ഐടിസി ഒഡീഷയില്‍ 800 കോടി നിക്ഷേപിക്കും

ഐടിസി ഒഡീഷയില്‍ 800 കോടി നിക്ഷേപിക്കും

ന്യൂഡെല്‍ഹി: സംയോജിത കണ്‍സ്യൂമര്‍ ഗുഡ്‌സ് നിര്‍മാണ യൂണിറ്റും പഞ്ച നക്ഷത്ര ഹോട്ടലും സ്ഥാപിക്കുന്നതിന് ഐടിസി ഒഡീഷയില്‍ 800 കോടി രൂപയുടെ നിക്ഷേപം നടത്തും.
ഖോദ്ര ജില്ലയില്‍ 700,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് കണ്‍സ്യൂമര്‍ ഗുഡ്‌സ് നിര്‍മാണ പ്ലാന്റ് സ്ഥാപിക്കുക. ആശീര്‍വാദ്, ബിന്‍ഗോ, സണ്‍ഫീസ്റ്റ്, യിപ്പി തുടങ്ങിയ ബ്രാന്‍ഡിലെ ഉല്‍പ്പന്നങ്ങള്‍ ഇവിടെ നിന്ന് പുറത്തിറക്കും. കൂടാതെ വെല്‍ക്കം ഹോട്ടല്‍ ബ്രാന്‍ഡിനു കീഴില്‍ ഭുവനേശ്വറില്‍ 110 റൂമുകളുള്ള പഞ്ച നക്ഷത്ര ഹോട്ടലും തുറക്കും. രണ്ട് സംരംഭങ്ങള്‍ക്കുമായി ഏകദേശം 800 കോടി രൂപ നിക്ഷേപിക്കും-ഐടിസി പ്രസ്താവനയില്‍ അറിയിച്ചു. 30 മാസങ്ങള്‍ക്കുള്ളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും. ഭക്ഷ്യ സംസ്‌കരണ വിഭാഗത്തിലെ ഐടിസിയുടെ നിക്ഷേപം സംസ്ഥാനത്തിന്റെ കാര്‍ഷിക മേഖലയില്‍ നിര്‍ണായക സ്വാധീനം ചെലുത്തും. ഭക്ഷ്യ ശൃംഖലയില്‍ മത്സരക്ഷമത സൃഷ്ടിക്കല്‍, സുസ്ഥിരമായ കൃഷിയുടെ പ്രോത്സാഹനം, കാര്‍ഷിക മാലിന്യങ്ങളുടെ അളവ് കുറയ്ക്കല്‍, നിലവാരമുള്ള ജീവിത സാഹചര്യമൊരുക്കല്‍ എന്നിവയിലൂടെ സംസ്ഥാനത്തിന് മികച്ച സംഭാവനകള്‍ നല്‍കാന്‍ ഭക്ഷ്യ സംസ്‌കരണ വിഭാഗത്തിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രസ്താവന കൂട്ടിച്ചേര്‍ത്തു. രണ്ട് പ്രധാന പദ്ധതികള്‍ക്കാണ് ഐടിസി നിക്ഷേപം നടത്തുന്നത്. അവയ്ക്ക് ഒഡീഷ സര്‍ക്കാര്‍ നല്‍കിവരുന്ന പിന്തുണയില്‍ കമ്പനി സന്തുഷ്ടരാണ്-ഐടിസിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സഞ്ജീവ് പുരി പറഞ്ഞു.
ഒഡീഷയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഐടിസി. ഐടിസിയുടെ എഫ്എംസിജി ബിസിനസ് സംസ്ഥാനത്തെ ഏഴ് ലക്ഷത്തോളം വരുന്ന കര്‍ഷകര്‍ക്ക് പിന്തുണ നല്‍കിവരുന്നു.

Comments

comments

Categories: Branding