ഹാര്‍ട്ട് ഓഫ് ഏഷ്യ കോണ്‍ഫറന്‍സ്: ഇന്ത്യ-അഫ്ഗാന്‍ സഹകരണം വര്‍ധിപ്പിക്കാന്‍ മോദി-ഗാനി ചര്‍ച്ച

ഹാര്‍ട്ട് ഓഫ് ഏഷ്യ കോണ്‍ഫറന്‍സ്:  ഇന്ത്യ-അഫ്ഗാന്‍  സഹകരണം വര്‍ധിപ്പിക്കാന്‍ മോദി-ഗാനി ചര്‍ച്ച

 

അമൃത്‌സര്‍: വികസനം, പ്രതിരോധം, സുരക്ഷ തുടങ്ങിയ മേഖലകളില്‍ അഫ്ഗാനിസ്ഥാനും ഇന്ത്യയും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗാനിയും ചര്‍ച്ച ചെയ്തു. അമൃത്‌സറില്‍ നടന്ന ഹാര്‍ട്ട് ഓഫ് ഏഷ്യ കോണ്‍ഫറന്‍സിന്റെ ഉദ്ഘാടനവേളയിലാണ് വ്യാപാരവും നിക്ഷേപവും ഉള്‍പ്പെടെയുള്ള പ്രധാന വിഷയങ്ങള്‍ സംബന്ധിച്ച് ഇരുവരും ചര്‍ച്ച നടത്തിയത്.

അഫ്ഗാനും ഇന്ത്യയും തമ്മിലുള്ള എയര്‍ കാര്‍ഗോ കരാറില്‍ ഉടന്‍ അന്തിമ തീരുമാനത്തിലെത്തുമെന്ന സൂചനയാണ് ഔദ്യോഗികവൃത്തങ്ങള്‍ നല്‍കുന്നത്. ഇരു രാഷ്ടങ്ങളും തമ്മിലുള്ള വ്യാപാരം ശക്തിപ്പെടുത്തുന്നതിനു വേണ്ടി പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള നിരവധി പദ്ധതികളും ഇന്ത്യയും അഫ്ഗാനും ആസൂത്രണം ചെയ്യുന്നുണ്ട്. ഇറാനിലെ ചഹബര്‍ തുറമുഖം വഴി ഗതാഗത ഇടനാഴി വികസിപ്പിക്കുന്നതിനു വേണ്ടി കഴിഞ്ഞ മേയില്‍ ഇന്ത്യയും ഇറാനും അഫ്ഗാനിസ്ഥാനും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ചിരുന്നു. ഈ പദ്ധതിയില്‍ ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള പങ്കാളിത്തത്തെ കുറിച്ച് ഗാനി പ്രത്യേകം പരാമര്‍ശിച്ചു.

അഫ്ഗാനിസ്ഥാനില്‍ സമാധാനവും സ്ഥിരതയും ഉറപ്പുവരുത്തുന്നതിനുള്ള ഇന്ത്യയുടെ പിന്തുണ വരും കാലങ്ങളിലും തുടരുമെന്ന് മോദി ഉറപ്പുനല്‍കി. അടിസ്ഥാന സൗകര്യവികസനത്തിന് ഇന്ത്യ നല്‍കിയ പിന്തുണയ്ക്ക് അഷ്‌റഫ് ഗാനി നന്ദി അറിയിച്ചു. സുതാര്യവും ഒരുതരത്തിലുള്ള ചരടുകളില്ലാത്തതുമായിരുന്നു ഇന്ത്യയുടെ സഹായമെന്നാണ് അദ്ദേഹം പ്രതികരിച്ചത്. അഫ്ഗാന്‍ ജനതയുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇന്ത്യയുടെ സഹായമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വര്‍ധിച്ചുവരുന്ന ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. രാജ്യം ഭീകരവാദത്തിന്റെ നിഴലിലാണെന്നും, യുഎന്‍ സ്ഥിരീകരിച്ച എകദേശം മുപ്പതോളം തീവ്രവാദ സംഘടനകള്‍ അഫ്ഗാനിസ്ഥാനില്‍ അടിത്തറ തീര്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തി കടന്നുള്ള ഭീകരവാദം വലിയൊരു ഭീഷണിയാണെന്നും അതിനെതിരെ ഒന്നിച്ചു പൊരുതണമെന്നും പാക്കിസ്ഥാനെതിരെ ശബ്ദമുയര്‍ത്തി അദ്ദേഹം ആവശ്യപ്പെട്ടു. ഈ പിന്തുണ വാക്കുകളിലൊതുങ്ങാതെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തികവും അല്ലാതെയുമുള്ള സഹായം നല്‍കുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്ന് മോദി ചൂണ്ടിക്കാട്ടി.

Comments

comments

Categories: Slider, Top Stories