് കാണാന്‍ കഴിയും. ഒന്ന് നഷ്ടപ്പെടുമ്പോഴോ ഉപേക്ഷിക്കേണ്ടി വരുമ്പോഴോ ആഗ്രഹിച്ചത് ലഭിക്കാതിരിക്കുമ്പോഴോ, നമുക്ക് ആ നഷ്ടങ്ങളെ എങ്ങനെ ജീവിതത്തിലെ പിന്നീടുള്ള ഉയര്‍ച്ചയ്ക്ക് വളമാക്കി മാറ്റാമെന്ന് ചിന്തിക്കാം. അതിനായി പ്രവര്‍ത്തിക്കാം. പുത്തന്‍ ലക്ഷ്യങ്ങള്‍ എത്തിപ്പിടിക്കാം. വിജയാശംസകള്‍…

 

Comments

comments

Categories: FK Special